പന്ന്യന്നൂർ : (truevisionnews.com) പന്ന്യന്നൂരിൽ നിയന്ത്രണം വിട്ട ഇന്നോവയിടിച്ച് ഗുഡ്സ് ഓട്ടോ ഡ്രൈവർക്ക് ഗുരുതര പരിക്ക്. ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുകയായിരുന്ന ഡോക്ടർ ഓടിച്ച ഇന്നോവയിടിച്ചാണ് അപകടം ഉണ്ടായത്. പന്ന്യന്നൂർ ജംഗ്ഷനിലായിരുന്നു അപകടം.
ഗുഡ്സ് ഓട്ടോയിലിടിച്ച് നിയന്ത്രണം വിട്ട ഇന്നോവ റോഡരികിൽ നിർത്തിയിട്ട ബുള്ളറ്റ് ഉൾപ്പടെ മൂന്ന് ഇരുചക്രവാഹനങ്ങൾ ഇടിച്ചു തകർത്തു.
പൂക്കോത്ത് മീൻ ഇറക്കി തിരികെ തലശേരിയിലേക്ക് പോവുകയായിരുന്ന KL 13 AJ 8150 ഗുഡ്സ് ഓട്ടോയിലാണ് ഇന്നോവ ആദ്യം ഇടിച്ചത്. ഓട്ടോ തലകീഴായി മറിഞ്ഞു.
ഓട്ടോയ്ക്കടിയിലായ ഡ്രൈവറെ ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു.
തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഓട്ടോ ഡ്രൈവറെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കാറിലെ എയർ ബാഗ് സംവിധാനം കൊണ്ട് ഡോക്ടർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
ഞായറാഴ്ച ആയതിനാൽ ജംഗ്ഷനിൽ തിരക്കില്ലാതിരുന്നത് വൻ അപകടം ഒഴിവാക്കി. പാനൂർ പൊലീസ് സ്ഥലത്തെത്തി.
#Good's #auto #driver #seriously #injured #Innova #collision #Panyannur.