മലപ്പുറം: (www.truevisionnews.com)സമൂഹത്തിൽ ഒറ്റപ്പെട്ടതോടെയാണ് ഫാക്ടറി പൂട്ടണമെന്ന പുതിയ നിലപാടിൽ സിപിഎം എത്തിയതെന്ന് റസാഖ് പയമ്പ്രോട്ടിൻ്റെ ഭാര്യ ഷീജ സികെ. ഒരാഴ്ച്ച മുമ്പെങ്കിലും പാർട്ടി പിന്തുണച്ചെങ്കിൽ സഖാവ് റസാഖ് ജീവനോടെ ഉണ്ടാകുമായിരുന്നു. സമൂഹത്തിൽ ഒറ്റപ്പെട്ടതോടെയാണ് ഫാക്ടറി പൂട്ടണം എന്ന പുതിയ നിലപാടിൽ പാർട്ടി എത്തിയതെന്നും ഷീജ സികെ പറഞ്ഞു.

ലോക്കൽ സെക്രട്ടറി, ഏരിയ സെക്രട്ടറി എന്നിവർക്കെല്ലാം ഫാക്ടറിയുടെ പ്രശ്നം അറിയാമായിരുന്നു. നിങ്ങൾ രണ്ടു വോട്ടുകൾ മാത്രമാണെന്ന് പറഞ്ഞ് ഇതേ ലോക്കൽ സെക്രട്ടറി മുമ്പ് പരിഹസിച്ചു. ഞങ്ങൾ രണ്ടുപേരും അടിയുറച്ച സിപിഎം പ്രവർത്തകരാണ്. നിയമവഴിയില്ലാതെ മറ്റൊരു രീതിയിലും ഫാക്ടറിക്കെതിരെ നീങ്ങിയിട്ടില്ലെന്നും ഷീജ പറഞ്ഞു.
അതേസമയം, പുളിക്കൽ പഞ്ചായത്തിൽ റസാക്ക് പായമ്പ്രോട്ട് ആത്മഹത്യ ചെയ്തതിൽ വിമർശനം ശക്തമായതോടെ പ്ലാസ്റ്റിക് സംസ്കരണ പ്ലാന്റിനെതിരെ സമരം ഏറ്റെടുത്ത് സിപിഎം രംഗത്തെത്തി. പ്ലാന്റ് അടച്ചുപൂട്ടണം എന്നാവശ്യപ്പെട്ടാണ് സിപിഎം കൊടികുത്തിയിരിക്കുന്നത്. ഫാക്ടറിക്കെതിരെ സമരം ശക്തമാക്കുമെന്നും സിപിഎം ലോക്കൽ സെക്രട്ടറി വ്യക്തമാക്കി. ലോക്കൽ കമ്മിറ്റിയുടെ തീരുമാന പ്രകാരമാണ് ഇവിടെ കൊടികുത്തിയത്.
പാർട്ടി എടുത്ത തീരുമാനമാണിതെന്ന് സിപിഎം ലോക്കൽ സെക്രട്ടറി വ്യക്തമാക്കി. എന്നാൽ സിപിഎം നടത്തിയത് കപടസമരമെന്ന് വിമർശിച്ച് യുഡിഎഫ് രംഗത്ത് വന്നു. റസാഖിന്റെ മരണത്തിന് പിന്നാലെ കുടുംബം പാർട്ടിക്കെതിരെ രൂക്ഷ വിമർശനവുമായി രംഗത്ത് വന്നിരുന്നു. പ്ലാന്റ് ഉടമ പാർട്ടിക്ക് പണം നൽകിയതിന് പിന്നാലെ നിർലോഭമായ സഹായം പാർട്ടി ഭരിക്കുന്ന പുളിക്കൽ പഞ്ചായത്ത് നൽകിയെന്നായിരുന്നു ആരോപണം. റസാഖ് പല തവണ പരാതിപ്പെട്ടിട്ടും സിപിഎം നേതൃത്വം ഇതൊന്നും ചെവിക്കൊള്ളാൻ തയ്യാറായില്ലെന്നും റസാഖിന്റെ സഹോദരൻ ആരോപിച്ചിരുന്നു.
Razak would be alive if the party supported him, his wife said in Malapuram
