കാർവാർ (കർണാടക): (truevisionnews.com) ഗംഗാവലി നദിയുടെ അടിത്തട്ടിൽ അർജുന്റെ ലോറി ഉണ്ടെന്നു സംശയം രൂപപ്പെട്ടതോടെ ഇനി അത് പരിശോധിക്കുക എന്ന വലിയ വെല്ലുവിളിയാണു സൈന്യത്തിനും ദുരന്ത നിവാരണ സേനയ്ക്കും മുൻപിലുള്ളത്.
ശക്തമായ അടിയൊഴുക്കുള്ളതും 25 അടിയിലേറെ താഴ്ചയുള്ളതുമാണു ഗംഗാവലി നദി. പശ്ചിമ ഘട്ടത്തിൽനിന്ന് ഉത്ഭവിക്കുന്ന ഈ നദി കർണാടകയിലെ പ്രധാന നദിയാണ്.
ഹുബ്ലിക്കു സമീപത്തുനിന്ന് ഉത്ഭവിച്ച് നിബിഡ വനങ്ങളിലുടെ സഞ്ചരിച്ച് അറബിക്കടലിൽ ചേരുന്ന ഈ നദി ഏകദേശം 161 കിലോമീറ്റർ ദൈർഘ്യമുള്ളതാണ്.
പ്രസിദ്ധമായ ഗോകർണ പ്രദേശത്തിനു സമീപമാണ് നദി കടലിൽ ചേരുന്നത്. മൺസൂൺ കാലത്താണ് നദി ഏറ്റവും ശക്തി പ്രാപിക്കുന്നത്.
കരിമ്പു കൃഷിയെ ആശ്രയിച്ചു ജീവിക്കുന്നവരാണു നദീതീരത്തുള്ളവരിലേറെയും. നദിക്കു വിവിധ സ്ഥലങ്ങളിൽ 300 മീറ്റർ മുതൽ അര കിലോമീറ്ററോളം വീതിയുണ്ട്.
ഷിരൂർ കുന്നിൽനിന്ന് ഇടിഞ്ഞു വീണ മണ്ണു പുഴയിൽ ചെളി രൂപത്തിൽ കിടക്കുകയാണ്. ഈ മണ്ണിനടിയിൽ 8 മീറ്റർ താഴ്ചയിൽ ലോറി ഉണ്ടെന്നാണു നൂതന റഡാർ ഉപയോഗിച്ചു കണ്ടെത്തിയ സിഗ്നൽ നൽകുന്ന സൂചന.
കരയിൽനിന്നു 40 മീറ്റർ അകലെയാണു ലോറി കിടക്കുന്നതെന്നുമാണു കരുതുന്നത്. അതേസമയം ഇതു സ്ഥിരീകരിച്ചിട്ടുമില്ല. അർജുന്റേതല്ലാത്ത വേറെ വല്ല വാഹനങ്ങളും ആകാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.
ശക്തമായ മഴയിൽ ഗംഗാവലി നദി നിറഞ്ഞു കവിഞ്ഞൊഴുകുകയാണ്. കരയിൽനിന്നു മണ്ണ് നീക്കിയതു പോലെ എളുപ്പമാകില്ല, പുഴയിലെ മണ്ണു നീക്കൽ.
കരയിൽ ജെസിബി ഉപയോഗിച്ചു മണ്ണ് ഇടിച്ച് ടിപ്പർ ലോറികളിൽ കയറ്റി മറ്റൊരിടത്തേക്കു മാറ്റിയാണു തിരച്ചിൽ നടത്തിയത്.
എന്നാൽ പുഴയിൽ ഇതുപോലെ ജെസിബി ഉപയോഗിച്ചു മണ്ണ് നീക്കം ചെയ്യാനാവില്ല. പുഴയിലെ ഒഴുക്ക് തടസ്സപ്പെടുത്തി ലോറി നിൽക്കുന്നതായി കരുതുന്ന ഭാഗത്തെ വെള്ളം വറ്റിച്ചെടുക്കേണ്ടി വരും.
ഇതിനായി പാലം നിർമാണ സമയത്ത് ഉപയോഗിക്കുന്നതു പോലെ വെള്ളം തടഞ്ഞു നിർത്തുന്നതിനുള്ള സാങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്തണം.
ഇത്തരം സജീകരണം സൈന്യം എത്തിച്ചിട്ടുണ്ടോ എന്നത് ഇപ്പോൾ വ്യക്തമല്ല. സൈന്യത്തിലെ എൻജിനീയറിങ് വിഭാഗത്തിൽ പാലങ്ങളും റോഡുകളുടെയും നിർമാണത്തിൽ വൈദഗ്ധ്യമുള്ള സംഘമാണു സൈന്യത്തിനൊപ്പം എത്തിയിട്ടുള്ളത്.
ഇവർക്ക് ഇത് അധികം പ്രയാസമില്ലാതെ സാധ്യമാക്കാവുന്നതേ ഉള്ളു. ദേശീയപാത നിർമാണ ഏജൻസികളുടെ സഹായം തേടിയാലും കൂടുതൽ ഉപകരണങ്ങൾ ലഭ്യമാകും.
ദുർഘടമായ ഭൂപ്രദേശം, നദിയിലെ ഒഴുക്ക് വ്യതിയാനങ്ങൾ എന്നീ സങ്കീർണതകൾ അതിജീവിക്കാൻ സൈന്യത്തിനു കഴിയുമെന്നാണു പ്രതീക്ഷ. ക്രെയിനുകൾ, വിഞ്ചുകൾ, ബാർജുകൾ, ഡൈവിങ് ഗിയർ എന്നിവയുൾപ്പെടെ ആവശ്യമായ ഉപകരണങ്ങൾ സ്ഥലത്തെത്തിക്കണം.
നദീതീരത്തേക്ക് ഷിരൂർ കുന്നിൻ ചെരുവിലെ പാതകളിലൂടെ ഭാരമേറിയ യന്ത്രസാമഗ്രികൾ എത്തിക്കുന്നതും റെസ്ക്യു ടീമിനു വെല്ലുവിളിയാണ്.
വെള്ളം കലക്കു നിറയുമ്പോൾ അതിന്റെ തടസ്സവും ഉണ്ടാവും. മുങ്ങൽ വിദഗ്ധരുടെ സേവനവും അത്യാവശ്യ സമയത്ത് പ്രയോജനപ്പെടുത്തേണ്ടി വന്നേക്കും.
ക്രെയിനുകളും സജ്ജീകരിക്കണം. ലോറി കണ്ടെത്തുകയാണെങ്കിൽ അതിന്റെ നിലവിലെ അവസ്ഥ വിലയിരുത്തുന്നതിനും കേബിളുകളോ സ്ലിംഗുകളോ ഉപയോഗിച്ച് അതു സുരക്ഷിതമായി ഉയർത്തുന്നതിനു തടസ്സങ്ങളുണ്ടോ എന്നു പരിശോധിക്കുകയും വേണം.
ക്രെയിനുകളോ വിഞ്ചുകളോ ഉപയോഗിച്ചാവും നദിയിൽനിന്ന് ലോറി ഉയർത്തുക എന്നാണു കരുതുന്നത്. ലോറി കണ്ടെത്തിയാൽ ലിഫ്റ്റിങ് ഫോഴ്സിന്റെ സേവനം നിർണായകമാണ്. ലോറി എയർ ലിഫ്റ്റിങ് നടത്തുന്നതിന് എയർഫോഴ്സും സജ്ജമായി നിൽക്കുന്നുണ്ട്.
ഹെലികോപ്റ്ററുകൾ അടക്കം ഇതിനായി എത്തിക്കാനുള്ള സാധ്യത പരിശോധിക്കുമെന്ന് എയർഫോഴ്സ് അധികൃതർ ‘മനോരമ’യോടു പറഞ്ഞു. എയർഫോഴ്സ് കൺട്രോൾ റൂമിൽ ഷിരൂരിലെ സാഹചര്യം വിലയിരുത്തുന്നുണ്ട്.
ഇന്ന് ലോറി കണ്ടെത്താനുള്ള നടപടികൾ ആരംഭിക്കുന്നതിനു മുൻപ് നദിയുടെ ഒഴുക്ക്, മറ്റ് തടസ്സങ്ങൾ എന്നിവ മനസ്സിലാക്കാനുള്ള ശ്രമമാവും സൈന്യം ആദ്യം നടത്തുക.
റിസ്ക് അാനലിസിസ് നടത്തുന്നതാണ് ഒന്നാംഘട്ടമെന്ന സൂചനകളാണു സൈന്യവുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ നൽകുന്നത്.
പ്രാദേശിക ഉദ്യോഗസ്ഥർ, പരിസ്ഥിതി ഏജൻസികൾ, പ്രത്യേക ഡൈവിങ് ടീമുകൾ എന്നിവ തമ്മിലുള്ള ഏകോപിത ശ്രമങ്ങളാവും ലോറി കരയ്ക്കെത്തിക്കാൻ സൈന്യം നടത്തുക.
അതല്ല മുൻപു പല തവണ കണ്ടെത്തിയ സിഗ്നൽ പോലെ നദിയിൽ കണ്ടെത്തിയതും ലോറിയുടെ അല്ല എന്നു തെളിഞ്ഞാൽ നിരാശയാവും ഫലം.
#Deeper #feet #strong #undercurrent #steps #army #Arjun #lorry #river