കാസർഗോഡ് : (truevisionnews.com) വാഹനാപകടത്തിൽ മസ്തിഷ്ക മരണം സംഭവിച്ച മലയാളി സൈനികൻ അവയവം ദാനം ചെയ്ത് പുതുജീവൻ നൽകിയത് ആറ് പേർക്ക്.

കാസർകോഡ് പെരുമ്പള സ്വദേശി കെ നിധീഷിൻ്റെ അവയവങ്ങളാണ് രാജ്യത്തെ വിവിധ ആശുപത്രികളിൽ കഴിയുന്നവർക്കായി ദാനം ചെയ്തത്. നാല് സൈനികർക്കും രണ്ട് രോഗികൾക്കുമായാണ് അവയവങ്ങൾ നൽകിയത്.
ഫെബ്രുവരി 15 ന് കാസർഗോഡ് പൊയിനാച്ചിയിലുണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ബാംഗ്ലൂർ സൈനിക ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് നിധീഷ് മരിച്ചത്. നീണ്ട പതിനൊന്ന് വർഷമായി നാടിനായി സൈനികസേവനം ചെയ്തു വരികയായിരുന്നു നിധീഷ്.
ഫെബ്രുവരി 15 ന് വച്ച് സ്കൂട്ടർ ഹംപിൽ തട്ടി മറിഞ്ഞാണ് അപകടമുണ്ടായത്. പരിക്കേറ്റ് സൈനിക ആശുപത്രിയിൽ ചികിൽസയിലിരിക്കെ മസ്തിഷ്ക മരണം സംഭവിച്ചു.
പിന്നീട് കരസേനാ ഉദ്യോഗസ്ഥർ നിധീഷിൻ്റെ ബന്ധുക്കളുമായി സംസാരിച്ചതിനെ തുടർന്ന് അവയവങ്ങൾ ദാനം ചെയ്യാൻ ബന്ധുക്കൾ സന്നദ്ധരാവുകയായിരുന്നു. കരസേനയും വ്യോമസേനയും കൈകോർത്തു കൊണ്ടായിരുന്നു ദൗത്യം പൂർത്തീകരിച്ചത്.
കരൾ, കോർണിയ, വൃക്ക എന്നിവ ഡൽഹിയിലെ സൈനിക ആശുപത്രിയിൽ ചികിത്സയിലുള്ള സൈനികർക്ക് ദാനം ചെയ്തു. ബംഗളൂരുവിലെ കമാൻ്റ് ആശുപത്രിയിൽ ചികിൽസയിലുള്ള മറ്റൊരു സൈനികന് വൃക്ക ദാനം ചെയ്ത.
ഹൃദയവും ശ്വാസകോശവും ചെന്നൈയിലെ ആശുപത്രിയിലെത്തിച്ചു. മറ്റ് രണ്ട് രോഗികൾക്ക് ദാനം ചെയ്തു. മണിക്കൂറുകൾക്കകം ആറ് ശസ്ത്രക്രിയകളും വിജയകരമായി പൂർത്തിയാക്കി.
#Malayali #soldier #gave #new #life #six #people
