തിരുവനന്തപുരം: ( www.truevisionnews.com ) ബിസിനസിൽ സംഭവിച്ച പാളിച്ചകളെക്കുറിച്ചും കടബാധ്യതകളെക്കുറിച്ചും വിശദീകരിച്ചും, മകൻ നൽകിയതായി പറയപ്പെടുന്ന മൊഴി സത്യമല്ലെന്ന് വെളിപ്പെടുത്തിയും വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തിലെ പ്രതി അഫാന്‍റെ പിതാവ് അബ്ദുറഹീം.

നാട്ടിലേക്ക് മടങ്ങാനിരിക്കെയാണ് റഹീം ഇക്കാര്യങ്ങൾ വിശദീകരിച്ചത്. നല്ലപോലെ നടന്നുവന്നിരുന്ന ബിസിനസിൽ കൊറോണക്ക് ശേഷം സംഭവിച്ച പ്രതിസന്ധിയാണ് സാമ്പത്തിക ബുദ്ധിമുട്ടുകൾക്ക് വഴിവെച്ചതെന്ന് റഹീം പറഞ്ഞു.
അഫാനെ ഗൾഫിൽ കൊണ്ടുവന്ന് നല്ല നല്ല ജോലിയൊക്കെ നോക്കാം എന്ന് കരുതി ഇരുന്നതായിരുന്നു. എവിടെയാണ് മകന് പിഴച്ചതെന്ന് അറിയില്ലെന്നും അദ്ദേഹം കണ്ണീരോടെ പറഞ്ഞു.
‘കഫീലിന്റെ അടുത്തുനിന്ന് കട വാടകക്കെടുത്ത് നടത്തുകയായിരുന്നു. മാസം 6000 റിയാൽ വീതം കഫീലിന് നൽകണം. നല്ലപോലെ കാശുണ്ടാക്കിയിരുന്നയാളാണ് ഞാൻ. വലിയ വീടൊക്കെ വെച്ചു. വസ്തുവൊക്കെ വാങ്ങി.
ബന്ധുക്കളുമായൊക്കെ നല്ല സഹവർത്തിത്വത്തിൽ പോകുകയായിരുന്നു. കൊറോണക്കുശേഷം കുറച്ച് ബാധ്യതകൾ വന്നു. തുടർന്ന് പലിശക്ക് പൈസയെടുത്ത് കച്ചവടം ചെയ്ത് ദിവസവും അടച്ചുകൊണ്ടിരുന്നു.
യമനികളുടെ അടുക്കൽനിന്നാണ് ഞാൻ കാശ് വാങ്ങിയത്. കടയുടെ ലൈസൻസ്, ഇഖാമ തുടങ്ങിയ രേഖകളും ഒരു സാക്ഷിയെയും ഹാജരാക്കിയാണ് കാശ് വാങ്ങിയിരുന്നത്.’
‘പൈസ വാങ്ങി കച്ചവടം ചെയ്ത് കാശ് അടക്കുന്നുണ്ടെങ്കിലും കച്ചവടം കുറഞ്ഞുവരികയായിരുന്നു. എങ്ങനെയെങ്കിലും മെയ്ക്കപ്പ് ചെയ്ത് പോകാനായിരുന്നു ശ്രമം. കഫീലിന് കൊടുക്കണം, നമ്മുടെ കാര്യങ്ങൾ നടക്കണം, വീട്ടിലേക്ക് അയക്കണം തുടങ്ങിയ ബാധ്യതകൾക്കിടയിലും കച്ചവടം ചെയ്തുകൊണ്ടേയിരുന്നു.
കുറച്ചുനാൾ കഴിഞ്ഞപ്പോൾ അടുത്തടുത്ത് ഞാൻ രണ്ടുതവണ കാശെടുത്തു. 30000 റിയാലാണ് എടുത്തത്. അതിൽ കുറച്ച് അടച്ചു. ഞാൻ ജാമ്യംനിന്ന ഒരു പാലക്കാട്ടുകാരനുണ്ടായിരുന്നു.
അവൻ പെട്ടെന്ന് നാട്ടിൽ പോയപ്പോൾ ആ ബാധ്യത കൂടി എനിക്കായി. എനിക്ക് അവനും അവന് ഞാനും പരസ്പരം ജാമ്യം നിന്നാണ് പണമെടുത്തത്. അവൻ വരാതായതോടെ അതും ഞാൻ അടക്കേണ്ടിവന്നു. ഏകദേശം 28000 റിയാൽ ഈ യമനിക്ക് കൊടുക്കാനുണ്ട്.’
‘നാട്ടിൽ 65 ലക്ഷം രൂപ കടമുണ്ടെന്ന് മോൻ പൊലീസിന് മൊഴി കൊടുത്തതൊന്നും ഒരിക്കലും സത്യമല്ല. നാട്ടിൽ അഞ്ചുലക്ഷത്തോളം രൂപ കടവും സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയിൽ ഒരു ലോണുമുണ്ട്. വീടുവിൽക്കാൻ ശ്രമിച്ചത് ഈ കടങ്ങളൊക്കെ വീട്ടാനായി മാത്രമാണ്. എന്നിട്ടും നാട്ടിൽപോകാതെ ഇവിടെ നിന്നത് രണ്ടോ മൂന്നോ വർഷം ജോലി ചെയ്ത് കടങ്ങളൊക്കെ വീട്ടി നല്ലതുപോലെ മുമ്പോട്ടുപോവുക എന്ന ചിന്തയിലാണ്....’
‘അഫാനെ ഇവിടെ കൊണ്ടുവരാം, നല്ല ജോലിയൊക്കെ നോക്കാം എന്നൊക്കെ കരുതി ഇരുന്നതായിരുന്നു. എവിടെയാണ് അവന് പിഴച്ചതെന്ന് എന്നോട് ചോദിച്ചാൽ സത്യമായും എനിക്കറിയില്ല. രണ്ടുമാസം മുമ്പ് കഴക്കൂട്ടത്ത് വെള്ളത്തിന്റെ വണ്ടി ഓടിക്കാൻ പോയിരുന്നു.
രാവിലെ പോയാൽ രാത്രി 10-11 മണിയാകും വരാൻ. പിന്നീട് ഫുഡ് ഡെലിവറിക്കു പോകുമായിരുന്നു. കാശുണ്ടാക്കുള്ള ശ്രമത്തിലായിരുന്നു അവൻ. വാപ്പ അയച്ചില്ലേലും വീട്ടിലെ കാര്യങ്ങൾ നടത്തണമെന്ന ആഗ്രഹം പ്രകടിപ്പിച്ചവനായിരുന്നു. അതിനിടയിൽ കൂട്ടുകാരുമായി കൂടി മറ്റെന്തെങ്കിലും ചെയ്തോ എന്നൊന്നും എനിക്കറിയില്ല.
അവൻ ഒരു കുട്ടിയുമായി പ്രേമത്തിലാണെന്ന് ഭാര്യ ഒരുദിവസം പറഞ്ഞിരുന്നു. അവൻ ഒരു പെണ്ണിനെ ബൈക്കിന്റെ പിറകിലിരുത്തി കറങ്ങുകയാണെന്ന് സഹോദരിയുടെ മകളും പറഞ്ഞു. അതൊക്കെ ഈ കാലത്ത് സംഭവിക്കുന്നതല്ലേ, വിട്ടേക്ക് എന്ന് പൊസീറ്റിവായാണ് ഞാൻ മറുപടി പറഞ്ഞത്...’ -റഹീം വിശദീകരിച്ചു.
#venjaramoodu #mass #murder
