#fathimathahiliya | 'തട്ടം കാണുമ്പോൾ അലർജി തോന്നുന്നത് സംഘികൾക്ക് മാത്രമല്ല, കാവി കമ്മ്യൂണിസ്റ്റുകള്‍ക്ക് കൂടി' -ഫാത്തിമ തെഹ്‌ലിയ

#fathimathahiliya | 'തട്ടം കാണുമ്പോൾ അലർജി തോന്നുന്നത് സംഘികൾക്ക് മാത്രമല്ല, കാവി കമ്മ്യൂണിസ്റ്റുകള്‍ക്ക് കൂടി' -ഫാത്തിമ തെഹ്‌ലിയ
Oct 3, 2023 12:01 PM | By Athira V

കോഴിക്കോട്: ( truevisionnews.in ) സിപിഎം സംസ്ഥാന കമ്മിറ്റി അംഗം കെ.അനില്‍ കുമാറിന്റെ തട്ടം പരാമര്‍ശത്തില്‍ പ്രതികരണവുമായി എംഎസ്എഫ് മുന്‍ ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തെഹ്‌ലിയ. തട്ടം കാണുമ്പോള്‍ അലര്‍ജി തോന്നുന്നത് സംഘികള്‍ക്ക് മാത്രമല്ലെന്നും കാവി കമ്മ്യൂണിസ്റ്റുകള്‍ക്ക് കൂടിയാണെന്ന് ഫാത്തിമ പറഞ്ഞു.

'ഇസ്ലാം മതവിശ്വാസികള്‍ പ്രാകൃതരാണ്, ആറാം നൂറ്റാണ്ടിലെ ബോധം പേറുന്നവരാണ് എന്നും മനുഷ്യന്‍ ആവണമെങ്കില്‍ മതം ഉപേക്ഷിക്കണം എന്നും സി.പി.എം ഇത്രയും നാള്‍ ഒളിഞ്ഞു മാത്രമാണ് പറഞ്ഞിരുന്നത്. ഇപ്പോള്‍ അത് തെളിയിച്ചു പറഞ്ഞിരിക്കുന്നു അവരെന്ന് ഫാത്തിമ പറഞ്ഞു.

'തട്ടം ഉപേക്ഷിക്കുന്ന പെണ്‍കുട്ടികള്‍ തങ്ങളുടെ പ്രവര്‍ത്തന നേട്ടമായി ആഘോഷിക്കുന്ന സി.പി.എം എത്ര മാത്രം ഇസ്ലാമോഫോബിയ പേറുന്നവരാണ്? തട്ടം കാണുമ്പോള്‍ അലര്‍ജി തോന്നുന്നത് സംഘികള്‍ക്ക് മാത്രമല്ല, കാവി കമ്മ്യൂണിസ്റ്റ്കള്‍ക്ക് കൂടിയാണ്. കേരളത്തിലെ ആര്‍.എസ്.എസിന്റെ എ ടീം സി.പി.എം ആണ്.' ബി.ജെ.പി കേരളത്തില്‍ ആര്‍.എസ്.എസിന്റെ ബി ടീം മാത്രമാണെന്നും ഫാത്തിമ പറഞ്ഞു.

അനില്‍ കുമാറിന്റെ പ്രസ്താവനക്കെതിരെ വിമര്‍ശനവുമായി സമസ്തയും രംഗത്തെത്തി. സിപിഎമ്മിന്റെ ഇരട്ടത്താപ്പ് പുറത്തായെന്ന് അബ്ദു സമദ് പൂക്കോട്ടൂര്‍ പ്രതികരിച്ചു. വോട്ട് ബാങ്ക് ലക്ഷ്യമിട്ടാണ് സിപിഎം ന്യൂനപക്ഷങ്ങളോട് അടുക്കുന്നതെന്നും കമ്യൂണിസത്തിന്റെ അടിസ്ഥാനം മതനിഷേധമെന്നും അദ്ദേഹം പറഞ്ഞു.

അനില്‍ കുമാറിന്റെ പ്രസ്താവന ഒറ്റപ്പെട്ടതാണെന്ന് കരുതാനാവില്ലെന്ന് മുന്‍ എംഎല്‍എയും ലീഗ് നോതാവുമായ കെഎം ഷാജി പറഞ്ഞു. കാലങ്ങളായി വിശ്വാസികള്‍ക്കും വിശ്വാസത്തിനും എതിരായ നിരവധി അജണ്ടകള്‍ പദ്ധതികളാക്കി നടപ്പില്‍ വരുത്തുന്ന സി.പി.എമ്മിന് രണ്ടു തരം പോളിറ്റ് ബ്യൂറോകള്‍ ഉണ്ടെന്ന് ഷാജി പറഞ്ഞു.

ഈ കമ്യൂണിസം നിഷ്‌കളങ്കമാണെന്ന് ഇനിയും നിഷ്‌കളങ്കമായി വിശ്വസിക്കണോ വിശ്വാസി സമൂഹമോയെന്നും ഷാജി ചോദിച്ചു. കഴിഞ്ഞദിവസം തിരുവനന്തപുരത്തെ യുക്തിവാദി സംഘടന സംഘടിപ്പിച്ച നാസ്തിക സമ്മേളനത്തിലായിരുന്നു അനില്‍ കുമാറിന്റെ പ്രസ്താവന.

തട്ടം വേണ്ടെന്ന് പറയുന്ന പെണ്‍കുട്ടികള്‍ മലപ്പുറത്തുണ്ടായത് കമ്യൂണിസ്റ്റ് പാര്‍ട്ടി കേരളത്തില്‍ വന്നതിന്റെ ഭാഗമായിട്ടാണെന്നായിരുന്നു അനില്‍കുമാറിന്റെ പരാമര്‍ശം. മുസ്ലിം സ്ത്രീകള്‍ പട്ടിണി കിടക്കുന്നില്ലെങ്കില്‍ അതിന് നന്ദി പറയേണ്ടത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയോടാണെന്നും അനില്‍ കുമാര്‍ പറഞ്ഞിരുന്നു.

#fathimathahiliya #reaction #cpim #leader #kanilkumars #statement

Next TV

Related Stories
Top Stories










Entertainment News