ചേവായൂർ (കോഴിക്കോട് ) : ( www.truevisionnews.com ) ഗവ. മെഡിക്കൽ കോളജിലെ വനിതാ പിജി ഡോക്ടറെ കാറിലെത്തിയ സംഘം ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതായി പരാതി.
ബുധനാഴ്ച രാത്രി പിഎംഎസ്എസ്‌വൈ ബ്‌ളോക്കിലെ അത്യാഹിത വിഭാഗത്തിൽ നിന്ന് ഡ്യൂട്ടി കഴിഞ്ഞ് ന്യൂ പിജി ഹോസ്റ്റലിലേക്ക് പോകുന്നതിനിടെ ക്യാംപസിനകത്തുവച്ചാണ് സംഭവം.
കാറിലെത്തിയ സംഘം കാറിൽ കയറാൻ ആവശ്യപ്പെടുകയും പിന്തുടരുകയുമായിരുന്നു. ഭയന്ന വിദ്യാർഥി ഓടി തൊട്ടടുത്തുള്ള ഹോസ്റ്റലിലേക്ക് കയറി.
വഴിയിൽ വെളിച്ചക്കുറവുള്ളതു കാരണം കാറിലെ ആളുകളെ കാണാൻ സാധിച്ചില്ല. ഈ ഭാഗങ്ങളിൽ സിസിടിവികളും ഇല്ല. രാത്രിയിൽ ഡ്യൂട്ടി കഴിഞ്ഞ് പോകുന്നവർ മാത്രമേ വിജനമായ റോഡിൽ ഉണ്ടാവുകയുള്ളൂ.
അസമയത്ത് കാർ എങ്ങനെ ക്യാംപസിനകത്ത് കടന്നുവെന്നതടക്കം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പിജി മെഡിക്കൽ പോസ്റ്റുഗ്രാജുവേറ്റ്‌സ് അസോസിയേഷൻ പ്രിൻസിപ്പലിന് പരാതി നൽകി.
ഇത് സംബന്ധിച്ച് വൈസ് പിൻസിപ്പൽ മെഡിക്കൽ കോളജ് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
പരാതിയുടെ അടിസ്ഥാനത്തിൽ പ്രിൻസിപ്പലിന്റെ അഭാവത്തിൽ വൈസ് പ്രിൻസിപ്പൽ വിവിധ വിഭാഗങ്ങൾ, കോളജ് യൂണിയൻ, പിജി അസോസിയേഷൻ, റസിഡൻസ് അസോസിയേഷൻ എന്നിവരുടെ അടിയന്തര യോഗം വിളിച്ചു.
രാത്രി സുരക്ഷാ സംവിധാനം ശക്തമാക്കുക, ലൈറ്റുകളും സിസിടിവിയും സ്ഥാപിച്ച് കൃത്യമായ മോണിറ്ററിങ് നടത്തുക, കോളജിന്റെ ചുറ്റുമതിൽ നിർമാണം പൂർത്തിയാക്കുക തുടങ്ങിയ ആവശ്യങ്ങളും പരാതിയിൽ അസോസിയേഷൻ ഉന്നയിച്ചിട്ടുണ്ട്.
#Attempt #abduct #female #PGdoctor #KozhikodeMedicalCollege #woman #complained