കോഴിക്കോട്: ഹോട്ടല്‍ വ്യാപാരി സിദ്ധിഖിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികളുമായി പൊലീസ് കോഴിക്കോട് തെളിവെടുപ്പ് നടത്തി. കൃത്യം നടന്ന എരഞ്ഞിപ്പാലം ജംഗ്ഷനിലെ ഹോട്ടല്‍, കട്ടറും ട്രോളി ബാഗും വാങ്ങിയ കടകള്‍ എന്നിവിടങ്ങളിലാണ് തെളിവെടുപ്പ് നടന്നത്.
രാവിലെ 9.52നാണ് എരഞ്ഞിപ്പാലത്തെ ഹോട്ടല്‍ ഡി കാസ ഇന്നില്‍ ഷിബിലിയെയും, ഫര്‍ഹാനയെയും തെളിവെടുപ്പിനായി അന്വേഷണ സംഘം എത്തിച്ചത്. സിദ്ധിഖിനെ കൊലപ്പെടുത്തിയ ജി 4 റൂമിലേക്ക് ഷിബിലിയെയാണ് ആദ്യമെത്തിച്ചത്. പിന്നീട് ഫര്‍ഹാനയെയും. ഇരുവരും സിദ്ധിഖിനെ കൊലപ്പെടുത്തിയ രീതിയും മൃതദേഹം മുറിച്ച് കഷണങ്ങളാക്കി ട്രോളി ബാഗില്‍ കയറ്റിയതുമെല്ലാം ഭാവവ്യത്യാസമില്ലാതെ അന്വേഷണ സംഘത്തോട് വിവരിച്ചു.
തുടര്‍ന്ന് ഇരുവരെയും പൊലീസ് വാഹനത്തിലേക്ക് കയറ്റുന്നതിനിടയില്‍ നാട്ടുകാരുടെ രോഷ പ്രകടനം ഉയര്‍ന്നു. ശേഷം കട്ടര്‍ വാങ്ങിയ പുഷ്പാ ജംഗ്ഷനിലെ കടയിലേക്കാണ് പ്രതികളെ കൊണ്ടു പോയത്. കൃത്യം നടത്തിയ ശേഷം ഓട്ടോറിക്ഷ വിളിച്ചായിരുന്നു ഷിബിലി നഗരത്തിലെ കടകളില്‍ കയറിയിറങ്ങിയത്.
ഇതേ വഴിയിലായിരുന്നു പൊലീസ് സംഘത്തിന്റെയും യാത്ര. ട്രോളി ബാഗ് വാങ്ങിയ മൊയ്തീന്‍ പള്ളി റോഡിലെ കടയിലും ഷോപ്പിംഗ് നടത്തിയ കടകളിലും ഇരുവരേയും തെളിവെടുത്ത ശേഷം പൊലീസ് സംഘം മടങ്ങി. മൃതദേഹം ഉപേക്ഷിച്ച അട്ടപ്പാടി ചുരം വളവിലുള്‍പ്പെടെ പ്രതികളുമായി നേരത്തെ തെളിവെടുപ്പ് നടത്തിയിരുന്നു.
The Kozhikode police conducted evidence gathering with the accused in the murder case of the hotelier