പൗരത്വ ബില്ല് ഭയന്ന് മുപ്പത്തിയാറുകാരിയുടെ ആത്മഹത്യ…

Loading...

ഡല്‍ഹി : വര്‍ഷങ്ങള്‍ക്ക് മുമ്ബ് ബംഗ്ലാദേശില്‍ നിന്ന് ബംഗാളിലേക്ക് കുടിയേറിയ മുപ്പത്തിയാറുകാരി ആത്മഹത്യ ചെയ്‍തു. പൗരത്വം തെളിയിക്കുന്ന രേഖയെ ചൊല്ലിയുള്ള ആശങ്കയെ തുടര്‍ന്നാണ് ശിപ്ര ശിക്ദറെന്ന യുവതി ആത്മഹത്യ ചെയ്‍തിരിക്കുന്നതെന്നാണ് ബന്ധുക്കളും അയല്‍ക്കാരും ആരോപിക്കുന്നത്.

ഇന്ത്യന്‍ പൗരത്വത്തിനായുള്ള രേഖകള്‍ക്കായി എന്ത് ചെയ്യണമെന്ന പരിഭ്രാന്തിക്കും രണ്ട് ഉറക്കമില്ലാത്ത രാത്രികള്‍ക്കുമൊടുവിലാണ് ശിപ്ര ആത്മഹത്യ ചെയ്‍തിരിക്കുന്നതെന്നാണവര്‍ പറയുന്നത്. കിഴക്കന്‍ ബര്‍ദ്വാനിലെ ജോഗ്രാമിലുള്ള സ്വന്തം വീട്ടിലാണ് ശനിയാഴ്‍ച രാവിലെ ശിപ്രയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയിരിക്കുന്നത്.

ജോഗ്രാമില്‍ മാത്രം ബംഗാളില്‍ നിന്ന് കുടിയേറിപ്പാര്‍ത്ത രണ്ടായിരത്തോളം പേര്‍ താമസിക്കുന്നുണ്ട്. അതില്‍ ഭൂരിഭാഗവും ഹിന്ദുക്കളാണ്. 1970 -കളിലാണ് ഈ കുടിയേറ്റമാരംഭിക്കുന്നത്. ശേഷം ഇവിടെ കൂലിത്തൊഴിലാളികളായി നാടിന്‍റെ നട്ടെല്ലാവുകയായിരുന്നു ഇവര്‍.

ശനിയാഴ്‍ച 13 ലക്ഷത്തോളം ഹിന്ദുക്കള്‍ അസ്സമിലെ NRC -യില്‍ ഉള്‍പ്പെട്ടിട്ടില്ല എന്നറിഞ്ഞതോടെ തങ്ങളുടെ എല്ലാ പ്രതീക്ഷകളും അസ്‍തമിക്കുകയായിരുന്നുവെന്ന് ഗ്രാമവാസികള്‍ പറയുന്നു. ‘സുരക്ഷിതരാണ് എന്ന എല്ലാ പ്രതീക്ഷകളും ഞങ്ങളില്‍ അസ്‍തമിച്ചുകഴിഞ്ഞു. NRC നടപ്പിലാക്കുംമുമ്ബ് പൗരത്വം ലഭിക്കുമെന്നാണ് ഞങ്ങള്‍ കരുതിയിരുന്നത്’ എന്നും ഒരു ഗ്രാമവാസി പറഞ്ഞു.

ബംഗ്ലാദേശിലെ ബരിശാലുകാരിയായിരുന്ന ശിപ്ര തന്‍റെ മകന്‍ കമലിന്‍റെ ജനനത്തിന് തൊട്ടുപിന്നാലെ 1990 -ലാണ് ഭര്‍ത്താവിനൊപ്പം ബംഗാളിലേക്ക് കുടിയേറുന്നത്. സാധാരണ കുടിയേറ്റക്കാര്‍ ചെയ്യുന്നതുപോലെ എത്തിയ ഉടന്‍ സഹോദനായിരുന്ന ബിപുല്‍ ശിക്ദറിന്‍റെ വീട്ടിലാണ് താമസിച്ചിരുന്നതെന്ന് അയല്‍ക്കാര്‍ പറയുന്നു. 1978 -ലാണ് ബിപുല്‍ ബരിശാലില്‍ നിന്ന് ഇങ്ങോട്ടേക്ക് കുടിയേറിയത്.

‘ശിപ്ര എപ്പോഴും തന്‍റെ മകന്‍റെ കാര്യത്തില്‍ ശ്രദ്ധാലുവായിരുന്നു. എന്നാല്‍, ചില രേഖകളൊന്നും അവളുടെ അടുത്തില്ലായിരുന്നു. അവളെപ്പോഴും മകന്‍റെ ഭാവി സുരക്ഷിതമാക്കണം എന്ന ചിന്തയിലായിരുന്നു. അതുകൊണ്ട് തന്നെ രേഖകളില്ലാത്തത് അവളെ ആശങ്കയിലാക്കി. ശനിയാഴ്‍ച രാവിലെ സീലിങ്ങില്‍ തൂങ്ങിയ നിലയില്‍ അവളെ കണ്ടെത്തുകയായിരുന്നു.’ ബിപുല്‍ പറയുന്നു.

‘ശിപ്രയുടെ മകന്‍ ജനിച്ചത് ബംഗ്ലാദേശിലാണ്. അതിന്‍റെ രേഖകളൊന്നും തന്നെ ഉണ്ടായിരുന്നില്ല. കഴിഞ്ഞ രണ്ട് ദിവസമായി ഏതെങ്കിലും ഉദ്യോഗസ്ഥര്‍ സഹായിക്കുമെന്ന പ്രതീക്ഷയില്‍ ഓഫീസുകളായ ഓഫീസുകളൊക്കെ കയറിയിറങ്ങുകയായിരുന്നു അവള്‍. രണ്ട് രാത്രികളായി ആ രേഖകളെ കുറിച്ച്‌ അവള്‍ ആവര്‍ത്തിച്ച്‌ ആശങ്കപ്പെടുന്നു’ എന്നും ബിപുല്‍ കൂട്ടിച്ചേര്‍ക്കുന്നു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം