കാസര്‍കോട് കല്യോട്ട് കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസിന്‍റെ ധീര സ്മൃതിയാത്ര ആരംഭിച്ചു

Loading...

കാസര്‍കോട് കല്യോട്ട് കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിന്റെയും ശരത് ലാലിന്റെയും ചിതാഭസ്മവും വഹിച്ചു കൊണ്ടുള്ള യൂത്ത് കോണ്‍ഗ്രസിന്റ ധീര സ്മൃതിയാത്ര ആരംഭിച്ചു.

കൃപേഷിന്റെയും ശരത്ത് ലാലിന്റെയും ശവകുടീരത്തില്‍ നിന്നും യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ ചിതാഭസ്മം ഏറ്റുവാങ്ങി.കൃപേഷിന്റെയും ശരത്ത് ലാലിന്റെയും ബന്ധുക്കളില്‍ നിന്ന് യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യാ പ്രസിഡന്റ് കേശവ് ചന്ദ് യാദവും സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസും ചേര്‍ന്നാണ് ചിതാഭസ്മം ഏറ്റുവാങ്ങിയത്.

കേരളത്തില്‍ അക്രമത്തിന്റെയും കൊലപാതകത്തിന്റെയും പാതയില്‍ നീങ്ങുന്ന സിപിഎം പശ്ചിമ ബംഗാളും ത്രിപുരയും മറക്കരുതെന്ന് യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യാ പ്രസിഡന്റ് കേശവ് ചന്ദ് യാദവ് പറഞ്ഞു.

കല്യോട്ട് ചേര്‍ന്ന പൊതുയോഗത്തില്‍ കെ.പി.സി.സി വര്‍ക്കിങ് പ്രസിഡണ്ട് കെ സുധാകരന്‍, വി ടി ബല്‍റാം എം എല്‍ എ ഉള്‍പ്പടെയുള്ള നേതാക്കള്‍ പങ്കെടുത്തു. പെരിയയില്‍ നിന്നും ആരംഭിക്കുന്ന ധീരസ്മൃതിയാത്ര ഇന്ന് കാസര്‍ഗോഡ് ജില്ലയിലെ നീലേശ്വരത്തും കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂര്‍ തളിപ്പറമ്പ് കണ്ണൂര്‍ എടയന്നൂര്‍ എന്നിവിടങ്ങളില്‍ പര്യടനം നടത്തും.

യാത്ര മാര്‍ച്ച് അഞ്ചിന് തിരുവനന്തപുരത്ത് സമാപിക്കും.തിരുവനന്തപുരത്ത് പരശുരാമ ക്ഷേത്രത്തില്‍ ചിതാഭസ്മം നിമഞ്ജനം ചെയ്യും. അതേ സമയം ഇരട്ടക്കൊലപാതകത്തില്‍ ക്രൈം ബ്രാഞ്ച് അന്വേഷണം പുരോഗമിക്കുകയാണ്.

വിശദമായ തെളിവെടുപ്പിനും അന്വേഷണത്തിനും ശേഷം റിമാന്‍ഡിലുള്ള പ്രതികളുടെ കസ്റ്റഡിയപേക്ഷ ക്രൈംബ്രാഞ്ച് കോടതിയില്‍ സമര്‍പ്പിക്കും.കേസ് അന്വേഷണത്തിനെതിരെ പ്രതിപക്ഷം വിമര്‍ശനം ഉന്നയിച്ചതിനെ തുടര്‍ന്ന്  സര്‍ക്കാര്‍ കേസന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു. എന്നാല്‍ അന്വേഷണം സിബിഐ യ്ക്ക് വിടണമെന്ന ആവശ്യത്തില്‍ കോണ്‍ഗ്രസ് ഉറച്ചുനില്‍ക്കുകയാണ്‌.

 

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം