Apr 23, 2024 08:52 PM

സുല്‍ത്താന്‍ബത്തേരി: (truevisionnews.com) ഇന്ത്യാമുന്നണി അധികാരത്തിലെത്തുമെന്നും, പൗരത്വഭേദഗതി നിയമം ഉള്‍പ്പെടെയുള്ള നിയമങ്ങള്‍ റദ്ദാക്കുമെന്നും, എ ഐ സി സി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ.

രാഹുല്‍ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം സുല്‍ത്താന്‍ബത്തേരിയില്‍ നടന്ന പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്തിന്റെ ജനാധിപത്യത്തെ നശിപ്പിച്ചത് മോദിയാണ്. മതേതരത്വത്തെ, വിദ്യാഭ്യാസ സമ്പ്രദായത്തെ എല്ലാം നശിപ്പിച്ചുകൊണ്ടിരിക്കുകയാണ്. എന്നിട്ടും അദ്ദേഹം നല്ല ദിനങ്ങള്‍ വരുമെന്നാണ് പറയുന്നത്.


ലോകം മുഴുവന്‍ സഞ്ചരിക്കുന്ന മോദിക്ക് മണിപ്പൂരില്‍ വീടുകള്‍ കത്തിയെരിഞ്ഞപ്പോഴും, സഹോദരിമാര്‍ ബലാത്സംഗം ചെയ്യപ്പെട്ടപ്പോഴും അവിടെ പോകാനുള്ള ധൈര്യമുണ്ടായിരുന്നില്ല.

എന്നാല്‍ രാഹുല്‍ഗാന്ധി അവിടെപ്പോയി ആ ജനവിഭാഗങ്ങള്‍ക്കൊപ്പം നിന്നു. മോദിയും അമിത്ഷായും നുണയന്‍മാരാണെന്നും ഖാര്‍ഗെ പറഞ്ഞു. ഈ രാജ്യത്തിന്റെ ചരിത്രത്തിലില്ലാത്ത വിധത്തില്‍ തൊഴിലില്ലായ്മയും പണപ്പെരുപ്പവും വിലക്കയറ്റവുമാണുള്ളത്.

അപ്പോഴും നിങ്ങള്‍ക്കൊപ്പം, വികസനത്തിനൊപ്പം എന്നാണ് പറയുന്നത്. ഒരു വര്‍ഷം രണ്ട് കോടി തൊഴിലവസരം നല്‍കുമെന്ന ഗ്യാരണ്ടി എവിടെയാണ് നടപ്പിലായതെന്നും ഖാര്‍ഗെ ചോദിച്ചു. കര്‍ഷകന്റെ വരുമാനം ഇരട്ടിയാക്കുമെന്ന് പറഞ്ഞു.

എന്നാല്‍ ആ ഗ്യാരണ്ടിയും പാലിക്കപ്പെട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മോദി പറയുന്നത് കോണ്‍ഗ്രസ് പ്രകടനപത്രിക മുസ്‌ലിംലീഗിന്റെ പ്രകടനപത്രികയാണെന്നാണ്.


രാജ്യത്ത് ഒരു പ്രത്യേക വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് എല്ലാം നല്‍കുമെന്ന് പറഞ്ഞ് വര്‍ഗീയത പരത്താന്‍ ശ്രമിക്കുമ്പോള്‍ രാജ്യത്തെ എല്ലാവിഭാഗം ജനങ്ങളുടെയും ക്ഷേമം മുന്നില്‍ കണ്ടുള്ള പ്രകടനപത്രികയാണ് കോണ്‍ഗ്രസ് മുന്നോട്ടുവെക്കുന്നത്.

മോദി എല്ലാക്കാലത്തും കോണ്‍ഗ്രസിനെയും നെഹ്‌റു കുടുംബത്തെയും വിമര്‍ശിക്കുകയാണ്. മൂന്നര പതിറ്റാണ്ടിനിടയില്‍ ഒരു അധികാരസ്ഥാനത്തും ആ കുടുംബത്തിലെ ആരും വന്നിട്ടില്ല.

എന്നിട്ടും വിമര്‍ശിക്കുന്നത് രാഹുല്‍ഗാന്ധിയെ വിമര്‍ശിക്കുന്നത് ഭയന്നിട്ടാണ്. സോണിയഗാന്ധിയും പ്രിയങ്കാഗാന്ധിയെയും മോദിക്ക് ഭയമാണ്.

ജനാധിപത്യത്തില്‍, മതേതരത്വത്തില്‍, ഭരണഘടനയില്‍ വിശ്വസിക്കുന്ന ജനങ്ങളെയെല്ലാം മോദി പേടിക്കുന്നുവെന്നും ഖാര്‍ഗെ പറഞ്ഞു.

അമ്പത്തിനാലിഞ്ച് നെഞ്ചളവുണ്ടെന്നും, സ്വയം സിംഹമാണെന്ന് അവകാശപ്പെടുമ്പോഴും മോദി ശരിക്കൊരു ഭീരുവാണെന്നും ഖാര്‍ഗെ പരിഹസിച്ചു. മോദിയും അമിത്ഷായും വലിയ വാഷിംഗ് മെഷീന്‍ വാങ്ങിവെച്ചിരിക്കുകയാണ്.

അഴിമതിക്കാരായ നേതാക്കളെ അതിലിട്ട് വെളിപ്പിച്ചെടുക്കുന്ന പണിയാണ് ഇരുവരും ചെയ്തുകൊണ്ടിരിക്കുന്നതെന്നും ഖാര്‍ഗെ പറഞ്ഞു. രാജ്യത്തിന്റെ ആത്മാവിനെ നഷ്ടപ്പെടുന്ന പ്രതിസന്ധി ഘട്ടത്തിലാണ് നാം നില്‍ക്കുന്നത്.

തെരഞ്ഞെടുപ്പുകാലത്ത് കോണ്‍ഗ്രസിന്റെ അക്കൗണ്ടുകള്‍ മരവിച്ചു. എന്നാല്‍ ബി ജെ പി നിയമവിരുദ്ധമായ സംവിധാനങ്ങളിലൂടെ കോടികള്‍ ശേഖരിക്കുകയാണെന്നും ഖാര്‍ഗെ പറഞ്ഞു. ഡി സി സി പ്രസിഡന്റ് എന്‍ ഡി അപ്പച്ചന്‍ അധ്യക്ഷനായിരുന്നു.

കെ പി സി സി ആക്ടിംഗ് പ്രസിഡന്റ് എം എം ഹസ്സന്‍, എം എല്‍ എമാരായ അഡ്വ. ടി സിദ്ധിഖ്, എ പി അനില്‍കുമാര്‍, ഐ സി ബാലകൃഷ്ണന്‍, ജെ ബി മേത്തര്‍ എം പി, കെ എം ഷാജി, ഷമാ മുഹമ്മദ്, കെ എല്‍ പൗലോസ്,

സോയ ജോസഫ്, കെ കെ അഹമ്മദ്ഹാജി, പി വി മോഹന്‍, ടി മുഹമ്മദ്, പ്രവീണ്‍ തങ്കപ്പന്‍, ഹാരിസ് കണ്ടിയന്‍, സി പി വര്‍ഗീസ് തുടങ്ങിയവര്‍ സംസാരിച്ചു.

#India #Front #comes #power, #CitizenshipAmendmentAct #repealed - #MallikarjunKharge

Next TV

Top Stories