May 10, 2024 02:20 PM

ന്യൂഡൽഹി: (truevisionnews.com) ഡൽഹി മ​ദ്യ​ന​യവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേ​സി​ൽ ഇ.ഡി അറസ്റ്റ് ചെയ്ത് തി​ഹാ​ർ ജ​യി​ലിലടച്ച ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കെ​ജ്രി​വാ​ളി​ന് സുപ്രീംകോടതി ജൂൺ ഒന്ന് വരെ ഇ​ട​ക്കാ​ല ജാ​മ്യം അനുവദിച്ചു.

ഹ​ര​ജി​യി​ൽ കെ​ജ്രി​വാ​ളി​ന്റെ​യും ഇ.​ഡി​യു​ടെ​യും വാ​ദം കേ​ട്ട ജ​സ്റ്റി​സു​മാ​രാ​യ സ​ഞ്ജീ​വ് ഖ​ന്ന, ദീ​പാ​ങ്ക​ർ ​ദ​ത്ത എ​ന്നി​വ​ര​ട​ങ്ങു​ന്ന ബെ​ഞ്ചാ​ണ് വി​ധി പ​റ​ഞ്ഞത്. ജാമ്യം നൽകരുതെന്ന ഇ.ഡിയുടെ ആവശ്യം കോടതി തള്ളി.

മുഖ്യമന്ത്രിയുടെ ഔദ്യോഗിക ചുമതലകൾ നിർവഹിക്കാൻ കെജ്രിവാളിന് അനുവാദമില്ല. ഫയലുകളിൽ ഒപ്പിടരുത്. എന്നാൽ, ജാമ്യകാലയളവിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുക്കുന്നതിന് തടസ്സമില്ല.

ഹരജിയിൽ ചൊവ്വാഴ്ച വാദം കേട്ട കോടതി വിധി പറയുന്നത് വെള്ളിയാഴ്ചത്തേക്ക് മാറ്റിയതായിരുന്നു. ജാ​മ്യം ന​ൽ​കു​മെ​ന്ന സൂ​ച​ന​ ബെഞ്ച് ചൊവ്വാഴ്ച തന്നെ നൽകിയിരുന്നു.

കെ​ജ്രി​വാ​ളി​നെ സ്ഥി​രം കു​റ്റ​വാ​ളി​യെ​ന്ന നി​ല​യി​ൽ പ​രി​ഗ​ണി​ക്കാ​നാ​വി​ല്ലെ​ന്നും തെ​ര​ഞ്ഞെ​ടു​പ്പ് കാ​ല​മാ​യ​തി​നാ​ൽ ഇ​ട​ക്കാ​ല ജാ​മ്യം ന​ൽ​കു​ന്നത് പരിഗണിക്കുമെന്നും കോടതി സൂ​ചി​പ്പി​ച്ചി​രു​ന്നു.

കെജ്രിവാള്‍ മുഖ്യമന്ത്രിയാണെന്നും സ്ഥിരം കുറ്റവാളിയല്ലെന്നും അദ്ദേഹത്തിനെതിരെയുള്ളത് ആരോപണം മാത്രമാണെന്നും അദ്ദേഹത്തിന് വേണ്ടി ഹാജരായ മനു അഭിഷേക് സിങ്വി ചൂണ്ടിക്കാട്ടിയിരുന്നു.

മുഖ്യമന്ത്രിയുടെ അഭാവത്തിൽ ഡൽഹിയിൽ പല ഫയലുകളും തീർപ്പാക്കാനാകാതെ കിടക്കുന്നുവെന്നും അഭിഷേക് സിങ്വി ചൂണ്ടിക്കാട്ടി. അതേസമയം, ജാമ്യ ഹരജിയെ ഇ.ഡിക്കു വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ എസ്. വി. രാജു ശക്തമായി എതിർക്കുകയാണ് ചെയ്തത്.

ഗുരുതര കേസിൽ അറസ്റ്റിലായ വ്യക്തിയാണ് കെജ്രിവാൾ. ജാമ്യം നൽകിയാൽ ദുരുപയോഗം ചെയ്യുകയും സമൂഹത്തിന് തെറ്റായ സന്ദേശം നൽകലുമാകും. ജയിലിലായിട്ടും കെജ്രിവാൾ മുഖ്യമന്ത്രിയായി തുടരുന്നത് വ്യക്തിപരമായ തീരുമാനമാണ്.

സഹതാപത്തിന്റെ പേരിൽ ജാമ്യം നൽകരുത്. പ്രത്യേക വകുപ്പുകൾ ഇല്ലാത്ത കെജ്രിവാൾ ജയിലിൽ കഴിയുന്നത് ഭരണ പ്രതിസന്ധിയുണ്ടാക്കില്ലെന്നും ഇ.ഡി കോടതിയിൽ വാദിച്ചു.

അതിനിടെ, അരവിന്ദ് കെജ്രിവാളിനെതിരായ കേസിൽ ആദ്യ കുറ്റപത്രം ഇ.ഡി ഇന്ന് സമർപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ. കേസിൽ കെജ്‌രിവാളിനെ പ്രതിയെന്ന് രേഖപ്പെടുത്തുന്നത് ഇതാദ്യമായിരിക്കും.

കെജ്രിവാളിന് ജാമ്യം ലഭിക്കുന്നത് തടയുക കൂടി ലക്ഷ്യമിട്ടാണ് ഇ.ഡി ഇന്ന് തന്നെ കുറ്റപത്രം സമർപ്പിക്കുന്നതെന്ന് ആരോപണമുണ്ടായിരുന്നു. കെജ്രിവാളിനെ പ്രധാന പ്രതിയാക്കിയാണ് കുറ്റപത്രം തയാറാക്കിയതെന്നാണ് റിപ്പോർട്ടുകൾ.

ഡൽഹി മദ്യനയക്കേസിൽ മാർച്ച് 21നാണ് കെജ്രിവാളിനെ ഇ.ഡി അറസ്റ്റ് ചെയ്തത്. ആദ്യം ഇ.ഡി കസ്റ്റഡിയിലായിരുന്ന അദ്ദേഹത്തെ വിചാരണ കോടതി പിന്നീട് ജുഡീഷ്യൽ കസ്റ്റഡിയിൽ വിടുകയായിരുന്നു.

#Interim #bail #ArvindKejriwal; #ED #defeated #SupremeCourt

Next TV

Top Stories