മലപ്പുറം: (www.truevisionnews.com)മലബാർ സീറ്റ് പ്രതിസന്ധി പരിഹരിക്കാതെയാണ് മുന്നോട്ടു പോകുന്നതെങ്കിൽ മലബാറിൽ മന്ത്രിമാരെ ജനകീയമായി തടയുന്നതടക്കമുള്ള രൂക്ഷമായ സമരങ്ങൾക്ക് നേതൃത്വം നൽകുമെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന പ്രസിഡന്റ് കെ.എം. ഷെഫ്റിൻ. മലബാറിലെ സീറ്റ് പ്രതിസന്ധി പരിഹരിക്കാതെ ഒളിച്ചു കളിക്കുകയാണ് സർക്കാർ ചെയ്യുന്നത്.

പ്രശ്നം പരിഹരിക്കാൻ താൽപര്യമില്ലാത്തതു കൊണ്ടാണ് കാർത്തികേയൻ കമീഷൻ റിപ്പോർട്ട് പുറത്തുവിടാത്തത്. കമീഷൻ റിപ്പോർട്ട് പുറത്തുവിട്ടാൽ വിവേചന ഭീകരത ഔദ്യോഗികമായി തന്നെ പുറത്തുവരുമെന്ന ഭയമാണ് വിദ്യാഭ്യാസ മന്ത്രിയെ ഭരിക്കുന്നത്. പ്ലസ് വൺ സീറ്റ് അപര്യാപ്തത പരിഹരിക്കുക എന്നാവശ്യപ്പെട്ട് ഫ്രറ്റേണിറ്റി മലപ്പുറം ജില്ല കമ്മിറ്റി നടത്തിയ കലക്ട്രേറ്റ് ഉപരോധത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
30 ശതമാനം മാർജിനൽ വർധനവോ നൂറിൽ താഴെ ബാച്ചുകൾ ഷിഫ്റ്റു ചെയ്യുന്നതോ പരിഹാരമല്ലെന്ന് കഴിഞ്ഞ വർഷം തെളിഞ്ഞതാണ്. കഴിഞ്ഞ വർഷം ആകെ ഓപൺ സ്കൂളിനെ ആശ്രയച്ച 38,726 രിൽ 31,505 പേരും മലബാറിൽ നിന്നുള്ള വിദ്യാർഥികളാണ്. അതിൽ 15,988 പേരും മലപ്പുറത്തുനിന്നുള്ളവരാണ്. മലബാറിൽ ഇരുപത്തയ്യായിരത്തിലധികം വിദ്യാർഥികൾക്കാണ് ഉയർന്ന ഫീസ് നൽകി അൺ എയ്ഡഡ് സ്കൂളുകളിൽ നിർബന്ധിത സാഹചര്യത്തിൽ പഠിക്കേണ്ടി വന്നത്. തെക്കൻ ജില്ലകളിൽ ആയിരക്കണക്കിന് സീറ്റുകളൊഴിഞ്ഞു കിടക്കുമ്പോഴായിരുന്നു ഈ വിരോധാഭാസമെന്നും ഷെഫ്റിൻ ചൂണ്ടിക്കാട്ടി. വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി ഉപരോധ സമരം ഉദ്ഘാടനം ചെയ്തു.
The fraternity movement said that if the plus one seat crisis is not resolved, the ministers will be blocked in Malabar