കോഴിക്കോട് : പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ അനിശ്ചിതകാല സമരം നടത്തുന്ന ഹർഷിന സമര പന്തലിൽ കുഴഞ്ഞു വീണു. ചികിത്സക്കായി ഹർഷിനയെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.
ഇന്ന് വൈകീട്ട് നാല് മണിയോടുകൂടെ ദേഹാസ്വാസ്ഥ്യം ഉണ്ടായി. തുടർന്നാണ് കുഴഞ്ഞു വീണത്. ഹർഷിനയുടെ ആരോഗ്യ നില തൃപ്തികരമെന്ന് ഭർത്താവ് അറിയിച്ചു.
സമരത്തിന്റെ രണ്ടാം ഘട്ടം പത്തം ദിവസത്തിലേക്ക് ഇന്ന് കടന്നിരുന്നു. ആദ്യ ഘട്ടത്തിൽ സമരം അവസാനിപ്പിക്കുമ്പോൾ ലഭിച്ച വാഗ്ദാനങ്ങൾ ഒന്നും നടപ്പാക്കാതെ വന്നതോടുകൂടിയാണ് ഹർഷിന രണ്ടാം ഘട്ട സമരത്തിന് തുടക്കം കുറിച്ചത്.
വിഷയത്തിൽ മതിയായ നഷ്ടപരിഹാരം നൽകാതെ സമരം അവസാനിപ്പിക്കല്ലെന്ന ഉറച്ച നിലപാടിലാണ് ഹർഷിനെയും കുടുംബവും.
അഞ്ച് വർഷം മുമ്പാണ് ഹർഷിന കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രസവ ചികിത്സ തേടിയത്. സിസേറിയന് ശേഷം വലിയ ശാരീരിക ബുദ്ധിമുട്ടുകൾ ഈ യുവതിയെ വേട്ടയാടി.
ലക്ഷങ്ങൾ ചിലവഴിച്ച് നിരവധി ചികിത്സകൾ നടത്തി – പക്ഷെ ഫലമുണ്ടായില്ല. എട്ട് മാസം മുമ്പ് നടത്തിയ സ്‌കാനിംഗിലാണ് വയറ്റിൽ കത്രിക കുടുങ്ങിയതായി കണ്ടെത്തിയത്.
വിഷയത്തിൽ നീതിതേടിയാണ് യുവതി തെരുവിലിറങ്ങിയത്. ദിവസം കൂടുന്തോറും ഹർഷിനയുടെ സമരത്തിന് ഐക്യദാർഢ്യവുമായി കൂടുതൽ രംഗത്തെത്തുകയാണ്. മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉൾപ്പെടെയുള്ളവർ ഇതിനോടകം സമരപ്പന്തൽ സന്ദർശിച്ചു.
വരും ദിവസങ്ങളിൽ കൂടുതൽ രാഷ്ട്രീയ സാംസ്‌കാരിക നേതാക്കൾ ഹർഷിനക്ക് ഐക്യദാർഢ്യവുമായി സമരപ്പന്തലിൽ എത്തും.
ഇതിന് മുൻമ്പ് ഹർഷിന നടത്തിയ സമരത്തിന്റെ അടിസ്ഥാനത്തിൽ സർക്കാർ 2 ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു. എന്നാൽ ഇത് മതിയായ നഷ്ട്ടപരിഹാരം അല്ല എന്നാരോപിച്ചാണ് ഹർഷീന വീണ്ടും സമരം ചെയ്യുന്നത്.
Scissors stuck in abdomen during delivery surgery; Harshina, who is on an indefinite strike, collapsed