കോഴിക്കോട്: (truevisionnews.com) കോഴിക്കോട് വേദവ്യാസ സൈനിക സ്കൂളിൽ നിന്നും ഒളിച്ചോടിപ്പോയ ബീഹാര്‍ സ്വദേശിയായ പതിമൂന്നുകാരനെ പൂനെയിൽ നിന്നും തിരിച്ചെത്തിച്ചു. ഒളിച്ചോടിപ്പോയി എട്ട് ദിവസത്തിന് ശേഷം പൂനെയില്‍ നിന്നാണ് കഴിഞ്ഞ ദിവസം കുട്ടിയെ കണ്ടെത്തിയത്.

റെയില്‍വേ സ്റ്റേഷനോട് ചേര്‍ന്നുള്ള ഒരു ഹോട്ടലില്‍ ജോലിക്ക് നില്‍ക്കുകയായിരുന്നു കുട്ടി. കുട്ടിയെ കോടതിയിൽ ഹാജരാക്കിയ ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.
വേദവ്യാസ സൈനിക സ്കൂൾ ഹോസ്റ്റലിൽ നിന്നും ഈ മാസം 24 നാണ് കുട്ടി ഒളിച്ചോടിപ്പോയത്. അതി സാഹസികമായിട്ടാണ് കുട്ടി ഹോസ്റ്റലിൽ നിന്നും കടന്നുകളഞ്ഞത്. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കുട്ടി പൂനെയിലുള്ളതായുള്ള വിവരം ലഭിച്ചത്.
24ന് പാലക്കാട് നിന്ന് കന്യാകുമാരി -പൂനെ എക്സ്പ്രസിൽ കുട്ടി കയറിയതിന്‍റെ വിവരം പൊലീസിന് ലഭിച്ചിരുന്നു. സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ പൂനെയിൽ നിന്ന് കണ്ടെത്താനായത്. പൂനെയിലേക്ക് പോകുമെന്ന് സഹപാഠികളോട് കുട്ടി നേരത്തെ പറഞ്ഞിരുന്നു.
കുട്ടി ഏത് ട്രെയിനിലാണ് കയറിയതെന്ന കാര്യത്തിൽ ആദ്യഘട്ടത്തിൽ സംശയമുണ്ടായിരുന്നു. രണ്ട് ദിവസം മുമ്പാണ് പാലക്കാട് നിന്നും ട്രെയിൻ കയറുന്നതിന്‍റെ ദൃശ്യങ്ങള്‍ ലഭിക്കുന്നത്. ഇതാണ് കുട്ടിയെ കണ്ടെത്താൻ നിര്‍ണായകമായത്.
#old #boy #missing #Kozhikode #hostel #returned #found #after #eight #days
