തിരുവനന്തപുരം : തിരുവനന്തപുരം കാട്ടായിക്കോണത്ത് ഇന്നലെ നടന്ന സംഘർഷവുമായി ബന്ധപ്പെട്ട് പരാതി നൽകുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ.
കാട്ടായിക്കോണത്ത് പൊലീസ് കാണിച്ചത് അന്യായമാണ്. ഇക്കാര്യം ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകുമെന്നും മന്ത്രി അറിയിച്ചു.
ഇന്നലത്തെ സംഭവം ഒരു തരത്തിലും ന്യായീകരിക്കാൻ സാധിക്കുന്നതല്ല. പ്രദേശത്ത് രാവിലെ ചെറിയ രീതിൽ പ്രശ്നമുണ്ടായിരുന്നു. അത് വലിയ പ്രശ്നമാണെന്ന് വരുത്തി തീർക്കാനുള്ള ശ്രമം നടന്നു.
വൈകിട്ടോടെ പോത്തൻകോട് സബ് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ എത്തിയ പൊലീസ് സംഘം പ്രവർത്തകരെ അകാരണമായി തല്ലിച്ചതയ്ക്കുകയായിരുന്നുവെന്ന് കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.
തിരുവനന്തപുരം ജില്ലയിലെ പതിനാല് സീറ്റുകളിലും പ്രതീക്ഷയുണ്ട്. ഇടതുപക്ഷത്തിന് അനുകൂലമായ തരംഗം തലസ്ഥാന നഗരത്തിൽ ഉണ്ടായിട്ടുണ്ട്.
പ്രതീക്ഷിക്കാത്ത തരത്തിലുള്ള വോട്ടിംഗ് പാറ്റേൺ കാണാൻ സാധിച്ചു. കണക്കുകൾക്ക് അപ്പുറമുള്ള വിജയമായിരിക്കും ഉണ്ടാകുകയെന്നും കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.
ബിജെപിക്ക് ജില്ലയിൽ ഒരു സീറ്റ് പോലും ലഭിക്കില്ല. അവർക്ക് ആകെ പ്രതീക്ഷിക്കാനുള്ളത് നേമമാണ്. അവിടെ ശിവൻകുട്ടി വിജയിക്കുമെന്നും കടകംപള്ളി സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
News from our Regional Network
English summary: Kadakampally Surendran says he will file a complaint to the Election Commission