തിരുവനന്തപുരം: (truevisionnews.com) കിഴക്കേക്കോട്ടയിൽ ബസുകൾക്കിടയിൽപെട്ട് ബാങ്ക് ജീവനക്കാരൻ മരിച്ച സംഭവത്തിൽ പിഴവ് സംഭവിച്ചത് സ്വകാര്യ ഡ്രൈവർക്കെന്ന് കണ്ടെത്തൽ.
അപകടത്തിൽ ഗതാഗത വകുപ്പിന്റെ പ്രാഥമിക കണ്ടത്തലാണു പുറത്തുവന്നത്. അശ്രദ്ധമായും അമിതവേഗത്തിലുമാണ് സ്വകാര്യ ബസ് തിരിഞ്ഞത്.
മറ്റൊരു ബസിന്റെ തൊട്ടുമുന്നിൽ തിരിഞ്ഞത് അപകടത്തിനിടയാക്കി. റിപ്പോർട്ട് നൽകാൻ ദക്ഷിണ മേഖല ഡെപ്യൂട്ടി ഗതാഗത കമ്മീഷണറെ നിയോഗിച്ചു. സംഭവത്തിൽ ഗതാഗത വകുപ്പ് കൂടുതൽ ശാസ്ത്രീയ തെളിവുകൾ തേടി.
കേരള ബാങ്ക് സീനിയർ മാനേജറായ ഉല്ലാസ് മുഹമ്മദ് ആണു കഴിഞ്ഞ ദിവസം കെഎസ്ആർടിസി ബസിനും സ്വകാര്യ ബസിനും ഇടയിൽപെട്ടു ദാരുണമായി മരിച്ചത്.
സംഭവത്തിൽ ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാർ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. അപകടത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ഗതാഗത കമ്മീഷണർ സി.എച്ച് നാഗരാജുവിനു നിർദേശം നൽകി. സംഭവത്തിൽ പൊലീസ് കേസെടുത്തു.
ഉച്ചയ്ക്ക് 1.45നാണ് സംഭവം. സീബ്രാ ലൈനിലൂടെ ക്രോസ് ചെയ്യാൻ ശ്രമിച്ച ഉല്ലാസ് മുഹമ്മദ് ബസ്സുകൾക്കിടയിൽപെട്ട് ഞെരിഞ്ഞമരുകയായിരുന്നു. സിഗ്നൽ മാറിയ ഉടൻ കെഎസ്ആർടിസി ബസും കുറുകെനിന്ന സ്വകാര്യ ബസും ഒരുമിച്ചു മുന്നോട്ടെടുത്തതാണ് അപകടത്തിനിടയാക്കിയത്.
#Bank #employee #killed #between #buses #private #driver #found #fault