നെടുമുടി: (truevisionnews.com) പോളയും പായലുംനിറഞ്ഞ തോട്ടിൽ വെള്ളത്തിൽ മുങ്ങിത്താഴ്ന്ന ആറുവയസ്സുകാരിയെ അതിസാഹസികമായി രക്ഷിച്ച് 11 വയസ്സുള്ള സഹോദരൻ.
നെടുമുടി പഞ്ചായത്ത് 14-ാം വാർഡ് ചെമ്പുംപുറം കീപ്പട വീട്ടിൽ ടോമിച്ചന്റെ മകൾ ഒന്നാംക്ളാസിൽ പഠിക്കുന്ന അലാന ട്രീസയാണ് സഹോദരൻ ആരോൺ ടോമിച്ചന്റെ കൈക്കരുത്തിൽ ജീവിതത്തിലേക്കു തിരികെക്കയറിയത്.
വ്യാഴാഴ്ച വൈകീട്ട് ആറുമണിയോടെ വീടിനുമുന്നിലുള്ള റോഡിൽ സൈക്കിൾ ചവിട്ടുന്നതിനിടെയാണ് അപകടമുണ്ടായത്. നിയന്ത്രണംതെറ്റി സൈക്കിളുമായി ചെമ്പുംപുറം പുളിക്കക്കാവ് തോട്ടിലേക്കു കുട്ടി വീഴുകയായിരുന്നു.
നീന്തൽ വശമില്ലാതിരുന്നിട്ടും സഹോദരിയുടെ ജീവൻ രക്ഷിക്കാനായി ആരോണിന്റെ ശ്രമം. തോടിന്റെ സംരക്ഷണഭിത്തിയിൽ കമിഴ്ന്നുകിടന്ന് ആരോൺ വെള്ളത്തിൽ മുങ്ങിത്താഴുകയായിരുന്ന അലാനയുടെ ഉടുപ്പിന്റെ കോളറിൽ പിടിച്ചു. ഇതിനിടെ ആരോൺ വിളിച്ചുകൂവുകയും ചെയ്തു.
കുട്ടികളുടെ ബഹളംകേട്ട് പരിസരവാസികളും അമ്മ നാൻസിയും ഓടിയെത്തി വെള്ളത്തിൽനിന്നു കുട്ടിയെ കരയിലെത്തിച്ചു. നിലയില്ലാത്ത തോട്ടിൽ പോളയും പുല്ലും നിറഞ്ഞുകിടക്കുകയാണ്.
ചമ്പക്കുളം ബിഷപ്പ് കുര്യാളശ്ശേരി പബ്ലിക് സ്കൂളിലെ ആറാംക്ളാസ് വിദ്യാർഥിയാണ് ആരോൺ. ഇതേ സ്കൂളിലാണ് അലാനയും പഠിക്കുന്നത്.
#class #girl #drowned #stream #her #bicycle #outofcontrol #year #old #brother #rescue