May 8, 2024 05:58 PM

തിരുവനന്തപുരം: (truevisionnews.com) മുഖ്യമന്ത്രി പിണറായി വിജയൻ എല്ലാ അനുമതിയും വാങ്ങിയാണ് കുടുംബസമേതം വിദേശത്തേക്ക് പോയതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പറഞ്ഞു.

അങ്ങനെ ഒരു ഇടവേള ആരാണ് ആഗ്രഹിക്കാത്തതെന്നും എംവി ഗോവിന്ദൻ ചോദിച്ചു. വിദേശകാര്യമന്ത്രിയുടെ വാദം വില കുറഞ്ഞതാണ്. ജനം ദുരിതം അനുഭവിച്ചപ്പോള്‍ ഒന്നും ചെയ്യാത്തവരാണ് യുഡിഎഫ്.

അവരാണിപ്പോൾ കുറ്റം പറയുന്നത്. കോൺഗ്രസിന് എന്നും കേരള വിരുദ്ധ നിലപാടായിരുന്നു. മുഖ്യമന്ത്രി എന്ന നിലയിൽ കേന്ദ്ര സർക്കാരിന്‍റെയും പാർട്ടി അംഗമെന്ന നിലയിൽ പാർട്ടിയുടേയും അനുമതി വാങ്ങിയാണ് വിദേശത്ത് പോയത്.

സ്വകാര്യ സന്ദർശനത്തിനാണ് പോയത്. യാത്ര പുതിയ കാര്യമാക്കി ചർച്ച ചെയ്യുന്നത് രാഷ്ട്രീയ വിരോധവും കമ്യൂണിസ്റ്റ് ഇടതുപക്ഷ വിരുദ്ധതയുമാണ്. പെരുമാറ്റചട്ടം നിലനിൽക്കെ നയപരമായ ഒരു കാര്യവും ചെയ്യാനില്ല.

തിരക്കിനിടയിൽ കിട്ടിയ അവസരം ഉപയോഗിക്കുന്നതിൽ എന്താണ് തെറ്റെന്നും എംവി ഗോവിന്ദൻ ചോദിച്ചു. വേട്ടയാടാൻ വേണ്ടി മാത്രം മുഖ്യമന്ത്രിയുടെ വിദേശ യാത്രയെ ഉപയോഗിക്കുകയാണ്.

യാത്ര സ്പോണ്‍സര്‍ ചെയ്തതാണോയെന്ന ചോദ്യം തന്നെ ശുദ്ധ അസംബന്ധമാണ്. സ്വന്തം പണം ഉപയോഗിച്ചാണ് മുഖ്യമന്ത്രിയുടെ യാത്രയെന്നും എംവി ഗോവിന്ദൻ പറഞ്ഞു.

ബിജെപിയിൽ പോകുമെന്ന് ഭീഷണിപ്പെടുത്തിയാണ് കെ സുധാകരൻ വീണ്ടും കെപിസിസി പ്രസിഡന്‍റായത്. അത് സ്ഥിരം ഭീഷണിയാണ്. കാലപ്രവാഹത്തിൽ മറ്റെല്ലാം ഒലിച്ച് പോയാലും സത്യം നിലനിൽക്കുമെന്നും എംവി ഗോവിന്ദൻ പറഞ്ഞു.

മാസപ്പടി കേസില്‍ മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരെ നടന്നത് വലിയ ആക്രമണമാണെന്നും എംവി ഗോവിന്ദൻ പറഞ്ഞു. മഹാത്മാഗാന്ധിയെ ഇടക്കിടെ ഉദ്ധരിക്കുന്ന ആളല്ലേ കുഴൽനാടൻ? മേൽകോടതിയെ സമീപിക്കുമെന്നാണ് ഇപ്പോൾ പറയുന്നത്.

ഒരു കാര്യവും ഇല്ല. ഉള്ളി പൊളിച്ച പോലെയാകും ഈ കേസ്. ആരോപണങ്ങളുടെ ചില്ല് കൊട്ടാരം പൂര്‍ണമായും തകർന്നടിഞ്ഞു. ആരോപണം തെറ്റാണെങ്കിൽ മാപ്പ് പറയാമെന്നാണ് കുഴൽനാടൻ പറഞ്ഞത്.

എന്നാല്‍, മാപ്പ് പറയുന്ന പ്രക്രിയയിലേക്ക് കുഴൽനാടൻ ഇനിയും എത്തിയിട്ടില്ല. മാപ്പ് പറഞ്ഞ് വിഷയങ്ങൾ അവസാനിപ്പിക്കണമെന്ന് പറയുന്ന പാർട്ടി അല്ല സിപിഎം. നികുതി അടച്ചതിന്‍റെ രസീത് കാണിച്ചാൽ മാപ്പ് പറയാമെന്ന് കുഴൽനാടൻ നേരത്തെ പറഞ്ഞിരുന്നു.

അത് കാണിച്ചിട്ടും അന്നു മാപ്പ് പറയാൻ കുടൽനാടൻ തയ്യാറായില്ല. സ്ഥിരം കേസ് നടത്തുന്ന കുഴൽനാടന്‍റെയും കുഴൽനാടൻ നടത്തിയ കേസിന്‍റെയും വല്ലാത്ത പതനമാണിതെന്നും എംവി ഗോവിന്ദൻ കൂട്ടിച്ചേര്‍ത്തു.

#Who #break? #question #whether #trip #sponsored #absurd - #MVGovindan

Next TV

Top Stories