പൊന്നും പണവും വേണ്ട, മഹറായി അജ്ന ആവശ്യപ്പെട്ടത് 100 പുസ്തകങ്ങള്‍; വൈറലായി ചടയംഗലത്തെ കല്യാണം

Loading...
ചടയമംഗലം: ‘പൊന്നും പണവും ഒന്നും വേണ്ട, മഹറായി നൂറ് പുസതകങ്ങള്‍ മതി’ വിവാഹം ഉറപ്പിച്ചപ്പോള്‍ അജ്ന പ്രതിശ്രുത വരന്‍ ഇജാസിന് മുന്നില്‍ വെച്ച ഏക ആഗ്രഹം ഇതായിരുന്നു. ആ ആഗ്രഹം ഇജാസ് സാധിച്ചു കൊടുത്തപ്പോള്‍ പൊന്നിനും പണത്തിനും പകരം അതിനേക്കാള്‍ വിലപ്പെട്ട നൂറ് പുസ്തകങ്ങളാണ് അജ്നയ്ക്ക് മഹറായി ലഭിച്ചത്. ഖുറാനും ബൈബിളും ഗീതയും ഉള്‍പ്പടേയുള്ള ഗ്രന്ഥങ്ങളും ഇജാസ് നല്‍കിയവയില്‍ ഉണ്ട്. മലയാളികള്‍ക്ക് അത്ര കണ്ട് പരിചിതമല്ലാത്ത ഈ വിവാഹ രീതി നിമിഷ നേരം കൊണ്ട് സോഷ്യല്‍ മീഡിയയില്‍ വന്‍ ഹിറ്റായി മാറുകയും ചെയ്തു.

അജ്നയുടേയും ഇജാസിന്‍റെയും മാതൃകാപരമായ തീരുമാനത്തെ അഭിനന്ദിച്ചു കൊണ്ട് നിരവധി പേരാണ് ഇതിനോടകം തന്നെ രംഗത്ത് എത്തിയിട്ടുള്ളത്. ചടയമംഗലം പോരൊടം വെള്ളച്ചാലില്‍ സ്വദേശിയാണ് വരന്‍ ഇജാസ് ഹക്കീം. ചടയമംഗലത്ത് തന്നെയാണ് അജ്നയുടേയും വീട്. ഡിസംബര്‍ 29 നായിരുന്നു വിവാഹമെങ്കിലും വിവാഹ ചിത്രങ്ങങ്ങള്‍ കഴിഞ്ഞ ദിവസം ഇജാസ് സോഷ്യല്‍ മീഡിയയിലൂടെ പുറത്തു വിട്ടതോടെയാണ് മഹര്‍ ദാനം ചര്‍ച്ചയാവുന്നത്.

എന്താണ് മഹര്‍

മുസ്ലിം ആചാരപ്രകാരം വിവാഹത്തിന് വേണ്ടി വരന്‍ വധുവിന് നല്‍കുന്ന സമ്മാനമാണ് മഹര്‍. സ്ത്രീകള്‍ക്കുള്ള അവകാശമാണ് മഹര്‍. പുരുഷന്‍ സ്ത്രീക്ക് അവളുടെ മാന്യതക്കും നിലവാരത്തിനും യോജിച്ച രീതിയിലുള്ള വിവാഹമൂല്യം നല്‍കുന്നു എന്നാണ് ഇതിലൂടെ അര്‍ത്ഥമാക്കുന്നത്. മഹര്‍ നല്‍കാതെയുള്ള വിവാഹങ്ങള്‍ മതനിയമ പ്രകാരം സാധ്യമാവുകയില്ല. സ്വര്‍ണാഭരണങ്ങളാണ് പൊതുവായി മഹറായി നല്‍കി വരാറുള്ളത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം