തൃശൂർ: (truevisionnews.com) ലോക്‌സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യം വച്ച് ബിജെപി സർക്കാർ വിതരണം ചെയ്യുന്നത് ഭാരത് റൈസല്ല തൃശൂർ റൈസെന്ന് സിപിഐ നേതാവ് വി എസ് സുനിൽകുമാർ. തിരഞ്ഞെടുപ്പ് വിജയത്തിനായി കേന്ദ്ര സർക്കാർ സംവിധാനങ്ങളെ ദുരുപയോഗം ചെയ്യുകയാണെന്നും സുനിൽകുമാർ ആരോപിച്ചു.
വിവാദങ്ങൾക്കും ആരോപണങ്ങൾക്കുമിടയിലും ഭാരത് റൈസ് വിതരണം തൃശൂരിൽ തുടരുകയാണ്. ലോക്‌സഭാ മണ്ഡലത്തിൽ ഉൾപ്പെടുന്ന നിയോജക മണ്ഡലങ്ങൾ തിരിച്ച് ദിവസവും അരിയും പലവ്യഞ്ജനവും വിതരണം നടക്കുന്നുണ്ട്. ഇതിനിടെയാണ് കോൺഗ്രസിന് പിന്നാലെ സിപിഐയും വിമർശനവുമായി രംഗത്തെത്തിയത്.
നേരത്തെ തന്നെ തൃശൂർ ലോക്‌സഭാ മണ്ഡലത്തിൽ വാദപ്രതിവാദങ്ങളിലൂടെ തിരഞ്ഞെടുപ്പ് രംഗം ചൂടുപിടിച്ചിട്ടുണ്ട്. അതിനു പിന്നാലെയാണ് ഭാരത് റൈസിന്റെ വരവ്. ഇപ്പോൾ തൃശൂരിൽ ചർച്ച പൊന്നിയരിയാണ്.
പൊന്നിയരിയിലൂടെ നേട്ടമുണ്ടാക്കാൻ ബിജെപി ശ്രമിക്കുമ്പോൾ എന്ത് വില കൊടുത്തും തടയിടാനാണ് ഇരുമുന്നണികളുടെയും ശ്രമം. എന്നാൽ അരിവിതരണം തടഞ്ഞാൽ അത് തിരിച്ചടിക്കുമെന്ന തിരിച്ചറിവും ഇരുമുന്നണികൾക്കുമുണ്ട്. അതുകൊണ്ട് തന്നെ അരി വിതരണത്തിന് പിന്നിലെ രാഷ്ട്രീയം തുറന്ന് കാട്ടാനാണ് മുന്നണികളുടെ ശ്രമം.
#Center #distributes #ThrissurRice #BharathRice #VSSunilKumar