#DEADBODY | യുവാക്കളുടെ മൃതദേഹങ്ങൾ വയലിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയ സംഭവം; കൂടുതൽ വിവരങ്ങൾ പുറത്ത്

#DEADBODY | യുവാക്കളുടെ മൃതദേഹങ്ങൾ വയലിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയ സംഭവം; കൂടുതൽ വിവരങ്ങൾ പുറത്ത്
Sep 28, 2023 10:54 AM | By Athira V

പാലക്കാട്: ( truevisionnews.com ) കൊടുമ്പ് കരിങ്കരപ്പുള്ളി അമ്പലപ്പറമ്പ് പാൽനീരി കോളനിക്കു സമീപം യുവാക്കളുടെ മൃതദേഹങ്ങൾ വയലിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഒരു പകൽ മുഴുവൻ മൃതദേഹങ്ങൾ പാടത്തു കിടന്നതായി പൊലീസ് കണ്ടെത്തി.

പുതുശേരി കാളാണ്ടിത്തറയിൽ സതീഷ് (22), കൊട്ടേക്കാട് കാരക്കോട്ടുപുര തെക്കേകുന്നം ഷിജിത്ത് (22) എന്നിവരാണ് മരിച്ചതെന്ന് ബന്ധുക്കൾ തിരിച്ചറിഞ്ഞിരുന്നു. കാട്ടുപന്നിയെ കുടുക്കാനായി വച്ച വൈദ്യുതിക്കെണിയിൽനിന്നു ഷോക്കേറ്റാണ് ഇവർ മരിച്ചതെന്നാണു നിഗമനം.

സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്ത സ്ഥലമുടമ അമ്പലപ്പറമ്പ് വീട്ടിൽ ജെ.ആനന്ദ് കുമാർ (52), തിങ്കളാഴ്ച രാവിലെ വയലിലെത്തിയപ്പോഴാണ് 2 പേർ ഷോക്കേറ്റു മരിച്ചു കിടക്കുന്നതു കണ്ടത്.

എന്നാൽ വൈദ്യുതിക്കെണിയിൽനിന്നു വൈദ്യുതി വിഛേദിച്ചു വീട്ടിലേക്കു മടങ്ങി. മൃതദേഹങ്ങൾ കുഴിച്ചിട്ടതുൾപ്പെടെ തെളിവു നശിപ്പിച്ചത് അന്നു രാത്രിയിലാണ്. ഒരു പകൽ മുഴുവൻ മൃതദേഹങ്ങൾ പാടത്ത് കിടന്നിട്ടും ആരും കണ്ടെത്തിയില്ല.

രാത്രി 10 മണിക്കു സ്ഥലത്തെത്തിയ ആനന്ദ് 10 മീറ്റർ ദൂരേക്കു വലിച്ചു നീക്കി കുഴിച്ചിട്ടു. മൃതദേഹങ്ങളിൽനിന്നു വസ്ത്രങ്ങൾ മാറ്റി കത്തി ഉപയോഗിച്ചു വയറു കീറിയിട്ടാണു കുഴിയിലേക്കു ചവിട്ടിത്താഴ്ത്തിയത്.

മൃതദേഹങ്ങളിൽനിന്ന് അഴിച്ചെടുത്ത വസ്ത്രങ്ങളും വൈദ്യുതിക്കെണിക്കായി ഉപയോഗിച്ച ഇരുമ്പു കമ്പികളും ചെരുപ്പും ചൊവ്വാഴ്ച രാവിലെ മലമ്പുഴ ഇടതു കനാലിന്റെ കരിങ്കരപ്പുള്ളി ഭാഗത്തെ വിവിധ ഭാഗങ്ങളിലായി വലിച്ചെറിഞ്ഞു.

കനാലിന്റെ എതിർഭാഗത്തെ കാട്ടിൽനിന്നു യുവാക്കളിൽ ഒരാളുടെ മൊബൈൽ ഫോണും കണ്ടെത്തി. പ്രതിയുടെ കൃഷിയിടത്തിലെ പഴയ ഫ്രിജിലാണു മൺവെട്ടി സൂക്ഷിച്ചിരുന്നത്. പേടിച്ചിട്ടാണു തെളിവുകൾ നശിപ്പിക്കാൻ ശ്രമിച്ചതെന്ന് ആനന്ദ് പൊലീസിനോടു പറഞ്ഞു.

എസി മെക്കാനിക് ആയ ആനന്ദിന് ഇലക്ട്രിക് പണികളും അറിയാം. വീടിനു പുറത്തെ കുളിമുറിയിൽനിന്ന്, 100 മീറ്ററോളം അകലെ കൃഷിയിടത്തിലേക്കുള്ള പൈപ്പിനുള്ളിലൂടെ ഇൻസുലേറ്റഡ് വയറിട്ടാണു വൈദ്യുതി എത്തിച്ചത്.

ഇത് ഇരുമ്പു നൂൽക്കമ്പിയുമായി ബന്ധിപ്പിച്ചാണു വൈദ്യുതിക്കെണി ഒരുക്കിയത്. ലൈനിന്റെ 2 ഭാഗത്തും ആവശ്യമെങ്കിൽ വൈദ്യുതി കടത്തി വിടാനും വിച്ഛേദിക്കാനുമുള്ള സംവിധാനവും ഒരുക്കിയിരുന്നു.

#incident #deadbodies #youths #found #buried #field #PALAKKAD

Next TV

Related Stories
Top Stories










Entertainment News