പത്തനംതിട്ട: കോളജ് റോഡിൽ യുവതിയുടെ കാൽ ഓടയുടെ വിടവിൽ കുടുങ്ങി. അഗ്നിരക്ഷാസേന എത്തി ഓട പൊട്ടിച്ച് യുവതിയെ രക്ഷപ്പെടുത്തി. ശൂരനാട് സ്വദേശിനി അമ്പിളിയാണ് (37) ഓടയിൽ കുടുങ്ങിയത്. ചൊവ്വാഴ്ച ഉച്ചക്ക് ഒന്നിനാണ് സംഭവം.

കോളജ് ജങ്ഷനിൽ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ എത്തിയതായിരുന്നു ഇവർ. ഇതിന് ശേഷം അടൂരിലേക്കുള്ള ബസിൽ കയറാൻ നേരമാണ് ഓടയിൽ കാൽ കുടുങ്ങിയത്. ഇടത് കാൽമുട്ടിന് താഴേക്ക് ഓടയിൽ താഴ്ന്നു. തിരിച്ചെടുക്കാനാകാതെ നിലവിളി ശബ്ദം കേട്ട് ആളുകൾ ഓടിയെത്തിയെങ്കിലും അവർക്ക് ഒന്നും ചെയ്യാനാകുമായിരുന്നില്ല.
വേദനയിൽ പുളഞ്ഞ ഇവരുടെ കരച്ചിലിന് മുന്നിൽ എല്ലാവരും നിസ്സഹായരായി. വിവരം അറിഞ്ഞ് പത്തനംതിട്ട അഗ്നിരക്ഷാസേന സ്ഥലത്തെത്തി. ഓടയുടെ മുകളിലെ സ്ലാബ് കുറേശ്ശെയായി പൊട്ടിച്ച് കാൽ പതുക്കെ പുറത്തെടുത്തു. ഈ സമയം യുവതി അബോധാവസ്ഥയിലേക്ക് പോകാതിരിക്കാൻ വെള്ളവും മറ്റും നൽകി ആശ്വസിപ്പിച്ച് സേനാംഗങ്ങൾ അരികെതന്നെ നിന്നു.
പിന്നീട് ഇവരെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നൽകി വിട്ടയച്ചു.സൂക്ഷിക്കുക; ഓടയുണ്ട് കോളജ് ജങ്ഷൻ ഭാഗത്തെ മുഴുവൻ ഓടയും തകർന്ന നിലയിലാണ്. ഇതുവഴി ജീവൻ പണയംവെച്ചാണ് കാൽനടയാത്ര. ഓടയിലെ സ്ലാബുകൾ മിക്കതും കൂട്ടിയോജിപ്പിച്ചിട്ടുമില്ല.
പൊങ്ങിയും താണും പല ഭാഗത്തും സ്ലാബുകൾ കിടപ്പുണ്ട്. പരിസരത്തെ കടക്കാർ മുന്നറിയിപ്പ് എന്നോണം തകർന്ന സ്ലാബിന് മുകളിൽ കല്ലുകൾ കൂട്ടിവെച്ചിരിക്കുന്നതും കാണാം. ജനറൽ ആശുപത്രി റോഡിലും ഇതാണ് അവസ്ഥ. ഇതിന് മുമ്പും നഗരത്തിൽ പല ഭാഗത്തും യാത്രക്കാർ ഓടയിൽ വീണ് അപകടം സംഭവിച്ചിട്ടുണ്ട്.
Young woman's foot stuck in drain; Agniraksha Sena as saviors
