അശ്ലീല വാട്സാപ്പ് ഗ്രൂപ്പിൽ അനുമതിയില്ലാതെ യുവതിയെ ചേർത്തു; അഡ്മിൻ അറസ്റ്റിൽ!

 

 

അശ്ലീല ചിത്രങ്ങളും വിഡിയോകളും പങ്കുവയ്ക്കാറുള്ള വാട്സാപ് ഗ്രൂപ്പിൽ യുവതിയെ അവരുടെ അനുമതിയില്ലാതെ ചേർത്ത സംഭവത്തിൽ വാട്സാപ് ഗ്രൂപ്പ് അഡ്മിനെ പൊലീസ് അറസ്റ്റ് ചെയ്തു. മുംബൈയിൽ ഫർണിച്ചർ ജോലി ചെയ്യുന്ന ബംഗാൾ സ്വദേശി മുഷ്താഖ് അലി ഷെയ്ഖിനെയാണ് (24) ഐടി നിയമപ്രകാരം മാട്ടുംഗ പൊലീസ് അറസ്റ്റ് ചെയ്തതത്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കപ്പെടാതിരിക്കാൻ മറ്റുള്ളവർക്കുള്ള മുന്നറിയിപ്പു കൂടിയായാണ് ശക്തമായ നടപടിയെന്നു പൊലീസ് അറിയിച്ചു.

സെപ്റ്റംബറിലാണ് പരാതിക്കാരിയായ യുവതിയെ ‘അശ്ലീല ഗ്രൂപ്പിൽ’ ചേർത്തത്. കൂട്ടുകാർ തന്നെ പറ്റിക്കാൻ വേണ്ടി ചെയ്തതാണെന്നാണ് ആദ്യം കരുതിയതെന്നും എന്നാൽ, പിന്നീട് യാഥാർഥ്യം മനസ്സിലായപ്പോഴാണ് പരാതി നൽകിയതെന്നും യുവതി വ്യക്തമാക്കി.പരാതി ലഭിച്ചയുടൻ പൊലീസ് സംഘം ബംഗാളിലേക്ക് തിരിക്കാനിരിക്കെയാണ് പ്രതി മുംബൈയിൽ തന്നെയുണ്ടെന്നു മനസ്സിലാക്കിയതെന്നും കസ്റ്റഡിയിലെടുത്തതെന്നും പൊലീസ് പറഞ്ഞു.

12 അംഗങ്ങളാണ് വാട്സാപ് ഗ്രൂപ്പിലുണ്ടായിരുന്നത്. തന്റെ ബന്ധുവിന്റെ നമ്പർ ആണെന്നു കരുതിയാണ് ഗ്രൂപ്പിൽ ചേർത്തതെന്നും ആരെയും ഏതെങ്കിലും വിധത്തിൽ ഉപദ്രവിക്കണമെന്ന് ആഗ്രഹിച്ചിട്ടില്ലെന്നും ഷെയ്ഖ് പൊലീസിനോടു പറഞ്ഞു. യുവതിയോട് മാപ്പ് അപേക്ഷിക്കുന്നതായും കൂട്ടിച്ചേർത്തു. ഇയാളുടെ ഫോൺ പിടിച്ചെടുത്ത പൊലീസ് ഫൊറൻസിക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.കുറ്റം തെളിഞ്ഞാൽ അഞ്ചു വർഷം വരെ തടവു ലഭിച്ചേക്കാം.

Loading...