കൊല്‍ക്കത്ത: (truevisionnews.com) ബംഗ്ലാദേശ് എം.പി അന്‍വാറുള്‍ അസിം അനാറിന്റെ കൊലപാതകത്തില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പോലീസ്.
അന്‍വാറുളിന്റെ മൃതശരീരത്തില്‍ നിന്ന് തൊലിയെടുത്തുമാറ്റിയതും ചെറിയ കഷണങ്ങളാക്കി വെട്ടിമുറിച്ചതും കശാപ്പുകാരനാണെന്ന് പോലീസ് പറഞ്ഞു.
കഴിഞ്ഞ ദിവസം പശ്ചിമബംഗാള്‍ സി.ഐ.ഡി അറസ്റ്റു ചെയ്ത കശാപ്പുകാരനെ ഇതിനായി മുബൈയില്‍ നിന്ന് പ്രത്യേകം കൊണ്ടുവരികയായിരുന്നുവെന്നും പോലീസ് പറഞ്ഞു.
ശരീര ഭാഗങ്ങളും എല്ലുകളും ചെറിയ കഷണങ്ങളാക്കി മുറിച്ചാണ് മൃതദേഹം കൊലപാതകികള്‍ ഉപേക്ഷിച്ചതെന്നും പോലീസ് ചൂണ്ടിക്കാട്ടി. അസ്ഥികളില്‍ നിന്ന് മാംസം വേര്‍തിരിക്കുകയും മഞ്ഞള്‍പ്പൊടി ഇട്ടുവെക്കുകയും ചെയ്തു. ജിഹാദ് ഹവലാദര്‍(24) എന്നാണ് അറസ്റ്റുചെയ്യപ്പെട്ട കശാപ്പുകാരന്റെ പേര്.
ഇയാള്‍ മുംബൈയില്‍ അനധികൃത കുടിയേറ്റക്കാരനായി താമസിച്ചുവരികയായിരുന്നുവെന്നും പോലീസ് ചൂണ്ടിക്കാട്ടി. ബംഗ്ലാദേശ് കുല്‍ന സ്വദേശിയായ ജൊയ്‌നാല്‍ ഹവാല്‍ദറിന്റെ മകനാണ് ഇയാളെന്നും പോലീസ് പറയുന്നു.
എം.പി യുടെ കൊലപാതകത്തിന് രണ്ട് മാസം മുമ്പ് തന്നെ പ്രതി കൊല്‍ക്കത്തയില്‍ എത്തിയിരുന്നുവെന്നും ബംഗ്ലാദേശ് വംശജനായ അമേരിക്കന്‍ പൗരന്‍ അക്തറുസ്സമാന്‍ ഷഹീൻ എന്നയാളുടെ നിര്‍ദേശപ്രകാരമാണ് താന്‍ പ്രവര്‍ത്തിച്ചതെന്നും പിടിയിലായ ജിഹാദ് ഹവലാദര്‍ അന്വേഷണ ഉദ്യോഗസ്ഥരോട് സമ്മതിച്ചിട്ടുണ്ട്.
ജിഹാദ് ഹവലാദറും മറ്റ് നാല് ബംഗ്ലാദേശി സ്വദേശികളും ചേര്‍ന്നാണ് കൊലപാതകം നടത്തിയത്. എം.പിയെ ഫ്‌ളാറ്റിലെത്തിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹത്തില്‍ നിന്ന് തൊലി മാറ്റുകയായിരുന്നു. പിന്നീട് മൃതദേഹം പല കഷണങ്ങളാക്കി പാക്ക് ചെയ്ത് കൊല്‍ക്കത്തയുടെ പല ഭാഗത്ത് ഉപേക്ഷിക്കുകയായിരുന്നുവേന്നും അധികൃതര്‍ വ്യക്തമാക്കി.
എളുപ്പത്തില്‍ ദ്രവിക്കുന്നത് ഒഴിവാക്കാനാണ് മഞ്ഞള്‍പ്പൊടി വിതറിയതെന്നും പോലീസ് പറയുന്നു . അറസ്റ്റ് ചെയ്യപ്പെട്ട പ്രതിയെ കോടതിയില്‍ ഹാജരാക്കിയതിന് ശേഷം പോലീസ് കസ്റ്റഡിയില്‍ വാങ്ങി മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെടുക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.
ബംഗ്ലാദേശ് ദേശീയപാര്‍ട്ടിയായ അവാമിലീഗിന്റെ എം.പിയാണ് അന്‍വാറുള്‍ അസിം. ചികിത്സയ്ക്കായി മെയ് 12 ന് കൊല്‍ക്കത്തയിലെത്തിയ അന്‍വാറുളിനെ മെയ് 18 മുതല്‍ കാണാതാവുകയായിരുന്നു. തുടര്‍ന്ന് വാടകകൊലയാളികള്‍ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
സി.സി.ടി.വി ദൃശ്യങ്ങള്‍ സിഐഡി പരിശോധിച്ചുവരികയാണ്. ഒരു പുരുഷനും സ്ത്രീയ്ക്കുമൊപ്പം അന്‍വാറുള്‍ അനാര്‍ ഫ്‌ലാറ്റിലേക്ക് പ്രവേശിക്കുന്നത് ദൃശ്യങ്ങളിലുള്ളതായി അധികൃതര്‍ വ്യക്തമാക്കിയിരുന്നു. എം.പിക്കൊപ്പം ഫ്‌ലാറ്റില്‍ പ്രവേശിച്ചവര്‍ പിന്നീട് പുറത്തുവരുന്നതും വീണ്ടും തിരികെയെത്തുന്നതും ദൃശ്യങ്ങളിലുണ്ട്.
എന്നാല്‍ എംപിയെ പിന്നീട് ദൃശ്യങ്ങളില്‍ കണ്ടിട്ടില്ല. പിന്നീട് റൂമിന് വെളിയിലെത്തിയ ഇരുവരുടെയും കൈകളില്‍ സ്യൂട്ട്‌കേസുകള്‍ ഉണ്ടായിരുന്നതായി ഉദ്യോഗസ്ഥര്‍ പറഞ്ഞതായി ദേശിയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ന്യൂ ടൗണിലെ ഫ്‌ലാറ്റിനുള്ളില്‍ രക്തക്കറ കണ്ടെത്തിയിരുന്നു. നിരവധി പ്ലാസ്റ്റിക് ബാഗുകളും ഇവിടെനിന്ന് കണ്ടെടുത്തിരുന്നു. എംപിയെ ആദ്യം കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയും തുടര്‍ന്ന് മൃതദേഹം ഒന്നിലധികം കഷണങ്ങളാക്കി മുറിച്ച് ശരീരഭാഗങ്ങള്‍ പ്ലാസ്റ്റിക്ക് കവറുകളിലാക്കി വിവിധ പ്രദേശങ്ങളില്‍ വലിച്ചെറിഞ്ഞതായാണ് സാഹചര്യത്തെളിവുകള്‍ സൂചിപ്പിക്കുന്നതെന്നാണ് ഉദ്യോഗസ്ഥരില്‍ നിന്ന് ലഭിക്കുന്ന വിവരം.
#Police #shocking #revelation #murder #mP #AnwarulAzimAnar.