കല്‍പ്പറ്റ: (truevisionnews.com) വയനാട് പുഴയില്‍ ചാടി യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവ്.
വയനാട് എസ്.പിയാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടത്. വയനാട് പനമരത്തെ ആദിവാസി യുവാവ് രതിനാണ് ആത്മഹത്യ ചെയ്തത്.
പൊലീസ് കള്ളക്കേസില്‍ കുടുക്കിയെന്നാരോപിച്ചായിരുന്നു രതിന്‍ ആത്മഹത്യ ചെയ്തത്. സംഭവത്തില്‍ പൊലീസിനെതിരായ ആരോപണങ്ങളും അന്വേഷിക്കും.
ഇതിന്റെ ഭാഗമായി വകുപ്പ് തല പ്രാഥമിക അന്വേണം ആരംഭിച്ചു. പൊതുസ്ഥലത്തുവെച്ച് രതിൻ പ്രശ്‌നമുണ്ടാക്കിയെന്ന് ആരോപിച്ച് കമ്പളക്കാട് പൊലീസ് രതിനെതിരെ എടുത്ത കേസായിരിക്കും ക്രൈംബ്രാഞ്ച് അന്വേഷിക്കുക.
പോക്‌സോ കേസില്‍ പെടുത്തുമെന്ന് കമ്പളക്കാട് പൊലീസ് ഭീഷണിപ്പെടുത്തിയെന്ന ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ കല്‍പ്പറ്റ ഡിവൈഎസ്പിയുടെ നേതൃത്വത്തിലായിരിക്കും വകുപ്പ് തല അന്വേഷണം നടക്കുക.
സംഭവത്തില്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് അന്വേണം നടത്തിയതിന് പിന്നാലെയാണ് നടപടി. ബന്ധുക്കളുടെ പരാതി മാധ്യമങ്ങിലൂടെ അടക്കം ശ്രദ്ധയില്‍പ്പെട്ട സാഹചര്യത്തില്‍ സ്വമേധയാണ് അന്വേണമെന്ന് എസ്.പി അറിയിച്ചു.
സംഭവത്തിന് പിന്നാലെ കമ്പളക്കാട് പൊലീസിനെതിരെ പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ കഴിഞ്ഞ ദിവസം സ്‌പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചിരുന്നു.
പോക്‌സോ കേസില്‍ ഉള്‍പ്പെടുത്തുമെന്ന ഭീഷണിയിലാണ് രതിന്‍ ആത്മഹത്യ ചെയ്തത് എന്നാണ് കുടുംബത്തിന്റെ ആരോപണം. അതേസമയം പൊതുസ്ഥലത്ത് പ്രശ്‌നമുണ്ടാക്കിയതിന് മാത്രമാണ് രതിനെതിരെ കേസെടുത്തതെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു.
(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)
#crime #branch #ordered #investigation #incident #suicide #jumping #Wayanad #river.