May 6, 2024 02:08 PM

തിരുവനന്തപുരം: (truevisionnews.com) ലോഡ് ഷെഡ്ഡിങ് ഇല്ലെന്ന് വൈദ്യുതി മന്ത്രി പരസ്യമായി പറയുമ്പോഴും സംസ്ഥാന വ്യാപകമായി നടപ്പാക്കുന്ന അപ്രഖ്യാപിത വൈദ്യുതി നിയന്ത്രണം ജനങ്ങളെ കബളിപ്പിക്കലാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ.

പകലും രാത്രിയും അപ്രഖ്യാപിതമായി വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുന്നതിൽ നിന്നും കെ.എസ്.ഇ.ബി പിന്മാറണം.

അഴിമതി ലക്ഷ്യമിട്ട് സർക്കാരും വൈദ്യുതി വകുപ്പും നടപ്പാക്കിയ തലതിരിഞ്ഞ പരിഷ്‌ക്കാരങ്ങളും കെ.എസ്.ഇ.ബിയുടെ കെടുകാര്യസ്ഥതയുമാണ് സംസ്ഥാനത്തുണ്ടായിരിക്കുന്ന വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്നും അദ്ദേഹം പറഞ്ഞു.

ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്തെ ദീർഘകാല വൈദ്യുത കരാർ റദ്ദാക്കിയ നടപടിയാണ് സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയിൽ എത്തിച്ചത്.

465 മെഗാവാട്ട് വൈദ്യുതി വാങ്ങാൻ 25 വർഷത്തേക്ക് യൂണിറ്റിന് നാല് രൂപ 29 പൈസ നിരക്കിലാണ് കരാറുറപ്പിച്ചിരുന്നത്.

എന്നാൽ കോടികളുടെ അഴിമതി ലക്ഷ്യമിട്ടാണ് ഈ കരാർ റദ്ദാക്കിയത്. ഇതിന് പിന്നിൽ സർക്കാരിന്റെയും റെഗുലേറ്ററി കമ്മീഷന്റെയും ഗൂഢാലോചനയുണ്ട്.

നാല് രൂപ 29 പൈസക്ക് കിട്ടേണ്ട വൈദ്യുതി ഏഴ് മുതൽ 12 രൂപ വരെ നിരക്കിലാണ് ഇപ്പോൾ ഹ്രസ്വകാല കരാറിലൂടെ കെ.എസ്.ഇ.ബി വാങ്ങുന്നത്.

ഇതിലൂടെ ഒരു ദിവസം എട്ട് മുതൽ പത്ത് കോടി രൂപ വരെയാണ് കെ.എസ്.ഇ.ബി്ക്കുണ്ടാകുന്ന അധിക ബാധ്യത. കരാർ റദ്ദാക്കിയതിന് പിന്നിലെ തട്ടിപ്പ് പുറത്തായതോടെ കരാർ പുനസ്ഥാപിക്കാൻ സർക്കാർ തീരുമാനിച്ചെങ്കിലും എല്ലാ കമ്പനികളും അനുകൂലമായി പ്രതികരിച്ചിട്ടില്ല.

നിലവിലെ പ്രതിസന്ധി പരിഹരിക്കാൻ പുറത്തുനിന്ന് ഉയർന്ന നിരക്കിൽ വൈദ്യുതി വാങ്ങുന്നതിന്റെ ബാധ്യത നിരക്ക് വർധനവിയിലൂടെ ഉപയോക്താക്കളിൽ നിന്നും ഈടാക്കുമെന്നതാണ് വാസ്തവം.

ഈ സാഹചര്യത്തിൽ സർക്കാരിന്റെയും ബോർഡിന്റെയും അഴിമതിക്കും കെടുകാര്യസ്ഥതയ്ക്കും കേരളത്തെ ഒന്നാകെ ഇരുട്ടിലാക്കുന്നത് അംഗീകരിക്കാനാകില്ലെന്നും വി.ഡി സതീശൻ പറഞ്ഞു.

#KSEB #withdraw #unannounced #electricity #regulation - #VDSatheesan

Next TV

Top Stories