എസ് എഫ് ഐക്ക് തെറ്റിയത് എവിടെയാണ് ?

എം കെ രിജിന്‍

Loading...

എം കെ രിജിന്‍

ഇത് ഞങ്ങളുടെ എസ് എഫ് ഐ അല്ല വിദ്യാര്‍ത്ഥികള്‍ തെരുവില്‍ വിളിച്ച് പറയുകയാണ് .. വിദ്യാര്‍ത്ഥികളാണ് എവിടെയും വിപ്ലവങ്ങള്‍ക്കും പ്രതി വിപ്ലവങ്ങള്‍ക്കും തിരികൊളുത്തിയത്.

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലുണ്ടായ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് കുത്തക മാധ്യമങ്ങളും വലത് പക്ഷകക്ഷികളും എസ് എഫ് ഐ യെ വളഞ്ഞിട്ട് ആക്രമിച്ചേക്കാം. ക്യാമ്പസുകളില്‍ രാഷ്ട്രീയം വേണ്ടെന്ന് പറയുന്നവരുടെ വാദങ്ങള്‍ക്ക് കരുത്ത് പകര്‍ന്നേക്കാം. ഇത്തരമൊരു സാഹചര്യത്തില്‍

ഇന്ത്യന്‍ വിപ്ലവ വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന് എവിടെയാണ് വഴി തെറ്റിയതെന്ന് ഗൗരവമായി പരിശോധിക്കേണ്ടതാണ്  .

എഐഎസ്എഫിലെ വലതു പക്ഷവാദികളോട് ഏറ്റു മുട്ടി എസ് എഫ് ഐ പിറന്ന വീണ തിരുവനന്തപുരത്ത് തന്നെ സംഘടനക്കെതിരെ ഗുരുതരമായ തെറ്റുകള്‍ സംഭവിച്ചതെന്നത് അപചയത്തിന്റെ ഗൗരവം ഏറെ വര്‍ദ്ധിപ്പിക്കുകയാണ്.

എസ് എഫ് ഐ തന്നെയാണ് കേരളത്തിലെ പ്രബല വിദ്യാര്‍ത്ഥി സംഘടന. ഇടത് പക്ഷത്തിന് കാര്യമായ വേരോട്ടമില്ലാത്ത ഹിന്ദി ഹൃദയഭൂമിയിലെ ക്യാമ്പസുകളിലും എസ് എഫ് ഐക്ക് വിദ്യാര്‍ത്ഥി പിന്തുണയുണ്ട്.

ടിയാന്‍ മെന്‍ സ്‌ക്വയറിലെ ചോര തുള്ളികള്‍  നേതാക്കള്‍ മറക്കാതിരിക്കിട്ട ….

അനന്യന്റെ ശബ്ദം സംഗീതം പോലെ ശ്രവിക്കുന്ന ലോകത്തിനായിരിക്കിട്ടെ ഒരോ ഇടതുപക്ഷക്കാരന്റെയും ലക്ഷ്യം.

ഫാസിസ്റ്റുകളുടെ കൈയില്‍ നിന്നും കേരളത്തെ രക്ഷിക്കാന്‍ ഇടത് പക്ഷം ഹൃദയ പക്ഷമാകേണ്ട കേരളത്തിലാണ് വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന്  അപചയം കൈവന്നിരിക്കുന്നത്.

കേരളം … കമ്മ്യൂണിസ്റ്റ്ുകാരന്റെ ജനാധിപത്യ മാര്‍ഗം ലോകത്തെ പരിചയപ്പെടുത്തിയ നാട്

ജനാധിപത്യത്തിന് ഏറെ വളക്കൂറുള്ള മണ്ണില്‍ വാക്കിനെ വാള്‍ കൊണ്ട് നേരിടുന്ന പ്രത്യയ ശാസ്ത്രത്തിന്റെ വിത്ത് പാകിയത് ആരാണ് ?

സര്‍ഗാത്മകത നിറയേണ്ട ക്യാമ്പസുകളെ ആയുധപ്പുരകളാണ് മാറ്റിയത് ആരാണ് ?

ഇത് ഞങ്ങളുടെ എസ് എഫ് ഐ അല്ല വിദ്യാര്‍ത്ഥികള്‍ പറയുമ്പോള്‍ എസ്എഫ്്‌ഐ പറയുമ്പോള്‍
എന്താണ് എസ് എഫ് ഐ പരിശോധിക്കേണ്ടതുണ്ട് …. 70 കളില്‍ പിറന്ന എസ് എഫ് ഐ നേടിയ രാഷട്രീയ വളര്‍ച്ച അസൂയാവഹമായിരുന്നു.

എഐഎസ്എഫിലെ ആശയ ഭിന്നതകളോട് ഏറ്റുമുട്ടി 1970 ല്‍ തിരുവനന്തപുരത്ത് നടന്ന സമ്മേളനത്തിലാണ് എസ്എഫ്ഐ രൂപീകരണം.

സ്വാതന്ത്ര്യം , ജനാധിപത്യം, സോഷ്യലിസം എന്ന എസ്എഫ്ഐ മുദ്രാവാക്യങ്ങള്‍ ക്യാമ്പസുകള്‍ ഏറ്റെടുത്തു. ഫിദലും ചെഗുവേരയും കലാലയ വിദ്യാര്‍ത്ഥി സ്്വപനങ്ങള്‍ക്ക് കരുത്തേകി. ത്രസിപ്പിന്റെ കലാലയങ്ങള്‍ ദിനങ്ങള്‍ കടന്ന് പോയി. അടിയന്താരവസ്ഥയുടെ കറുത്ത നാളുകളിലും വിപ്ലവ വിദ്യാര്‍ത്ഥി പ്രസ്ഥാനം കരുത്തോടെ പോരാടി.

രക്തസാക്ഷി സ്്മരണകള്‍ ശുഭ്രപതാകയിലെ രക്ത നക്ഷത്രങ്ങള്‍ക്ക് തിളക്കമേകി. ബാലനും കൊച്ചിനയനും തോമസും കെ വി സുധീഷും സെയ്താലിയും വിദ്യാര്‍ത്ഥി ഹൃദയങ്ങളില്‍ തേങ്ങലായി മാറി. ഗുരു നിന്ദക്ക് മുതിരുന്ന അഭിനവ സഖാകള്‍ക്ക് 70 കളിലെ ത്യാഗ പൂര്‍ണ്ണമായ കാലഘട്ടത്തെ ഓര്‍ക്കാതെ പോവരുത്. രക്തസാക്ഷി സ്്മരണയില്‍ കോളേജ് അധ്യാപികമാര്‍ പോലും തേങ്ങിക്കരയുകയായിരുന്നു. കമ്മ്യൂണിസ്റ്റ് വിരുദ്ധ കുടുംബ പശ്ചാതലത്തില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ പോലും ക്യാമ്പസില്‍ എസ് എഫ് ഐ കൊടിയേന്തി .

പഠനം ഉപേക്ഷിച്ച് ഗ്രാമങ്ങളിലേക്ക് പോവുക എന്ന മുദ്രവാക്യവുമായി ത്രീവ ഇടതുപക്ഷം ക്യാമ്പസുകളില്‍ ആഞ്ഞു വീശിയ കൊടുങ്കാറ്റിലും എസ്്എഫ് ഐ പിടിച്ച് നിന്നും എം എസ് ഫിലിപ്പ് ഉള്‍പ്പടെയുള്ളവര്‍ നക്‌സിലിസത്തിന്റെ കൂടാരങ്ങളില്‍ വഴി മാറിയപ്പോഴും എസ് എഫ് ഐ പോരാട്ടത്തിന്റെ പുതുവഴികളില്‍ തേടി.

വാക്കിനെ വാളുകള്‍ കൊണ്ട്് നേരിടാന്‍ വന്നവര്‍ ക്യാമ്പസുകളില്‍ നിന്ന് അപ്രത്യക്ഷമായി …

80 കളില്‍ പെണ്‍കുട്ടികള്‍ പോലും പവാട കെഎസ് യുവിനെ ക്യാമ്പസുകളില്‍ നിന്ന് പുറത്താക്കി. എ കെ ആന്റണിക്കും വയലാര്‍ രവിക്കും വി എം സുധീരനും മുല്ലപ്പള്ളിക്കും ശേഷം ക്യാമ്പസുകളില്‍ ഖദറുടുപ്പകാരെ ആര്‍ക്കു വേണ്ടാതായി.

കെ എസ് യു അക്രമത്തില്‍ പാതി തളര്‍ന്ന ശരീരവും തളരാത്ത മനസ്സുമായി സൈമണ്‍ ബ്രിട്ടോവിനെ പോലെ നോതക്കള്‍ വിപ്ലവ വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന് കരുത്തേകി.

അനീതിക്കും അക്രമത്തിനുമെതിരെ നെഞ്ചു കൊടുത്തു സമരമുറയായിരുന്നു എസ് എഫ് ഐ നേതൃത്വം നല്‍കിയത്. പ്രതിസന്ധികളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് വഴിക്കാട്ടിയായി. മുഷിഞ്ഞ വസ്ത്രങ്ങളും ചീകിയൊതുകാത്ത തലമുടിയും കത്തുന്ന കണ്ണുകളുമായി എസ്് എഫ് ഐ നേതാക്കള്‍ വിദ്യാര്‍ത്ഥി ഹൃദയങ്ങളില്‍ താരമായി ….

90 കളിലെ അവാസാനത്തോടെ കേരളത്തിലെ ക്യാമ്പസുകള്‍ എസ്്എഫ്് ഐയുടെ സമ്പൂര്‍ണ്ണ ആധിപത്യത്തിലേക്ക് വരികയായിരുന്നു. അന്ന് അരാഷ്ട്രീയതയായിരുന്നു എസ് എഫ് ഐയുടെ എതിരാളികള്‍ …. പല കാമ്പസുകളിലും പ്രതിപക്ഷമില്ലാത്ത അവസ്ഥയിലേക്ക് നീങ്ങി .

സിപിഐ(എം) ആഭിമുഖ്യമുള്ള സംഘടന ആയിരിക്കുമ്പോഴും വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിന്റെ അസ്ഥിത്വം എസ്എഫ്‌ഐ നേതൃത്വം പുലര്‍ത്തിയിരുന്നു. എസ് എഫ് ഐ അതിന്റെ ഭരണഘടനാ പരമായി സ്വതന്ത്ര്യ വിദ്യാര്‍ത്ഥി സംഘടനായാണ് . വിദ്യാര്‍ത്ഥികളുടെ അവകാശ സംരക്ഷണത്തിനായി തൊഴിലാളി വര്‍ഗ പാര്‍ട്ടിയുമായി യോജിച്ച് പ്രവര്‍ത്തിക്കുന്നു എന്ന രീതിയിലാണ് സംഘടനാ സംവിധാനം. എസ് എഫ് ഐയെ ഭരണ വിലാസം സംഘടനയായി മാറ്റുവാനായി വിവിധ കാലഘട്ടങ്ങളില്‍ സിപിഎം നേതൃത്വം ശ്രമിച്ചു.

വിദ്യാര്‍ത്ഥി രാഷ്ട്രീയത്തെ പാര്‍ലിമെന്ററി രാഷ്ട്രീയത്തിന്റെ തൊഴുത്തായി ചിലര്‍ മാറ്റി. സമരങ്ങള്‍ താല്‍ക്കാലിക രാഷ്ട്രീയ നേട്ടത്തിനുള്ള കെട്ടുകാഴ്ചകളായി മാറ്റി. എതിര്‍ ശബ്ദങ്ങളെ വിമതരെന്നും ഒറ്റുകാരെന്നും പറഞ്ഞ് വേട്ടയാടി. പെട്ടി ചുമക്കലുകാര്‍ അവസരവാദ അധികാര രാഷ്ട്രീയത്തിലേക്ക് കൂപ്പ് കുത്തി. തിരുത്തല്‍ ശക്തികളായി പ്രവര്‍ത്തിക്കേണ്ടവരെ പാര്‍ലിമെന്ററി വ്യാമോഹത്തില്‍ കുടുക്കി. സിപിഎമ്മിലെ കൊടിയ വിഭാഗീയ കാലത്ത് വി എസ് പക്ഷം എന്ന് മുദ്രകുത്തി ധിഷാണശേഷിയുള്ള വലിയൊരു വിദ്യാര്‍ത്ഥി യുവജന വിഭാഗത്തെ പടിയടച്ച് പിണ്ഡം വെച്ചു. ആയിരങ്ങളുടെ ചോരയിലും കണ്ണീരിലും ഉയര്‍ന്ന്് വന്ന വിദ്യാര്‍ത്ഥി പ്രസ്ഥാനത്തെ 51 വെട്ടിന്റെ മാനേജര്‍മ്മാര്‍ ഹൈക്ക് ചെയ്തു.

അഭിമന്യു ഉള്‍പ്പെടെ 33 ഓളം പ്രവര്‍ത്തകര്‍ കേരളത്തില്‍ മാത്രം എസ് എഫ്‌ഐക്ക് നഷ്ടപ്പെട്ടിട്ടുണ്ട്്. ദേശീയതലത്തില്‍ 277 പേരും ഞങ്ങള്‍ ഇതു വരെ ആരെയും കൊന്നിട്ടില്ലെന്നാണ് എസ് എഫ്് ഐ വാദം. എന്നാല്‍ എല്ലാ എസ് എഫ് ഐക്കാരും വിശുദ്ധരാണെന്ന മേലങ്കിയൊന്നും നല്‍കാനാവില്ല. ജനാധിപത്യ വിരുദ്ധ പ്രവണതകള്‍ എസ്എഫ്‌ഐക്ക് സ്വാധീനമുള്ള ക്യാമ്പസുകളില്‍ ഉണ്ടായിട്ടുണ്ട്.

സ്വാതന്ത്ര്യവും ജനാധിപത്യവുമൊക്കെ എസ്എഫ്‌ഐക്ക്  മൃഗീയ
ഭൂരിപക്ഷ ചിലയിടങ്ങളിലെങ്കിലും ലംഘിക്കപ്പെട്ടു. ഇത്തരം പ്രവണതകള്‍ ശക്തിപ്പെട്ടതോടെയാണ് യൂണിവേഴ്‌സിറ്റി കോളേജില്‍ വന്‍ പൊട്ടിത്തെറിക്ക് ഇടയാക്കിയത്.

യൂണിവേഴ്‌സിറ്റി കോളേജിലെ എസ് എഫ് ഐ യൂണിറ്റ് നേതൃത്വത്തിനെതിരെ പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്. അപ്പോഴെക്കെ എസ് എഫ് ഐ സംസ്ഥാന – ദേശീയ നേതൃത്വം വേണ്ടത്ര ഗൗരവത്തോടെ പ്രശ്‌നങ്ങളെ സമീപിച്ചില്ല. എസ് എഫ് ഐ യൂണിറ്റ് നേതൃത്വത്തിനെതിരെ എസ് എഫ് ഐക്കാര്‍ തന്നെ രംഗത്ത് വന്നതോടെ കളി മാറി. വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന് മാത്രമല്ല മുഖ്യധാരാ ഇടത് പക്ഷവും അടിയന്തിരമായ തിരുത്തലുകള്‍ക്ക് തയ്യാറാകണം . അത് കാലത്തിന്റെ അനിവാര്യമായി ആവശ്യം കൂടിയാണ്.  വാര്‍ത്തകളുടെ മലവെള്ളപ്പാച്ചലില്‍   സത്യവും അസത്യവും വേര്‍തിരിക്കാന്‍ കഴിയാത്ത മാധ്യമ സാഹചര്യവും കേരളത്തിലുണ്ടെന്നത് പറയാതെ വയ്യ.

എസ് എഫ് ഐയുമായി  ബന്ധപ്പെട്ട് ഉയര്‍ന്ന് വന്ന ആരോപണങ്ങളെല്ലാം ഗൗരവമായി പരിശോധിക്കേണ്ടതാണ്. പി എസ് സി പരീക്ഷ മാത്രമല്ല. ഐഎഎസ് പരീക്ഷ വരെ വിജയിക്കാന്‍ ധൈഷണിക ശേഷിയുള്ള വിദ്യാര്‍ത്ഥികള്‍ ഇടത് ചേരിയിലുണ്ടെന്ന് യഥാര്‍ത്ഥ്യമാണ്. ആരോപണങ്ങള്‍ സുതാര്യമായി പരിശോധിക്കട്ടെ . സത്യത്തിന്റെ അഗ്നിശുദ്ധിയോടെ വിപ്ലവ വിദ്യാര്‍ത്ഥി പ്രസ്ഥാനം അണിയാത്ത തീ ജ്വാലയായി മാറാട്ടെ ….

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം