ചെറുതുരുത്തിയില്‍ സ്ത്രീ വെട്ടേറ്റുമരിച്ച സംഭവം ; ഭര്‍ത്താവിനെതിരെ കേസ്

Loading...

ചെറുതുരുത്തി : ചെറുതുരുത്തിയില്‍ സ്ത്രീ വെട്ടേറ്റുമരിച്ച സംഭവത്തില്‍ ഭര്‍ത്താവിനെ പ്രധാന പ്രതിയാക്കി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. സംഭവത്തിന് ശേഷം ഭര്‍ത്താവ് മണ്ണാര്‍ക്കാട്, കുളക്കാട്‌, വെങ്കാരക്കുഴിയില്‍ മോഹനനും ഒപ്പം കാറില്‍ വന്നവരും ഒളിവിലാണെന്ന് പോലീസ് പറഞ്ഞു.

ചെറുതുരുത്തി കാട്ടില്‍മന റോഡിന് സമീപം മണ്ണേക്കാട്ട് വീട്ടില്‍ പരേതനായ ശിവശങ്കരന്റെ മകള്‍ എം.എസ്. ചിത്രയെ (48)യാണ് ബുധനാഴ്ച രാത്രി പത്തുമണിക്ക് നാലംഗസംഘം വീട്ടില്‍ക്കയറി വെട്ടിപ്പരുക്കേല്‍പ്പിച്ചത് . ചിത്ര പാലക്കാട് മുട്ടിക്കുളങ്ങര ചില്‍ഡ്രന്‍സ് ഹോമിന്റെ സൂപ്രണ്ടാണ്.

അക്രമം നടക്കുന്ന സമയത്ത്‌ ചിത്രയും അമ്മ ലക്ഷ്മിക്കുട്ടിഅമ്മയും അമ്മായി ദേവകിയും മാത്രമേ വീട്ടില്‍ ഉണ്ടായിരുന്നുള്ളു . സംഘം കാര്‍ വീടിനു മുന്നില്‍ തിരിച്ചിട്ടശേഷം കോളിങ് ബെല്‍ അടിച്ചു. വാതില്‍ തുറന്നപ്പോള്‍ മകനുമായി ബന്ധപ്പെട്ട പേപ്പറുകള്‍ ശരിയാക്കാന്‍ വന്നതാണെന്നാണ് മോഹനന്‍ പറഞ്ഞു.

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ  ക്ലിക്ക് ചെയ്യുക

തുടര്‍ന്ന്‌ ഇയാള്‍ മാരകായുധം ഉപയോഗിച്ച്‌ യുവതിയുടെ കഴുത്തിലും നെഞ്ചിലും വെട്ടുകയായിരുന്നു . തടയാന്‍ ചെന്ന ദേവകിയുടെ കൈക്കും വെട്ടേറ്റു . വെട്ടേറ്റ്‌ ഓടിയ ചിത്ര വീടിനു സമീപം പുറത്ത്‌ വീണുകിടക്കുന്ന നിലയിലായിരുന്നു.

ബഹളം കേട്ട്‌ ആളുകള്‍ ഓടിയെത്തിയപ്പോഴേക്കും അക്രമിസംഘം സ്ഥലത്തു നിന്നും കടന്നുകളഞ്ഞു. അടുത്ത വീട്ടില്‍ താമസിക്കുന്ന സഹോദരന്‍ ബാബുരാജും നാട്ടുകാരും ചേര്‍ന്ന്‌ ചിത്രയെ ആദ്യം ചെറുതുരുത്തിയിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല.

ഭര്‍ത്താവുള്‍പ്പെടെയുള്ള പ്രതികളെക്കുറിച്ച്‌ പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട് . മോഹനന്‍ സ്‌കൂള്‍ അധ്യാപകനായിരുന്നു. തുടര്‍ന്ന്‌ സര്‍വീസില്‍നിന്ന്‌ സ്വയം വിരമിച്ചു. കുടുംബപ്രശ്നങ്ങളെത്തുടര്‍ന്ന്‌ ഇരുവരും പിരിഞ്ഞുതാമസിക്കുകയായിരുന്നു. ഒറ്റപ്പാലം കുടുംബകോടതിയില്‍ കേസ് നടക്കുന്നതിനിടെയാണ് കൊലപാതകം നടന്നത് . മോഹനന്റെ ഒപ്പം വന്നവര്‍ക്ക് കൃത്യത്തില്‍ പങ്കുണ്ടോയെന്ന്‌ സ്ഥിരീകരിച്ചശേഷം തുടര്‍നടപടികളെടുക്കുമെന്ന് എ.സി.പി. വി.പി. സിനോജ് പറഞ്ഞു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം