ദുബായ്: (www.truevisionnews.com) ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റില്‍ ഓസ്ട്രേലിയക്കെതിരെ അര്‍ധസെഞ്ചുറി നേടി ഇന്ത്യയെ ഫൈനലിലെത്തിച്ച വിരാട് കോഹ്ലി സ്വന്തമാക്കിയത് അപൂര്‍വമായ റെക്കോര്‍ഡ്.
ഐസിസി ടൂര്‍ണമെന്‍റുകളില്‍ ഏറ്റവും കൂടുതല്‍ 50ലധികം സ്കോർ നേടുന്ന ബാറ്ററെന്ന റെക്കോര്‍ഡാണ് കോഹ്ലി സ്വന്തം പേരിലാക്കിയത്.
ചാമ്പ്യൻസ് ട്രോഫി സെമിയില്‍ ഓസ്ട്രേലിയക്കെതിരെ നേടിയ ഈ അര്‍ധസെഞ്ചുറിയോടെ ഐസിസി ടൂര്‍ണമെന്‍റുകളിൽ കോഹ്ലിയുടെ 24-ാമത് 50 പ്ലസ് സ്കോറായി ഇത് മാറി.
53 ഇന്നിംഗ്സിൽ നിന്നാണ് കോഹ്ലി ഈ നേട്ടം കൈവരിച്ചത്. 58 ഇന്നിംഗ്സുകളില്‍ 23 തവണ അമ്പതോ അതിലധികമോ റണ്ണെടുത്തിട്ടുള്ള സാക്ഷാല്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറെയാണ് കോഹ്ലി ഇന്ന് പിന്നിലാക്കിയത്.
രോഹിത് ശര്‍മ(42 ഇന്നിംഗ്സില്‍ 18), കുമാര്‍ സംഗാക്കര(56 ഇന്നിംഗ്സില്‍ 17), റിക്കി പോണ്ടിംഗ്(60 ഇന്നിംഗ്സില്‍ 16) എന്നിവരെല്ലാം കോഹ്ലിക്ക് പിന്നിലാണ്
ഇത് കൂടാതെ ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റില്‍ ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ റണ്‍സടിക്കുന്ന താരമെന്ന റെക്കോർഡും കോഹ്ലി സ്വന്തം പേരിലാക്കി. 2013-2017 കാലയളവില്‍ 10 മത്സരങ്ങളില്‍ നിന്ന് ശിഖര്‍ ധവാന്‍ നേടിയ 701 റണ്‍സാണ് കോലി ഇന്ന് മറികടന്നത്. 1998-2004 കാലഘട്ടത്തില്‍ 13 കളികളില്‍ 665 റണ്‍സടിച്ചിട്ടുള്ള സൗരവ് ഗാംഗുലിയാണ് മൂന്നാം സ്ഥാനത്ത്.
കളിയിലെ കേമനായി തെരഞ്ഞെടുക്കപ്പെട്ട കോഹ്ലി ഐസിസി ഏകദിന ടൂര്‍ണമെന്‍റുകളില്‍ ഏറ്റവും കൂടുതല്‍ തവണ കളിയിലെ കേമനാവുന്നരുടെ പട്ടികയില്‍ നാലാം സ്ഥാനത്തെത്തി. ഏഴ് തവണ ഐസിസി ഏകദിന ടൂര്‍ണമെന്‍റുകളില്‍ കളിയിലെ കേമനായാണ് കോലി നാലാം സ്ഥാനത്തെത്തിയത്.
രോഹിത് ശര്‍മ(8), ഗ്ലെന്‍ മക്‌ഗ്രാത്ത്(8), സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍(10) എന്നിവരാണ് കോലിക്ക് മുന്നിലുള്ളവര്‍. ചാമ്പ്യൻസ് ട്രോഫി സെമിയില്‍ ഓസ്ട്രേലിയ ഉയര്‍ത്തിയ 265 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ ആറ് വിക്കറ്റ് നഷ്ടത്തിലാണ് മറികടന്നത്.
#ViratKohli #Breaks #SachinTendulkar #Record #Achieves
