തിരുവനന്തപുരം: ( www.truevisionnews.com ) പാലോട് നവവധുവിന്റെ ആത്മഹത്യയിൽ ഭർത്താവും സുഹൃത്തും അറസ്റ്റിൽ. പെൺകുട്ടിയുടെ ഭർത്താവായ അഭിജിത്ത്, ഇയാളുടെ സുഹൃത്ത് അജാസ് എന്നിവരാണ് അറസ്റ്റിലായത്.
ഇരുവരേയും പോലീസ് കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തിരുന്നു. ഇവർ പെൺകുട്ടിയെ മാനസികമായി പീഡിപ്പിച്ചുവെന്നും മർദിച്ചതായും ചോദ്യം ചെയ്യലിൽ പോലീസ് കണ്ടെത്തി.
തുടർന്നാണ് അറസ്റ്റിലേക്ക് കടന്നത്. കേസിൽ അഭിജിത്ത് ഒന്നാം പ്രതിയും അജാസ് രണ്ടാംപ്രതിയുമാണ്.
അജാസ് കാറിൽ വെച്ച് തന്റെ സാനിധ്യത്തിൽ മരിച്ച ഇന്ദുജയെ മർദിച്ചുവെന്ന് അഭിജിത്ത് പോലീസിൽ മൊഴി നൽകിയിട്ടുണ്ട്.
അജാസും അഭിജിത്തും നേരത്തെ തന്നെ സുഹൃത്തുക്കളായിരുന്നു. ഇരുവരും തമ്മിലുള്ള ഫോൺ റെക്കോർഡുകളും വാട്സാപ്പ് ചാറ്റ് ഹിസ്റ്ററികളും കസ്റ്റഡിയിൽ എടുക്കും മുമ്പേ അജാസ് ക്ലിയർ ചെയ്തിരുന്നു.
തുടക്കം മുതൽ തന്നെ പെൺകുട്ടിയുടെ മരണത്തിൽ ഏറെ നിഗൂഢതകളായിരുന്നു. രണ്ട് വർഷത്തോളം നീണ്ട പ്രണയത്തിനൊടുവിലായിരുന്നു അഭിജിത്തും ഇന്ദുജയും വിവാഹതിരാകുന്നത്. എന്നാൽ ഇരുവരുടേയും വിവാഹം നിയമപരമായി രജിസ്റ്റർ ചെയ്തിട്ടില്ലെന്നാണ് ഇപ്പോൾ പോലീസ് വ്യക്തമാക്കുന്നത്.
അഭിജിത്തിനെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കൂടുതൽ വിവരങ്ങൾ പുറത്തുവന്നത്. ഇന്ദുജയെ താൻ അല്ല മർദിച്ചതെന്നും സുഹൃത്ത് അജാസാണ് മർദിച്ചതെന്നും അഭിജിത്ത് പോലീസിന് മൊഴിനൽകി.
അഭിജിത്തിന്റെയും ഇന്ദുജയുടേയും കോമൺ ഫ്രണ്ടാണ് അജാസ്. പെൺകുട്ടി മരിക്കുന്നതിന് മൂന്ന് ദിവസം മുമ്പ് കാറിൽ വെച്ച് തന്റെ സാന്നിധ്യത്തിൽ അജാസ് ഇന്ദുജയെ മർദിച്ചുവെന്നാണ് അഭിജിത്ത് മൊഴി നൽകിയിരിക്കുന്നത്.
തുടർന്ന് പരിശോധിച്ചപ്പോഴാണ്, അജാസിന്റേയും അഭിജിത്തിന്റെയും ഫോൺ സംഭാഷണത്തിന്റെ റെക്കോർഡുകളും വാട്സാപ്പ് ചാറ്റുകളുമടക്കം ഡിലീറ്റ് ചെയ്തതായി കണ്ടെത്തിയത്.
ആത്മഹത്യ ചെയ്ത ദിവസം പെൺകുട്ടിയെ അവസാനമായി കണ്ടത് മറ്റാരോടോ ഫോണിൽ സംസാരിക്കുന്നതായിരുന്നുവെന്ന് അഭിജിത്തിന്റെ അമ്മൂമ്മ പോലീസിനോട് പറഞ്ഞിരുന്നു.
ഇത് അജാസിനോടായിരുന്നു എന്നാണ് പോലീസ് കണ്ടെത്തിയത്. അജാസിനോട് സംസാരിച്ച തൊട്ടുപിന്നാലെയാണ് പെൺകുട്ടി ആത്മഹത്യ ചെയ്തതെന്നാണ് വവരം.
അജാസും അഭിജിത്തും ചേർന്ന് പെൺകുട്ടിയെ തങ്ങളുടെ ജീവിതത്തിൽ നിന്ന് മാറ്റുന്നതിന് വേണ്ടി നടത്തിയ നാടകം ഒടുവിൽ പെൺകുട്ടിയെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പോലീസ് കരുതുന്നത്.
ജാതി ചൂണ്ടിക്കാട്ടി അഭിജിത്തിന്റെ കുടുംബം ഇരുവരുടേയും വിവാഹത്തിന് എതിർത്തിരുന്നുവെന്ന് ഇന്ദുജയുടെ വീട്ടുകാർ ആരോപിച്ചിരുന്നു. അഭിജിത്തിനെ ചോദ്യം ചെയ്തതിന് പിന്നാലെയാണ് സുഹൃത്തിന്റേയും പങ്ക് വ്യക്തമായത്.
രണ്ടര വർഷത്തോളമായി അഭിജിത്തും ഇന്ദുജയും തമ്മിൽ സുഹൃത്തുക്കളായിരുന്നു. തിരുവനന്തപുരത്ത് സ്വകാര്യ ലാബിൽ ജോലി ചെയ്തു വരികെയാണ് ഇന്ദുജയുമായി അഭിജിത്ത് അടുപ്പത്തിലാകുന്നത്. നാല് മാസം മുമ്പ് ഇന്ദുജ അഭിജിത്തിനോടൊപ്പം ഇറങ്ങിപ്പോവുകയായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു.
ലാബിലെ ജീവനക്കാരാണ് ഇത് വീട്ടുകാരെ അറിയിക്കുന്നത്. അന്നേദിവസം തന്നെ വീട്ടുകാർ പോലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് പാലോട് പോലീസ് സ്റ്റേഷനിൽ ഇരുവരേയും വിളിച്ചു വരുത്തിയിരുന്നു. ശേഷം വട്ടപ്പാറയിലുള്ള ഒരു ക്ഷേത്രത്തിൽ വെച്ച് ഇവർ വിവാഹിതരാവുകയായിരുന്നു. എന്നാൽ ഇത് നിയമപരമായി രജിസ്റ്റർ ചെയ്തിരുന്നില്ല.
#last #time #Induja #spoke #Ajas #phone #bride's #death #Husband #friend #arrested