ബദിയഡുക്ക: (truevisionnews.com) ഏറെ ആഗ്രഹിച്ചാണ് മൊഗറിലെ എ.എച്ച്.അബുദുള്‍ റൗഫ് പുതിയ ഓട്ടോയെടുത്തത്. ജൂണ്‍ 13-ന് രജിസ്‌ട്രേഷന്‍ നടത്തിയ കെ.എല്‍14 എ.ഡി.1329 നമ്പര്‍ ഓട്ടോ നിരത്തിലിറക്കുമ്പോള്‍ ആഗ്രഹങ്ങളേറെയുണ്ടായിരുന്നു.

എന്നാല്‍ എല്ലാ സ്വപ്‌നവും തിങ്കളാഴ്ച വൈകീട്ട് പള്ളത്തടുക്കയില്‍ സ്‌കൂള്‍ ബസുമായുള്ള കൂട്ടിയിടിയില്‍ തകര്‍ന്നു. അപകടത്തില്‍ തകരക്കൂട് മാത്രമായ ഓട്ടോയില്‍പ്പെട്ട് റൗഫിന്റെ ജീവനും പൊലിയുമ്പോള്‍ ഒരു കുടുംബത്തിന്റെ പ്രതീക്ഷകൂടിയാണ് തകര്‍ന്നുപോയത്.
അമിതവേഗത്തില്‍വന്ന ബസിന്റെ ഇടിയില്‍ ഓട്ടോയുടെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. ഇടിയുടെ ആഘാതത്തില്‍ ഓട്ടോറിക്ഷയുടെ മുകള്‍ഭാഗത്തെ കമ്പിയുള്‍പ്പെടെ ഓടിഞ്ഞ് പിറകോട്ട് തള്ളി.
ബസ് അല്‍പദൂരം മുന്നോട്ടുപോയതോടെ ഒരാള്‍ക്ക് പുറത്തിറങ്ങാന്‍പോലും കഴിയാത്ത വിധം ഓട്ടോ തകരക്കൂട് പോലെയായി. ഇത് രക്ഷാപ്രവര്‍ത്തനത്തെയും ബാധിച്ചു.
സംഭവമറിഞ്ഞയുടന്‍ പ്രദേശവാസികള്‍ സ്ഥലത്തെത്തിയെങ്കിലും ഓട്ടോയുടെ ഉള്ളില്‍ കുടുങ്ങിയ യാത്രക്കാരെ പുറത്തെത്തിക്കാന്‍ കഴിഞ്ഞില്ല.
കമ്പികള്‍ക്കിടയില്‍ ഞെരുങ്ങിയ അവസ്ഥയിലായിരുന്നു എല്ലാവരും. ഏറെ നേരത്തെ ശ്രമത്തിനൊടുവിലാണ് ഓരോരുത്തരെയും പുറത്തെടുത്തത്.
രക്ഷാപ്രവര്‍ത്തനത്തിനിടെ ഓട്ടോഡ്രൈവര്‍ റൗഫിനെ പുറത്തെടുക്കുമ്പോള്‍ നേര്‍ത്ത തുടിപ്പുണ്ടായിരുന്നെങ്കിലും രക്ഷപ്പെടുത്താനായില്ലെന്ന് നാട്ടുകാര്‍ പറയുന്നു .
ആംബുലന്‍സ് വിളിച്ചിട്ടും കൃത്യസമയത്ത് എത്താത്തതോടെ ഒരു ജീവനെങ്കിലും രക്ഷിക്കാമെന്ന വിശ്വാസവും നിലച്ചു. റൗഫിന്റെ ജീവനും അപകടസ്ഥലത്ത് പൊലിയുകയായിരുന്നുവെന്ന് രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട നാട്ടുകാര്‍ പറഞ്ഞു.
#Four #months #after #auto #launch #When #Rauf #lost #his #life #hope #family #lost
