നിലമ്പൂര്‍: മിനർവപടിയിലെ കെട്ടിടത്തില്‍ 12കാരനെ കെട്ടിയിട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തിലെ ദുരൂഹത നീങ്ങി. സ്കൂളില്‍ പോകാനുള്ള മടി കാരണം കുട്ടിതന്നെയാണ് കെട്ടിയിടല്‍ ആസൂത്രണം ചെയ്തതെന്ന് പൊലീസ് സ്ഥിരീകരിച്ചു.

സംഭവത്തിൽ മറ്റു ദുരൂഹതകള്‍ ഇല്ലെന്നും പൊലീസ് പറഞ്ഞു. ചൊവ്വാഴ്ച വൈകീട്ട് അഞ്ചോടെയാണ് കെ.എൻ.ജി റോഡിനോട് ചേർന്ന മൂന്നുനില കെട്ടിടത്തിലെ കോണിപ്പടിയിൽ ഏഴാം ക്ലാസുകാരനെ കൈകൾ പിന്നിലേക്ക് കെട്ടിയിട്ട നിലയിൽ കണ്ടെത്തിയത്.
ഒന്നാം നിലയിൽ പ്രവർത്തിക്കുന്ന ഇലക്ട്രോണിക് കടയിലെ ജീവനക്കാരൻ കുട്ടിയുടെ കരച്ചിൽ കേട്ട് വന്നുനോക്കിയപ്പോഴാണ് കൈകൾ കെട്ടി കമഴ്ന്നുകിടക്കുന്ന കുട്ടിയെ കണ്ടത്. സമീപം സ്കൂൾ ബാഗും ഉണ്ടായിരുന്നു. കുട്ടിയെ താഴെ എത്തിച്ച് നാട്ടുകാരുടെ സഹായത്തോട പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.
പൊലീസെത്തി കുട്ടിയെ ആശുപത്രിയിലാക്കി. രണ്ടു ദിവസമായി കുട്ടി ക്ലാസില്‍ എത്തിയിരുന്നില്ല. സ്കൂള്‍ സമയം കഴിയുംവരെ സുരക്ഷിതമായ സ്ഥലം എന്ന നിലയിലാണ് ഇവിടം തിരഞ്ഞെടുത്തത്. ആരെങ്കിലും കണ്ടാല്‍ സംശയം തോന്നാതിരിക്കാനാണ് കൈകള്‍ പ്ലാസ്റ്റിക് വള്ളികൊണ്ട് പിറകിലേക്ക് കെട്ടിയത്.
ആരും കാണുന്നില്ലെന്ന് ഉറപ്പുവരുത്തിയാണ് കുട്ടി കെട്ടിടത്തിന്റെ രണ്ടാം നിലയിലെത്തിയെത്. സ്കൂൾ ബാഗുമായി കുട്ടി തനിയെ കോണിപ്പടി കയറുന്നത് സമീപത്തെ സി.സി.ടി.വി ദൃശ്യത്തിലുണ്ട്. കുട്ടിക്ക് കൗണ്‍സലിങ് നല്‍കും.
The mystery of the incident where the 12-year-old was found tied up has been lifted.