അമൃത്സർ: ( truevisionnews.in ) ജലന്ധറിൽ പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പെൺമക്കളെ കൊന്ന കേസിൽ മാതാപിതാക്കൾ അറസ്റ്റിൽ. മക്‌സുദാൻ സ്വദേശികളായ സുശീൽ മണ്ഡൽ, ഇയാളുടെ ഭാര്യയായ മീനു എന്നിവരാണ് അറസ്റ്റിലായത്. വീടിനുള്ളില്‍ ഇരുമ്പുപെട്ടിക്കുളളിൽ ഒളിപ്പിച്ച നിലയിലായിരുന്നു സഹോദരിമാരുടെ മൃതദേഹങ്ങൾ.

അമൃത കുമാരി (9), ശക്തി കുമാരി (7), കഞ്ചൻ കുമാരി (4) എന്നീ കുട്ടികളാണ് കൊല്ലപ്പെട്ടത്. ചെലവ് വഹിക്കാൻ കഴിയാത്തതിനെ തുടർന്ന് കുട്ടികളെ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് വിവരം. പാലിൽ വിഷം കലക്കി കൊടുത്ത് ആണ് കുട്ടികളെ കൊലപ്പെടുത്തിയത്. ശേഷം ഇരുമ്പുപെട്ടിക്കുളളിൽ മൃതദേഹം ഒളിപ്പിച്ചുവെക്കുകയായിരുന്നു.
കുട്ടികളെ കാണാതായതായി മാതാപിതാക്കൾ തന്നെ പരാതി നൽകിയിരുന്നു. ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോൾ മക്കൾ വീട്ടിലുണ്ടായിരുന്നില്ല എന്നായിരുന്നു മാതാപിതാക്കൾ പറഞ്ഞിരുന്നത്. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് എത്തി അന്വേഷണം നടത്തിയിരുന്നു.
ഞായറാഴ്ച പെൺകുട്ടികൾ വീട്ടുമുറ്റത്ത് കളിക്കുന്നതായി കണ്ടിരുന്നുവെന്ന് പ്രദേശവാസികളായ കുട്ടികൾ പൊലീസിനോട് പറഞ്ഞതായി സീനിയർ പോലീസ് സൂപ്രണ്ട് മുഖ്വിന്ദർ സിംഗ് ഭുള്ളർ പറഞ്ഞു. വീടിനകത്ത് പരിശോധന നടത്തിയപ്പോൾ കണ്ട ഇരുമ്പ് പെട്ടിക്ക് ഭാരം തോന്നി. അത് തുറന്ന് പരിശോധിച്ചപ്പോഴാണ് കുട്ടികളുടെ മൃതദേഹം കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു.
ചോദ്യം ചെയ്യലിൽ മൂന്ന് പെൺകുട്ടികളുടെ ചെലവ് താങ്ങാനാവാതെയാണ് കൊലപ്പെടുത്തിയതെന്ന് രക്ഷിതാക്കൾ സമ്മതിച്ചു. പൊലീസിനെ തെറ്റിദ്ധരിപ്പിക്കാനാണ് പരാതി നൽകിയതെന്നും മാതാപിതാക്കൾ പറഞ്ഞുവെന്നും പൊലീസ് അറിയിച്ചു. മൃതദേഹങ്ങൾ പോസ്റ്റുമോർട്ടം നടപടികൾക്കായി അയച്ചു.
#incident #killing #three #daughters #hiding #ironbox #Parents #arrested
