തിരൂര്‍: (truevisionnews.com) ഏഴു വയസ്സില്‍ താഴെ പ്രായമുള്ള വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ മദ്രസ അധ്യാപകനായ പ്രതിയെ ജീവിതാവസാനം വരെയുള്ള ട്രിപ്പിള്‍ ജീവപര്യന്തം തടവിനും വിവിധ വകുപ്പുകളിലായി 15 വര്‍ഷം തടവിനും ഒന്നര ലക്ഷം രൂപ പിഴയടക്കുന്നതിനും കോടതി ശിക്ഷിച്ചു.
ശിക്ഷ ഒന്നിച്ചനുഭവിച്ചാല്‍ മതി. 2016 ഏപ്രില്‍, മേയ് മാസങ്ങളില്‍ വിദ്യാര്‍ഥിനിയെ തിരൂര്‍ ഭാഗത്തെ ക്ലാസ്മുറിയില്‍ വെച്ച് പ്രതി കഠിനമായ ലൈംഗിക പീഡനത്തിന് ഇരയാക്കിയ കുറ്റത്തിന് തിരൂര്‍ പോലീസ് രജിസ്റ്റര്‍ചെയ്ത കേസിലാണ് വിധി.
തെക്കന്‍ കുറ്റൂരിലെ ചെറുപറമ്പില്‍ അബ്ദുറഹിമാനെ (51) യാണ് ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കില്‍ രണ്ടുവര്‍ഷം അധിക തടവിനും ശിക്ഷിച്ചു. തിരൂര്‍ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ജഡ്ജ് റെനോ ഫ്രാന്‍സിസ് സേവ്യറാണ് കേസില്‍ വിചാരണ നടത്തി ശിക്ഷവിധിച്ചത്.
പ്രതി പിഴയടയ്ക്കുന്നപക്ഷം 1,20,000 രൂപ അതിജീവിതയ്ക്ക് നല്‍കാന്‍ ഉത്തരവായി. തിരൂര്‍ പോലീസ് സബ് ഇന്‍സ്‌പെക്ടര്‍മാരായിരുന്ന ശമനേഷ്, സുനില്‍ പുളിക്കല്‍, കെ.ആര്‍. രഞ്ജിത്ത് എന്നിവരായിരുന്നു അന്വേഷണോദ്യോഗസ്ഥര്‍.
പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. അശ്വനികുമാര്‍ ഹാജരായി. പ്രോസിക്യൂഷന്‍ ലൈസണ്‍ വിങിലെ അസി. സബ് ഇന്‍സ്‌പെക്ടര്‍ എന്‍.പി. സീമ പ്രോസിക്യൂഷനെ സഹായിച്ചു. പ്രതിയെ തവനൂര്‍ സെന്‍ട്രല്‍ ജയിലേക്ക് അയച്ചു.
#Madrasa #teacher #gets #triple #life #sentence #case #sexually #assaulting #girl #student