ഗുണ്ടാസംഘങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടല്‍; തൃശ്ശൂരില്‍ 24കാരന്‍ കുത്തേറ്റ് മരിച്ചു

Loading...

തൃശ്ശൂര്‍: ശക്തന്‍ ബസ് സ്റ്റാന്‍ഡിന് സമീപം ഗുണ്ടാസംഘങ്ങള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ യുവാവ് കുത്തേറ്റ് മരിച്ചു. പെരുമ്ബിള്ളിശ്ശേരി മിത്രാനന്ദപുരം ചിറയത്ത് ആലുക്കല്‍ ബാബുവിന്റെ മകന്‍ ബിനോയ് (ചാക്കപ്പന്‍-24) ആണ് കൊല്ലപ്പെട്ടത്. പ്ലംബിങ് തൊഴിലാളിയായ ഇയാള്‍ അനേകം ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്. സംഭവവുമായി ബന്ധപ്പെട്ട് ഒട്ടേറെ ക്രിമിനല്‍ കേസുകളില്‍ പ്രതിയായ വെളിയന്നൂര്‍ അന്തിക്കാടന്‍ വീട്ടില്‍ വിവേകിനെ (22) അറസ്റ്റ് ചെയ്തു.

ഞായറാഴ്ച അര്‍ധരാത്രിയാണ് സംഭവം. ബൈക്കില്‍ കൂട്ടുകാരനൊപ്പം ശക്തന്‍ സ്റ്റാന്‍ഡിന് സമീപമുള്ള ബാറിന് മുന്നിലെത്തിയ ബിനോയിയും അവിടെയുണ്ടായിരുന്ന വിവേകും ഏറ്റുമുട്ടുകയായിരുന്നു. ഇരുവരുടെയും സുഹൃത്തുക്കളും തമ്മില്‍ത്തല്ലി. അരിച്ചാക്ക് ലോഡ് ചെയ്യാനുപയോഗിക്കുന്ന ഹുക്ക് ഉപയോഗിച്ച്‌ വിവേക് ബിനോയിയുടെ കഴുത്തില്‍ ആഴത്തില്‍ കുത്തിവലിക്കുകയായിരുന്നു. സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ബിനോയിയെ പിന്നീട് എറണാകുളത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും തിങ്കളാഴ്ച ഉച്ചയോടെ മരിച്ചു.

പോലീസിന്റെ ഗുണ്ടാപ്പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള ഇരുവരും തമ്മില്‍ നേരത്തേ പ്രശ്‌നങ്ങളുണ്ടായിരുന്നു. ബിനോയ് വിവേകിനെ തുറിച്ചു നോക്കിയെന്നു പറഞ്ഞ് തുടങ്ങിയ അടിയാണ് കൊലപാതകത്തിലെത്തിയത്.

Loading...