ഒഡീഷ: (www.truevisionnews.com)ഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ട് എന്നും കുഞ്ഞ് അയാളുടേതാണ് എന്നും സംശയിച്ച് അച്ഛൻ നവജാതശിശുവിനെ വിഷം കുത്തിവെച്ച് കൊല്ലാൻ ശ്രമിച്ചു. ഒഡീഷയിലെ ബാസലോർ ജില്ലയിൽ തിങ്കളാഴ്ചയാണ് സംഭവം നടന്നത്. ചന്ദൻ മഹാന എന്ന യുവാവാണ് നവജാതശിശുവിനെ വിഷം കുത്തിവച്ച് കൊല്ലാൻ ശ്രമിച്ചത്.

കുഞ്ഞിനെ ബാലസോറിലെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കുഞ്ഞിന്റെ നില ഗുരുതരമായി തന്നെ തുടരുകയാണ് എന്നാണ് ആശുപത്രി അധികൃതർ പറയുന്നത്. ഒരു വർഷമായിരുന്നു ചന്ദന്റെയും ഭാര്യയുടേയും വിവാഹം കഴിഞ്ഞിട്ട്. 20 ദിവസങ്ങൾക്ക് മുമ്പ് ഇരുവർക്കും ഒരു പെൺകുഞ്ഞും പിറന്നു.
എന്നാൽ, ചന്ദന് കുഞ്ഞ് തന്റേതല്ല എന്ന് സംശയമുണ്ടായിരുന്നു. തിങ്കളാഴ്ച കുഞ്ഞിന്റെ പേരിടൽ ചടങ്ങായിരുന്നു. പേരിട്ട് കഴിഞ്ഞ് തൊട്ട് പിന്നാലെയാണ് ചന്ദൻ കുഞ്ഞിന്റെ ദേഹത്ത് വിഷം കുത്തി വച്ച് അവളെ കൊല്ലാൻ ശ്രമിച്ചത്. ആ സമയത്ത് ഇയാളുടെ ഭാര്യ കുളിക്കുകയായിരുന്നു. തിരികെ എത്തിയ ഭാര്യയാണ് കുഞ്ഞിന് സമീപത്തായി സിറിഞ്ച് കണ്ടത്.
പിന്നാലെ കുഞ്ഞിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അധികം വൈകാതെ തന്നെ ചന്ദൻ അറസ്റ്റിലാവുകയും ചെയ്തു. ഭാര്യയോടുള്ള സംശയവും ദേഷ്യവുമാണ് കുഞ്ഞിനെ കൊലപ്പെടുത്താനായി ശ്രമിച്ചതിന് പിന്നിലെ കാരണം എന്ന് ചന്ദൻ പൊലീസിനോട് സമ്മതിച്ചതായാണ് എസ് പി സാഗരിക നാഥ് മാധ്യമങ്ങളോട് പറഞ്ഞത്.
A young man tried to kill a newborn by injecting poison
