#maoist | വയനാട്ടിൽ വീണ്ടും മാവോയിസ്റ്റ് അക്രണം; കെഎഫ്ഡിസിയുടെ ഓഫിസ് അടിച്ചു തകർത്തു

#maoist | വയനാട്ടിൽ വീണ്ടും മാവോയിസ്റ്റ് അക്രണം; കെഎഫ്ഡിസിയുടെ ഓഫിസ് അടിച്ചു തകർത്തു
Sep 28, 2023 04:09 PM | By Athira V

മാനന്തവാടി: ( truevisionnews.com ) വയനാട് തലപ്പുഴക്കടുത്ത കമ്പമലയില്‍ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം. ഉച്ചക്ക് പന്ത്രണ്ട് മണിയോടെ കമ്പമലയിലെ തേയില എസ്റ്റേറ്റിലെത്തിയ മാവോയിസ്റ്റുകള്‍ ഇവിടെയുള്ള വനവികസന സമിതി ഓഫീസിന്‍റെ ജനല്‍ച്ചില്ലുകളും കമ്പ്യൂട്ടറും തകര്‍ത്തു. യൂണിഫോം ധരിച്ച് തോക്കുധാരികളായിരുന്നു സംഘാംഗങ്ങളെന്നാണ് വിവരം.

ഓഫീസ് ചുമരില്‍ വ്യാപകമായി പോസ്റ്റര്‍ പതിച്ചാണ് മാവോയിസ്റ്റുകള്‍ പിന്‍വാങ്ങിയത്. കണ്ണൂര്‍ ജില്ലയോട് ചേര്‍ന്നുകിടക്കുന്ന കമ്പമലയില്‍ മുമ്പും മാവോയിസ്റ്റ് സാന്നിധ്യം സ്ഥിരീകരിച്ചിട്ടുള്ളതാണ്. ആറംഗ സംഘമാണ് വ്യാഴാഴ്ച വനവികസനസമിതി ഓഫീസില്‍ എത്തിയതെന്നാണ് പറയുന്നത്.

തൊഴിലാളികളും സൂപ്പര്‍വൈസറുമെല്ലാം ഈ സമയം എസ്‌റ്റേറ്റിനുള്ളിലായിരുന്നു. എങ്കിലും ചില തൊഴിലാളികളുമായി സംഘം സംസാരിച്ചെന്ന വിവരമുണ്ട്. മുദ്രാവാക്യം വിളിച്ച സംഘാംഗങ്ങള്‍ ജനല്‍ച്ചില്ലുകള്‍ അടിച്ചു തകര്‍ക്കുകയായിരുന്നു.

''തോട്ടംഭൂമി ആദിവാസികള്‍ക്കും തൊഴിലാളികള്‍ക്കും'', ''തൊഴിലാളികള്‍ ആസ്ബസ്റ്റോസ് ഷീറ്റുകള്‍ക്ക് ചുവട്ടില്‍ ക്യന്‍സര്‍രോഗികളായി മരിക്കുമ്പോള്‍ തോട്ടം അധികാരികളെ മണിമാളികകളില്‍ ഉറങ്ങാന്‍ അനുവദിക്കില്ല'', ''പാടി അടിമത്തത്തില്‍ നിന്നും തോട്ടം ഉടമസ്ഥതയിലേക്ക് മുന്നേറാന്‍ സായുധ-കാര്‍ഷിക വിപ്ലവ പാതയില്‍ അണിനിരക്കുക'' തുടങ്ങിയ മുദ്രാവാക്യങ്ങടങ്ങിയ പോസ്റ്ററുകളാണ് മലയാളത്തിന് പുറമെ തമിഴിലും വനവികസന സമിതി ഓഫീസ് ചുമരില്‍ പതിച്ചിട്ടുള്ളത്.

ശ്രീലങ്കന്‍ അഭയാര്‍ഥികളായി എത്തി പിന്നീട് തോട്ടം തൊഴിലാളികളായി മാറിയ തമിഴ് വംശജര്‍ ഏറെയുള്ള പ്രദേശങ്ങളാണ് കൂടിയാണ് കമ്പമലയും മക്കിമലയും. വിവരമറിഞ്ഞയുടന്‍ മാനന്തവാടി ഡി.വൈ.എസ്.പി പി.എല്‍. ഷൈജുവിന്റെ നേതൃത്വത്തില്‍ പോലീസ് സംഘം കമ്പമലയിലെത്തി പരിശോധന നടത്തി.

പോലീസ് എത്തുന്നതിന് മുമ്പ് തന്നെ മാവോയിസ്റ്റ് സംഘം രക്ഷപ്പെട്ടിരിക്കാമെന്നാണ് കരുതുന്നത്. എസ്റ്റേറ്റിലെ തൊഴിലാളികളില്‍ നിന്ന് പോലീസ് വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. സംഘത്തിലാരുടെയും ഫോട്ടോ ലഭിച്ചില്ലെങ്കിലും പോലീസ് റെക്കോര്‍ഡിലെ ഫോട്ടോകള്‍ വെച്ച് വന്ന മാവോയിസ്റ്റുകളെ തിരിച്ചറിയാനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം. സമീപത്തെ വനത്തിലേത്ത് മാവോയിസ്റ്റുകള്‍ രക്ഷപ്പെട്ടിരിക്കാം എന്ന നിഗമനത്തിലാണ് പോലീസ്.

#Maoist #attack #again #Wayanad #office #KFDC #vandalized

Next TV

Related Stories
Top Stories










Entertainment News