തിരുവനന്തപുരം: (truevisionnews.com) 2021 നവംബർ എട്ടിനുശേഷം സ്ഥിരംനിയമനങ്ങൾ തടയുന്ന രീതിയിൽ പുറപ്പെടുവിച്ച സർക്കുലർ പിൻവലിക്കാൻ മന്ത്രി വി. ശിവൻകുട്ടി നിർദേശിച്ചു. ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകളിലുള്ള സർക്കുലർ പിൻവലിക്കാൻ കാരണമായത്.
ഇതുസംബന്ധിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടർക്കാണ് നിർദേശം നൽകിയത്. നവംബർ 30ന് ഡയറക്ടർ പുറപ്പെടുവിച്ച സർക്കുലറിനെതിരെ വ്യാപക പ്രതിഷേധമുയർന്ന സാഹചര്യത്തിലാണ് നിർദേശം.
മന്ത്രിയുടെ നിർദേശപ്രകാരം എയ്ഡഡ് സ്കൂൾ മാനേജ്മെന്റ് അസോസിയേഷൻ ഭാരവാഹികളുമായും കെ.സി.ബി.സി വിദ്യാഭ്യാസ കമീഷൻ ഭാരവാഹികളുമായും ഡയറക്ടർ എസ്. ഷാനവാസ് ചർച്ചയും നടത്തി. മാനേജ്മെന്റ് അസോസിയേഷൻ ഭാരവാഹികളുടെ ആശങ്ക രേഖാമൂലം നൽകിയതായും സർക്കാറുമായി ആലോചിച്ച് ഉചിതമായ തീരുമാനമെടുക്കുമെന്ന് ഉറപ്പുനൽകിയതായും ഡയറക്ടർ അറിയിച്ചു.
അതേസമയം, സർക്കുലർ, നിലവിലുള്ള ചട്ടങ്ങൾക്ക് വിരുദ്ധമാണെന്നും നിലനിൽക്കില്ലെന്നും അസോസിയേഷൻ ഭാരവാഹികൾ ഡയറക്ടറെ അറിയിച്ചു. ഇക്കാര്യത്തിൽ അനുകൂല തീരുമാനമുണ്ടായില്ലെങ്കിൽ സമരത്തിലേക്ക് നീങ്ങുമെന്നും ഭാരവാഹികൾ അറിയിച്ചു. ആശങ്ക പരിഹരിക്കുമെന്ന് ഡയറക്ടർ അറിയിച്ചതായി മാനേജ്മെന്റ് അസോസിയേഷൻ ഭാരവാഹികളും വ്യക്തമാക്കി.
എയ്ഡഡ് സ്കൂളുകളിൽ ഭിന്നശേഷി നിയമനങ്ങൾ നടത്തുന്നതു വരെ 2021 നവംബർ എട്ടിനു ശേഷമുള്ള മറ്റ് നിയമനങ്ങൾ ദിവസവേതനാടിസ്ഥാനത്തിൽ മാത്രമേ നടത്താൻ പാടുള്ളൂവെന്നും മാനേജർമാർ നിയമന ഉത്തരവ് ദിവസവേതനാടിസ്ഥാനത്തിൽ തന്നെ നൽകുന്നുണ്ടെന്ന് ബന്ധപ്പെട്ടവർ ഉറപ്പുവരുത്തണമെന്നുമായിരുന്നു ഡയറക്ടറുടെ സർക്കുലറിൽ നിർദേശിച്ചത്.
ഹൈകോടതി വിധിക്ക് വിരുദ്ധമായി ദിവസവേതനാടിസ്ഥാനത്തിലല്ലാതെ സമർപ്പിക്കുന്ന നിയമന ഉത്തരവുകൾ മടക്കിനൽകേണ്ടതും ഇത്തരം നിയമന ഉത്തരവുകൾ തിരുത്തി സമർപ്പിക്കുമ്പോൾ മറ്റ് വിധത്തിൽ അർഹതയുണ്ടെങ്കിൽ അംഗീകരിച്ചുനൽകണമെന്നും സർക്കുലറിൽ പറയുന്നു.
#Aided #school #teacher #recognition #Controversial #circular #withdrawn #Minister #vShivakutty