ന്യൂഡൽഹി: (truevisionnews.com) എഡ്യു ടെക് സ്ഥാപനമായ ബൈജൂസ് ഉടമ ബൈജു രവീന്ദ്രൻ നിക്ഷേപകരുടെ യോഗത്തിൽ പങ്കെടുക്കില്ല. ബൈജൂസിന്റെ പാരന്റ് കമ്പനിയിൽ 30 ശതമാനം ഓഹരിയുള്ളവർ പങ്കെടുക്കുന്ന എക്‌സ്ട്രാ ഓർഡിനറി ജനറൽ യോഗത്തിൽ ബൈജു രവീന്ദ്രനോ ബോർഡ് അംഗങ്ങളോ പങ്കെടുക്കില്ല.
ബൈജു രവീന്ദ്രൻ രാജ്യം വിടാതിരിക്കാൻ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചതിന് പിന്നാലെയാണ് നീക്കം. നിലവിൽ ബൈജു ദുബൈയിലാണ്. ഗ്രൂപ്പ് സിഇഒ സ്ഥാനത്ത് നിന്നും ബൈജുവിനെ വോട്ടിനിട്ട് നീക്കുകയെന്നതാണ് ഇന്നത്തെ യോഗത്തിന്റെ ഒരു അജണ്ട. ഇജിഎം നടന്ന് 30 ദിവസത്തിനകം പുതിയ ഡയറക്ടർ ബോർഡിനെ നിയമിക്കും.
അതേസമയം ഇന്നത്തെ ഇജിഎമ്മിൽ എടുക്കുന്ന തീരുമാനങ്ങൾ അന്തിമ ഉത്തരവ് വരുന്നത് വരെ നടപ്പാക്കുന്നത് വരെ കർണ്ണാടക ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിൽ പറഞ്ഞിട്ടുണ്ട്. നിയമവിരുദ്ധമായാണ് ഇന്നത്തെ ഇജിഎം യോഗമെന്നും അസാധുവാണെന്നുമാണ് ബൈജൂസ് കമ്പനി വക്താവിന്റെ വിശദീകരണം.
എന്നാൽ ഇജിഎം സാധുവാണെന്നും നിശ്ചയിച്ച പ്രകാരം തന്നെ നടത്തുമെന്നും നിക്ഷേപകർ അറിയിച്ചു. ഒരു വർഷം മുമ്പ് എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് കൊച്ചി ഓഫീസ് ബൈജു രവീന്ദ്രനെതിരെ ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയിരുന്നു.
ഇത് പിന്നീട് ബെംഗളൂരു ഓഫീസിന് കൈമാറുകയായിരുന്നു. ഇത് പ്രകാരം വ്യക്തിയുടെ വിദേശ യാത്രകൾ ഏജൻസിക്ക് അറിയാൻ സാധിക്കും. എന്നാൽ വിദേശ യാത്ര നടത്തുന്നതിൽ നിന്നും ഒരാളെ തടയാൻ കഴിയുമായിരുന്നില്ല. ഈ ലുക്ക് ഔട്ട് സർക്കുലറിലാണ് ഭേദഗതി വരുത്തിയത്.
#BaijuRavindran #return #India #attend #investors #meeting