ബറേലി: ( www.truevisionnews.com) കുളിക്കുന്നതിനിടെ ഗീസർ പൊട്ടിത്തെറിച്ച് നവവധു മരിച്ചു. ഉത്തർപ്രദേശിലെ ബുലന്ദ്ഷഹർ സ്വദേശിയായ 22കാരി ദാമിനിയാണ് ദാരുണമായി മരിച്ചത്.
നവംബർ 22നായിരുന്നു വിവാഹം. വിവാഹത്തിന് അഞ്ച് ദിവസത്തിന് ശേഷം ബറേലിയിലെ ഭർത്താവിന്റെ വീട്ടിലായിരുന്നു അപകടം.
പൊലീസ് സ്ഥലത്തെത്തി മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി കൊണ്ടുപോയി. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷമേ മരണകാരണം വ്യക്തമാകൂവെന്ന് പൊലീസ് പറഞ്ഞു.
ബറേലിയിലെ ഭോജിപുര പോലീസ് സ്റ്റേഷൻ പരിധിയിലെ പിപൽസന ചൗധരി ഗ്രാമവാസിയായ ദീപക് യാദവ് ബുലന്ദ്ഷഹറിലെ കാലേ കാ നഗ്ല ഗ്രാമത്തിലെ സൂരജ് പാലിൻ്റെ മകൾ ദാമിനിയെ നവംബർ 22 ന് വിവാഹം കഴിച്ചു.
ബുധനാഴ്ച പതിവുപോലെ ദാമിനി കുളിക്കാൻ ബാത്ത്റൂമിൽ പോയി. പക്ഷേ ഏറെ വൈകിയിട്ടും പുറത്തിറങ്ങിയില്ല. ഭർത്താവ് ദീപക് പലതവണ വിളിച്ചെങ്കിലും ദാമിനി പ്രതികരിക്കുകയോ കുളിമുറിയുടെ വാതിൽ തുറക്കുകയോ ചെയ്തില്ല.
വാതിൽ തുറക്കാതെ വന്നതോടെ വീട്ടുകാർ ആകെ ആശങ്കയിലായി. ഭയന്ന വീട്ടുകാർ കുളിമുറിയുടെ വാതിൽ തകർത്തു. ദാമിനി അബോധാവസ്ഥയിൽ നിലത്ത് കിടക്കുന്നതാണ് വീട്ടുകാർ കണ്ടത്. വെള്ളം ചൂടാക്കാനുപയോഗിക്കുന്ന ഗീസർ പൊട്ടിത്തെറിച്ചിരുന്നു. ഉടൻ തന്നെ വീട്ടുകാർ ദാമിനിയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചതായി ഡോക്ടർമാർ അറിയിച്ചു.
#Just #five #days #after #wedding #geyser #erupts #newlyweds #end #tragedy