ഇടുക്കി: (truevisionnews.com) വില ഉയർന്നതോടെ ഇടുക്കിയിൽ പച്ച ഏലക്ക മോഷണവും പതിവായി. ഉപ്പുതറ, വണ്ടൻമേട് സ്റ്റേഷനുകളിലായി അഞ്ച് പേരാണ് ഏലക്ക മോഷണവുമായി ബന്ധപ്പെട്ട് ഒറ്റ ദിവസം പിടിയിലായത്.
ചീന്തലാർ മൂന്നാം ഡിവിഷൻ കമ്പിലയത്തിൽ കണ്ണക്കൽ വീട്ടിൽ എം. റെജി, ആനപ്പള്ളം പുത്തൻപറമ്പിൽ പി.ആർ. സന്തോഷ്, മൂന്നാം ഡിവിഷൻ മൂന്നുമുറി ലയത്തിൽ പ്ലാമൂട്ടിൽ ജിനു വർഗീസ് എന്നിവരാണ് ഏലക്ക മോഷണവുമായി ബന്ധപ്പെട്ട് ഉപ്പുതറ പൊലീസിൻറെ പിടിയിലായത്.
മേരികുളം പുല്ലാട്ട് റെജിയുടെ ഉടമസ്ഥതയിൽ ചീന്തലാർ ലൂസിഫർ പള്ളിയ്ക്ക് സമീപമുള്ള പാട്ടഭൂമിയിൽ നിന്നാണ് ഇവർ 25 കിലോ പച്ച ഏലക്ക മോഷ്ടിച്ചത്.
ഏലക്കയുണ്ടാകുന്ന ശരം എന്ന ഭാഗം ഉൾപ്പെടെ മുറിച്ചെടുക്കുകയായിരുന്നു. പ്രതികളിലൊരാളായ റെജിയുടെ വീട്ടിലിരുന്ന് ശരത്തിൽ നിന്നും ഏലക്ക അടർത്തുന്നതിനിടെയാണ് ഇവർ പിടിയിലായത്.
പുറത്തു നിന്നും താഴിട്ടു പൂട്ടിയ നിലയിലായിരുന്നു വീട്. പൂട്ടിയിരുന്ന വീടിനുള്ളിൽ ആളനക്കം ഉണ്ടെന്ന് സമീപവാസിയായ പഞ്ചായത്തംഗം എം. എൻ. സന്തോഷ്, ഹോംഗാർഡ് തൊണ്ടിപ്പറമ്പിൽ മോനിച്ചൻ എന്നിവർ നടത്തിയ നിരീക്ഷണത്തിൽ മനസിലായി.
ഇവർ അറിയിച്ചതിനെ തുടർന്ന് ഉപ്പുതറ പൊലീസെത്തി മൂന്ന് പേരെയും അറസ്റ്റ് ചെയ്തു. വീട്ടിൽ നിന്നും ഇവർ മോഷ്ടിച്ച 25 കിലോ ഏലക്കയും കണ്ടെടുത്തു. വിരലടയാള വിദഗ്ധരും സംഭവ സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു.
ഇതിനിടെ, വണ്ടൻമേട് പുന്നത്താനം അഭിജിത്ത് മനോജ്, നായരുസിറ്റി വാണിയപുരയ്ക്കൽ ബിബിൻ ബാബു എന്നിവരെ വണ്ടൻമേട് പൊലീസ് അറസ്റ്റ് ചെയ്തു.
ശരം അടക്കം ചെത്തി മാറ്റിയ നിലയിൽ 50 കിലോയോളം പച്ച ഏലക്ക ഇവരുടെ പക്കൽ നിന്നും കണ്ടെടുത്തു. വെള്ളിയാഴ്ച പകൽ പുറ്റടി അമ്പലമേട് ഭാഗത്തെ ഏലത്തോട്ടത്തിലാണ് ഇരുവരും മോഷണം നടത്തിയത്.
മോഷണം നടന്ന ഉടനെ വിവരം അറിഞ്ഞ നാട്ടുകാർ നടത്തിയ തെരച്ചിലിൽ പ്രതികളെ പിടികൂടുകയായിരുന്നു. തുടർന്ന് പൊലീസിന് കൈമാറി.
വണ്ടൻമേട് ഭാഗത്ത് മുമ്പ് നടന്ന ഏലക്ക മോഷണ കേസുകളിൽ പ്രതികൾക്ക് പങ്കുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. രണ്ട് കേസിലും കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
#Theft #green #cardamom #became #common #Five #people #caught #one #day