കണ്ണൂര്‍: ( www.truevisionnews.com ) ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട യുവതിയെ സിപിആര്‍ നല്‍കി ജീവിതത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയ 'കുഞ്ഞുമാലാഖമാര്‍ക്ക്' അഭിനന്ദന പ്രവാഹം.
ചൊക്ലി വി പി ഓറിയന്റല്‍ സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥിനികളായ ഐഷ അലോന, ഖദീജ കുബ്‌റ, നഫീസത്തുല്‍ മിസ്‌രിയ എന്നിവരുടെ സമയോചിത ഇടപെടലാണ് യുവതിയെ രക്ഷിച്ചത്.
കുട്ടികളുടെ വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ അഭിനന്ദനങ്ങള്‍ അറിയിച്ച് കെ കെ ശൈലജ ടീച്ചറും രംഗത്തെത്തിയിരുന്നു.
'പ്രഥമശുശ്രൂഷാ പാഠത്തിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തിയ കുട്ടികള്‍ക്കും പഠിപ്പിച്ച അധ്യാപകനും അഭിനന്ദനങ്ങള്‍' എന്നായിരുന്നു സംഭവത്തിന്റെ വീഡിയോ പങ്കുവെച്ച് ശൈലജ ടീച്ചര്‍ ഫേസ്ബുക്കില്‍ കുറിച്ചത്.
പ്രത്യേകം യോഗം വിളിച്ച് വിദ്യാര്‍ത്ഥിനികള്‍ക്ക് സ്‌കൂള്‍ അധികൃതരും അഭിനന്ദനം അറിയിച്ചിരുന്നു.
കഴിഞ്ഞ ദിവസം വൈകുന്നേരം സ്‌കൂളിനടുത്തുള്ള കടയില്‍ നിന്നും സാധനങ്ങള്‍ വാങ്ങി ഓട്ടോയില്‍ കയറുന്നതിനിടെയായിരുന്നു യുവതിയ്ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.
പിന്നാലെ കുഴഞ്ഞുവീഴുകയായിരുന്നു. സ്‌കൂളില്‍ പിഇടി കഴിഞ്ഞ് മടങ്ങുകയായിരുന്ന ഐഷയും ഖദീജയും മിസ്‌രിയയും യുവതിയുടെ അടുത്തേക്ക് ഓടിയെത്തി പ്രാഥമിക ശുശ്രൂഷ നല്‍കുകയായിരുന്നു. രാവിലെ ക്ലാസില്‍ വെച്ച് അധ്യാപകനായ പി വി ലുബിന്‍ നല്‍കിയ ക്ലാസിന്റെ അടിസ്ഥാനത്തിലാണ് കുട്ടികള്‍ സിപിആര്‍ നല്‍കിയത്.
അതേസമയം ആദ്യം നടുക്കം തോന്നിയെന്നും എന്നാല്‍ ക്ലാസിൽ കേട്ടതിന്റെ ധൈര്യത്തില്‍ യുവതിയെ രക്ഷിക്കുകയായിരുന്നുവെന്നും കുട്ടികള്‍ പറയുന്നു.
'ഒരു ചേച്ചി വയ്യാതെ റേഡില്‍ നില്‍ക്കുന്നത് കണ്ടു. ചുറ്റും ആളുകളുണ്ട്. ആര്‍ക്കും എന്ത് ചെയ്യണം എന്ന് അറിയില്ല. പെട്ടെന്ന് ആ ചേച്ചി കുഴഞ്ഞുവീണു. നഫീസയാണ് ഞങ്ങളെ വിളിച്ചത്.
ഞങ്ങള്‍ ഓടിയെത്തി ചേച്ചിയുടെ കാല് തടവി കൊടുത്തു. വണ്ടിയുടെ ചാവി വാങ്ങി കയ്യില്‍ കൊടുത്തു. കയ്യിലും തടവികൊടുത്തു. നെഞ്ചില്‍ നല്ല പോലെ തടവി കൊടുത്തു. കുറച്ച് നേരം അങ്ങനെ ചെയ്തപ്പോള്‍ ചേച്ചിക്ക് കുറച്ച് ബോധം വന്നു.
ആരും വെള്ളം ഒന്നും കൊടുക്കുന്നില്ലായിരുന്നു. ചേച്ചി കുറച്ച് വെള്ളം തരുമോ എന്ന് ചോദിച്ചു. ഞങ്ങള്‍ വെള്ളം കൊടുത്തു. പിന്നെ പതിയെ ബോധം വന്നപ്പോള്‍ പിടിച്ച് എഴുന്നേല്‍പ്പിച്ച് ഓട്ടോറിക്ഷയിലിരുത്തി. അവര്‍ ആശുപത്രിയിലേക്ക് പോകുകയാണ് എന്ന് പറഞ്ഞു,' കുട്ടികള്‍ പറയുന്നു.
തന്നെ സംബന്ധിച്ച് ഇത് അഭിമാന നിമിഷമാണെന്ന് അധ്യാപകനായ ലുബിന്‍ പ്രതികരിച്ചു. തിയറിയായി പഠിപ്പിച്ച കാര്യമാണ് കുട്ടികള്‍ പ്രാക്ടിക്കലാക്കിയത്. ഇത്തരം സാഹചര്യങ്ങളില്‍ പെട്ടെന്നുള്ള ഇടപെടലാണ് വേണ്ടതെന്നും കുട്ടികളെ ആലോചിച്ച് അഭിമാനമുണ്ടെന്നും ലുബിന്‍ പറഞ്ഞു.
#He #rubbed #his #sister's #chest #well #little #angels #Chokli #came #rescue #youngwoman #who #felt #sick