Feb 14, 2025 01:13 PM

തിരുവനന്തപുരം: (www.truevisionnews.com) കോട്ടയം നഴ്‌സിങ് കോളജിലെ റാഗിങ് വയനാട്ടില്‍ സിദ്ധാര്‍ത്ഥിനുണ്ടായ ദുരന്തത്തിന്റെ തുടര്‍ച്ചയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. എസ്.എഫ്.ഐ പിരിച്ചുവിടാന്‍ സി.പി.എം തയാറാകണമെന്നും സതീശൻ തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.

വയനാട്ടില്‍ സിദ്ധാര്‍ത്ഥന് സംഭവിച്ച ദുരന്തത്തിന്റെ തുടര്‍ച്ചയാണ് കോട്ടയം നഴ്‌സിങ് കോളജിലെ റാഗിങ്ങും. കൊലപാതകത്തിലേക്ക് എത്തിയില്ലെന്നു മാത്രമേയുള്ളൂ. ക്രൂരമായ പീഡന ദൃശ്യങ്ങളാണ് പുറത്തുവന്നത്.

ഇത് കേരളത്തിലെ പല കോളജ് ഹോസ്റ്റലുകളിലും നടക്കുന്നുണ്ട്. തിരുവനന്തപുരം യൂനിവേഴ്‌സിറ്റി കോളജില്‍ ഭിന്നശേഷിയുള്ള വിദ്യാര്‍ത്ഥിയെ വരെ യൂണിയന്‍ റൂമിലെ ഇടിമുറിയില്‍ കൊണ്ടു പോയി മര്‍ദ്ദിച്ചു.

പൂക്കോട് സംഭവത്തില്‍ പ്രതികളായ എസ്.എഫ്.ഐക്കാരെ സംരക്ഷിക്കാനുള്ള ശ്രമം സര്‍ക്കാരിന്റെയും സി.പി.എമ്മിന്റെയും ഭാഗത്തു നിന്നുണ്ടായി. കോട്ടയം നഴ്‌സിങ് കോളജിലും റാഗിങിന് നേതൃത്വം നല്‍കിയത് എസ്.എഫ്.ഐയുമായി ബന്ധമുള്ള സംഘടനയുടെ സംസ്ഥാന സെക്രട്ടറിയാണ്.

ദയവുചെയ്ത് എസ്.എഫ്.ഐയെ പിരിച്ചുവിടുകയാണ് സി.പി.എം ചെയ്യേണ്ടത് -വി.ഡി. സതീശൻ പറഞ്ഞു. പട്ടിക ജാതി വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടിയുള്ള ഹോസ്റ്റലിലാണ് ഇത്രയും വലിയ ക്രൂരതയുണ്ടായത്.

ഹോസ്റ്റര്‍ വാര്‍ഡന് എന്താണ് ജോലി? അധ്യാപകരും പ്രിന്‍സിപ്പലും ഇതൊന്നും അറിഞ്ഞില്ലേ? ആരും അറിയാതെ ഇത്രയും ക്രൂരമായ അക്രമം ഹോസ്റ്റലില്‍ നടന്നു എന്നത് അവിശ്വസനീയമാണ്. ഇതുപോലുള്ള പ്രതികളെ സംരക്ഷിക്കാന്‍ ഇറങ്ങരുതെന്നാണ് മുഖ്യമന്ത്രിയോടും സര്‍ക്കാരിനോടും പറയാനുള്ളത്.

പൂക്കോട്ടെ സിദ്ധര്‍ത്ഥിന്റെ മാതാപിതാക്കള്‍ ഇപ്പോഴും മകന്‍ നഷ്ടപ്പെട്ട വേദനയില്‍ കഴിയുകയാണ്. പൂക്കോടുണ്ടായ സംഭവത്തില്‍ സര്‍ക്കാര്‍ പക്ഷപാതപരമായ നിലപാട് സ്വീകരിച്ചതാണ് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ കാരണം.

വീട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിച്ചില്ലെങ്കില്‍ ഇത്തരം സംഭവങ്ങള്‍ ഇനിയും ആവര്‍ത്തിക്കപ്പെടും. ആരോഗ്യമന്ത്രി മാലയിട്ട് സ്വീകരിച്ച കാപ്പ കേസിലെ പ്രതിയെ വീണ്ടും നാടുകടത്തി. ക്രിമിനലിനെ മാലയിട്ട് സ്വീകരിച്ച ആളാണ് ആരോഗ്യമന്ത്രി.

അക്രമികൾ എസ്.എഫ്.ഐക്കാരും എസ്.എഫ്.ഐയുമായി ബന്ധമുള്ള സംഘടനയില്‍ ഉള്‍പ്പെട്ടവരുമാണെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.

#Continuation #Siddharth #tragedy #nursingcollege #raging #Wayanad #VDSatheesan

Next TV

Top Stories