കോഴിക്കോട്: ( www.truevisionnews.com ) മാവൂർ തെങ്ങിലക്കടവിൽ ബസ്സും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് 14 പേർക്ക് പരിക്ക്. ശനിയാഴ്ച രാവിലെ പത്തരയോടെയാണ് അപകടമുണ്ടായത്.
കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന ടിപ്പർ ലോറിയുടെ പുറകിൽ അതേ ദിശയിൽ വന്ന ബസ് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബസ്സിന്റെ മുൻഭാഗം പൂർണ്ണമായും തകർന്നു.
ബസിന് മുന്നിലിരുന്ന യാത്രക്കാരില്‍ രണ്ടുപേര്‍ റോഡിലേക്ക് തെറിച്ചുവീണു.
ബസ്സിൽ ഉണ്ടായിരുന്ന മറ്റ് യാത്രക്കാർക്കും പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ നാട്ടുകാർ ചേർന്ന് ചെറൂപ്പ ഹെൽത്ത് യൂണിറ്റിലും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചു.
മാവൂർ സ്വദേശികളായ ഹക്കീം, ജംഷിദ, അശ്വതി, വെള്ളലശ്ശേരി സ്വദേശികളായ അശ്വതി, ശ്രീലജ, റിൻസി, ഗോപാലകൃഷ്ണൻ, ആർ ഇ സി സ്വദേശി രവീന്ദ്രൻ, ഖദീജ, ചെറൂപ്പ സ്വദേശി ഫാത്തിമക്കുട്ടി, കാരശ്ശേരി സ്വദേശി മെഹറുന്നീസ, എന്നിവർക്കും രണ്ട് കുട്ടികൾക്കുമാണ് പരിക്കേറ്റത്.
അപകടത്തെ തുടർന്ന് മാവൂർ-കോഴിക്കോട് റോഡിൽ ഗതാഗതം തടസ്സപ്പെട്ടു. മാവൂർ പോലീസ് സ്ഥലത്തെത്തി ഗതാഗതം നിയന്ത്രിക്കുന്നുണ്ട്.
#bus #tipperlorry #collide #Kozhikode #Maaur #Two #people #fell #road #after #window #bus #broke #14people #injured