കോഴിക്കോട്: ( www.truevisionnews.com) കോഴിക്കോട് താമരശ്ശേരിയില്‍ ബൈക്കിലെത്തിയ രണ്ടംഗ സംഘം വ്യാപാരിയെ തടഞ്ഞു നിര്‍ത്തി മര്‍ദ്ദിച്ച് പണവും മൊബൈല്‍ ഫോണും കവര്‍ന്നതായി പരാതി. താമരശ്ശേരി-കൊയിലാണ്ടി സംസ്ഥാന പാതയില്‍ ചുങ്കം ബിഷപ്പ് ഹൗസിനു സമീപമുള്ള ഐഒസി പെട്രോള്‍ പമ്പിന് മുന്നില്‍ കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്.

റോഡരികില്‍ പച്ചക്കറി വ്യാപാരം നടത്തുന്ന ഫെലിക്‌സ് രാജേഷിനെ തടഞ്ഞു നിര്‍ത്തിയാണ് കവര്‍ച്ച നടത്തിയത്. രാത്രി 11.15ഓടെ കടയടച്ച് ചുങ്കം ഭാഗത്തേക്ക് നടന്നു പോകുകയായിരുന്നു ഫെലിക്‌സ്.
ഐഒസി പമ്പിന് സമീപം റോഡരികില്‍ നിര്‍ത്തിയിട്ട ബൈക്കിനടുത്ത് നില്‍ക്കുകയായിരുന്നു യുവാക്കള്‍. ഇവര്‍ ആദ്യം വയനാട്ടിലേക്കുള്ള വഴി ചോദിച്ചു.
പിന്നീട് കൈയില്‍ കഞ്ചാവുണ്ടോയെന്ന് ചോദിക്കുകയും തുടര്‍ന്ന് ബലമായി പോക്കറ്റിലുണ്ടായിരുന്ന 20,000 രൂപയും 15000 രൂപ വിലയുള്ള പുതിയ സാംസങ്ങ് മൊബൈല്‍ ഫോണും പിടിച്ചെടുത്ത് കടന്നുകളയുകയുമായിരുന്നുവെന്ന് ഫെലിക്‌സ് പൊലീസിന് മൊഴി നല്‍കി.
അക്രമത്തിനിടെ ബഹളമുണ്ടാക്കി സമീപത്തെ പെട്രോള്‍ പമ്പ് ജീവനക്കാരെ വിളിച്ചെങ്കിലും ഇതര സംസ്ഥാനക്കാരായ ഇവര്‍ സ്ഥലത്തേക്ക് വന്നുനോക്കിയില്ലെന്നും അദ്ദേഹം ആരോപിച്ചു. സംഭവത്തില്‍ കേസെടുത്ത പൊലീസ് പരിസര പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു.
#Complaint #bike #Thamarassery #Kozhikode #beat #businessman #Robbed
