#Nipa | നിപ ഭീതി ഒഴിയുന്നു; കണ്ടെയിൻമെന്റ് സോണുകളിൽ ഒഴികെ കോഴിക്കോട് സ്കൂളുകൾ ഇന്ന് തുറക്കും

 #Nipa | നിപ ഭീതി ഒഴിയുന്നു; കണ്ടെയിൻമെന്റ് സോണുകളിൽ ഒഴികെ കോഴിക്കോട് സ്കൂളുകൾ ഇന്ന് തുറക്കും
Sep 25, 2023 06:12 AM | By MITHRA K P

കോഴിക്കോട്: (truevisionnews.com) കോഴിക്കോട് നിപ ഭീതി ഒഴിയുന്ന സാഹചര്യത്തിൽ കണ്ടെയിൻമെന്റ് സോൺ ഒഴികെയുള്ള സ്ഥലങ്ങളിലെ സ്‌കൂളുകൾ ഇന്ന് തുറക്കും. സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാണ് സ്‌കൂളുകൾ തുറന്ന് പ്രവർത്തിക്കാൻ വേണ്ടി അനുമതി നൽകിയത്.

കണ്ടെയിൻമെന്റ് സോണുകളിലെ വിദ്യാർഥികൾക്ക് ഓൺലൈൻ ക്ലാസ് തുടരുമെന്ന് കോഴിക്കോട് ജില്ലാ കലക്ടർ അറിയിച്ചു. ഇന്നലെ കോഴിക്കോട് ജില്ലയിൽ പരിശോധിച്ച സാമ്പിളുകൾ നെഗറ്റീവാണെന്ന് കലക്ടർ അറിയിച്ചു. 915 പേരാണ് ഇന്നലെ നിരീക്ഷണത്തിലുള്ളത്. ഹൈ റിസ്‌ക് കാറ്റഗറിയിൽ ആരുമില്ലെന്നും കലക്ടർ അറിയിച്ചു.

നിപ പ്രതിരോധത്തിന്റെ ഭാഗമായി സ്കൂളുകളിൽ വിദ്യാർഥികളും അധ്യാപകരും നിർബന്ധമായും മാസ്‌ക് ധരിക്കണം. സ്‌കൂളിന്റെ പ്രവേശന കവാടത്തിലും ക്ലാസ് മുറികളിലും സാനിറ്റൈസർ ഒരുക്കണം. കൈകൾ സാനിറ്റൈസർ അല്ലെങ്കിൽ സോപ്പ് ഉപയോഗിച്ച് വൃത്തിയാക്കണം.

പനി, തലവേദന, തൊണ്ട വേദന മുതലായ രോഗലക്ഷണങ്ങൾ അനുഭവപ്പെടുന്നവരെ ഒരു കാരണവശാലും രക്ഷിതാക്കൾ സ്‌കൂളിലേക്ക് അയക്കരുത്. ഭക്ഷണപദാർത്ഥങ്ങൾ പങ്കുവയ്ക്കരുത്, ശുചിത്വം പാലിക്കണം. നിപ രോഗബാധയെ കുറിച്ചും അതിനുള്ള പ്രതിരോധത്തെ കുറിച്ചും വിദ്യാർഥികളെ ആശങ്ക ഉളവാക്കാത്ത രീതിയിൽ പറഞ്ഞ് മനസിലാക്കണം.

നിപ വൈറസിനെ കണ്ടെത്താൻ പി.സി.ആർ അല്ലെങ്കിൽ റിയൽ ടൈം പോളിമറേസ് ചെയിൻ റിയാക്ഷൻ (ആർ.ടി.പി.സി.ആർ) പരിശോധനയാണ് നടത്തുന്നത്. എൻ.ഐ.വി പൂനെയിൽ നിന്നും ലഭിക്കുന്ന റീയേജന്റ് കിറ്റുപയോഗിച്ചാണ് ഈ പരിശോധന നടത്തുന്നത്. ആദ്യമായി സാമ്പിളുകളിൽ നിന്ന് ആർ.എൻ.എ.യെ വേർതിരിക്കുന്നു.

ഇതിൽ നിപ വൈറസ് ജീൻ കണ്ടെത്തിയാൽ നിപ വൈറസ് ഉണ്ടെന്ന് സ്ഥിരീകരിക്കും. ഈ പരിശോധനയ്ക്ക് 3 മുതൽ 4 മണിക്കൂറാണ് സമയമെടുക്കുന്നത്. നിലവിൽ നിപ പരിശോധനകൾ കൃത്യസമയത്ത് നടത്താനും പരിശോധനാഫലം ലഭ്യമാക്കാനും പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമായി നടത്താനും സാധിക്കുന്നുണ്ട്.

#fear #Nipa #Kozhikode #schoolsreopen #today #exceptcontainmentzones

Next TV

Related Stories
Top Stories