കോഴിക്കോട് : (truevisionnews.com) "ഒറ്റ സുപ്രഭാതത്തിൽ രാമ രാജ്യം തീർക്കാനൊന്നും നമുക്ക് പറ്റില്ല , ഘട്ടം ഘട്ടമായെ പറ്റുള്ളൂ, അതിന് വേണ്ടി ശ്രമിച്ച് കൊണ്ടിരിക്കുമ്പോൾ ഇത്തരം പ്രതിസന്ധികൾ ......." നാദാപുരം താലൂക്ക് ആശുപത്രി നഴ്സിംഗ് സൂപ്രണ്ടിൻ്റെ പ്രസംഗം വിവാദമാക്കുന്നു.
തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.പി വനജയ്ക്കും ആശുപത്രി ഭരണ സമിതി അംഗങ്ങൾക്കും എതിരെ നാദാപുരം താലൂക്ക് ഗവ. ആശുപത്രിയിലെ ഒരു വിഭാഗം ജീവനക്കാർ നടത്തിയ പ്രതിഷേധ യോഗത്തിൽ നഴ്സിംഗ് സൂപ്രണ്ട് സിന്ധു നടത്തിയ പ്രസംഗത്തിൻ്റെ വീഡിയോ പുറത്തുവന്നു.
"നാദാപുരത്തേക്ക് പോകരുത് എന്ന് പറഞ്ഞ് നമ്മൾ കേട്ടതെല്ലാം അക്ഷരം പ്രതി ശരിയാണ് എന്ന് ബോധിപ്പിക്കുന്ന രീതിയിൽ ഉള്ള പ്രവർത്തങ്ങളാണ് കുറച്ച് ദിവസങ്ങളായി നടന്നു കൊണ്ടിരിക്കുന്നത് " എന്ന കാര്യവും തൃശ്ശൂർ സ്വദേശിനിയായ നഴ്സിംഗ് സൂപ്രണ്ട് ആശുപത്രി മുറ്റത്ത് നടത്തിയ പ്രതിഷേധ പ്രസംഗത്തിൽ പറയുന്നുണ്ട്.
ജീവനക്കാർ തീക്കൊള്ളി കൊണ്ട് തല ചൊറിയുകയാണെന്നും തൃശ്ശൂരിൽ നിന്നെത്തി ഇവിടെ രാമരാജ്യം പണിയാമെന്നുള്ള ചിലരുടെ സ്വപ്നം നടക്കില്ലെന്ന് ഇന്ന് ആശുപത്രിക്ക് മുമ്പിൽ നടന്ന എൽഡിഎഫ് പ്രതിഷേധ ധർണയിൽ സിപിഐഎം നേതാവും ആശുപത്രി ഭരണസമിതി അംഗവുമായ സി എച്ച് മോഹനൻ പ്രതികരിച്ചിരുന്നു.
ആശുപത്രിക്ക് അകത്തുള്ള ചിലരാണ് ആശുപത്രിയെ തകർക്കാൻ ശ്രമിക്കുന്നത്.
ചെയ്യേണ്ട ജോലി ചെയ്യാതെയും ജോലി കഴിഞ്ഞും ആശുപത്രിയിൽ അസമയങ്ങളിൽ തമ്പടിക്കുന്ന ഒരു കറക്ക് കമ്പനി ഇവിടെ ഉണ്ട്.
ഇവരാണ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.പി വനജയ്ക്കും ആശുപത്രി മാനേജ് മെൻ്റ് കമ്മറ്റി അംഗങ്ങൾക്കും എതിരെ കള്ളകേസ് കൊടുപ്പിച്ചതെന്നും സമരം ഉദ്ഘടനം ചെയ്ത സിപിഐ എം ഏരിയാ സെക്രട്ടറി പി പി ചാത്തു പറഞ്ഞു.
നാദാപുരം ഗവ: താലൂക്ക് ആശുപത്രിയെ തകർക്കുന്ന ഉദ്യോഗസ്ഥ ഗൂഡാലോചന അവസാനിപ്പിക്കുക, ബ്ലോക്ക് പ്രസിഡണ്ടിനെതിരെയും എച്ച്.എം.സി മെമ്പർമാർക്കെതിരെയും കള്ളക്കേസ് കൊടുത്ത ജീവനക്കാർക്കെതിരെ നടപടി എടുക്കുക,
24 മണിക്കൂർ ലാബ് പ്രവർത്തനമെന്ന എച്ച്.എം.സി തീരുമാനം നടപ്പിലാക്കാത്ത ആശുപത്രി സൂപ്രണ്ടിൻ്റെ നടപടി അവസാനിപ്പിക്കുക,
സ്വകാര്യ ലാബുകളെ സഹായിക്കുന്ന ജീവനക്കാരുടെ നടപടി അവസാനിപ്പിക്കുക, അഡ്‌മിഷൻ നടത്താതെ മറ്റ് ആശുപത്രികളിലേക്ക് റഫർ ചെയ്യുന്ന നടപടി അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് എൽഡിഎഫ് ധർണ സംഘടിപ്പിച്ചത്.
രാമരാജ്യം തീർക്കുക എന്നത് കൊണ്ട് താൻ ഉദ്ദേശിച്ചത് നല്ല പ്രവർത്തനം കാഴ്ച വെക്കുക എന്നതാണെന്നും തൻ്റെ പ്രസംഗം വളച്ചൊടിച്ച് വർഗീയമായി മാറ്റുകയാണെന്നും നഴ്സിംഗ് സൂപ്രണ്ട് ട്രൂവിഷൻ ന്യൂസിനോട് പ്രതികരിച്ചു.
#Ramatries #settle #kingdom #protest #meeting #NadapuramGovtTalukhospital #nursing #superintendent #speech #political controversy