Categories
Talks and Topics

ഉള്ളിലൊരു ജീവൻ വീണ്ടും തുടിച്ചു തുടങ്ങിയെന്ന് കൂട്ടുകാരി പറഞ്ഞപ്പോൾ വെറുതേ കൊതിച്ചിരുന്നു ഒരു പെൺകുഞ്ഞായിരുന്നുവെങ്കിലെന്ന്

ഉള്ളിലൊരു ജീവൻ വീണ്ടും തുടിച്ചു തുടങ്ങിയെന്ന് കൂട്ടുകാരി പറഞ്ഞപ്പോൾ വെറുതേ കൊതിച്ചിരുന്നു ഒരു പെൺകുഞ്ഞായിരുന്നുവെങ്കിലെന്ന്. ജനിതക പ്രേരണകളും നാം നിയതിയെന്ന് വിളിക്കുന്ന അനിശ്ചിതത്വവും അങ്ങനെയായിരുന്നില്ല തീരുമാനിച്ചത്. നാലുമാസങ്ങൾക്ക് മുൻപൊരു ആൺകുഞ്ഞിനെത്തന്നെ വീണ്ടും കയ്യിലും നെഞ്ചിലുമേറ്റുവാങ്ങി. അതിലൊരു നിരാശയുമില്ല. നിരാശയിലേക്കു വീഴാവുന്നൊരാശയുടെ മരമാവാതെ കാത്തിരിപ്പിൻ്റെ നാളുകളിൽ ഞങ്ങൾ പരസ്പരം ആ കൗതുകത്തിൻ്റെ തളിരു നുള്ളിക്കൊണ്ടിരുന്നു.

കുടുംബത്തിലെ , കൂട്ടുകാരുടെ പെൺകുട്ടികൾ. പഠിപ്പിക്കുന്ന ക്ലാസ്മുറികളിലെ പെൺകുട്ടിക്കൂട്ടങ്ങൾ. നിങ്ങളവരെ ശ്രദ്ധിച്ചിട്ടുണ്ടോ ? കൗതുകങ്ങളുടെ , പ്രസന്നതയുടെ കൊച്ചരുവികളാണോരോ പെൺകുട്ടികളും. ആത്മവിശ്വാസവും ധൈര്യവും കിട്ടുമ്പോൾ പൊട്ടിച്ചിരിയുടെ അലകളുയരുന്ന കാട്ടുചോലകളാവുന്ന സൗമ്യ പ്രവാഹങ്ങൾ. അവരിങ്ങനെ ചുറ്റുമൊഴുകുമ്പോൾ പിന്നെ എന്തിന് നിരാശപ്പെടണം?
പെൺകുട്ടികളെ ഗർഭം ധരിച്ച അമ്മമാരേ, അവരെ കയ്യേറ്റുവാങ്ങിയ അച്ഛൻമാരേ , നിങ്ങൾക്ക് എൻ്റെ ഹൃദയാഭിവാദ്യങ്ങൾ.

” നമ്മുടെ തുല്യ ഭാവിക്ക് എൻ്റെ ശബ്ദം.
(My Voice, Our Equal Future) ” എന്നതാണീ വർഷത്തെ പെൺകുട്ടി ദിവസത്തിൻ്റെ മുദ്രാവാചകം. ഈ ശബ്ദമുയർത്താനുള്ള സാമൂഹ്യ ബാദ്ധ്യത നമുക്കോരുരുത്തർക്കുമുണ്ട്.

ചില കണക്കുകൾ നമ്മുടെ മുന്നിലുണ്ട്. ലോകത്തെ മൂന്നു സ്ത്രീകളിൽ ഒരാളെങ്കിലും ശാരീരികമോ ലൈംഗികമോ ആയ ആക്രമണങ്ങൾക്കിരയാവുന്നുണ്ട്. 2021 ആവുമ്പോഴേക്കും 435 മില്യൺ സ്ത്രീകളും പെൺകുട്ടികളും നിത്യനിദാനങ്ങൾക്ക് ഒരു ഡോളർ ചെലവഴിക്കാൻ ശേഷിയില്ലാത്തവരായിത്തീരും. അതിൽ 47 മില്യൺ സ്ത്രീകളെ തീർത്തും ദാരിദ്ര്യത്തിലേക്ക് തള്ളിവിടും കോവിഡ് എന്ന മഹാമാരി. 60% ലോകരാജ്യങ്ങളിലും പെൺകുട്ടികളുടെ സ്വത്ത് സമ്പാദനത്തിനനുകൂലമായ നിയമസുരക്ഷയില്ല.

ആഗോള ലൈംഗികാനന്ദ വിപണിയുടെ അധോലോകങ്ങളിലേക്ക് ദിനം പ്രതിയെന്നോണം അഞ്ചു വയസ്സു മുതലുള്ള ലക്ഷക്കണക്കായ പെൺകുട്ടികൾ ഇറക്കുമതി ചെയ്യപ്പെടുന്നുണ്ട്. പ്രായപൂർത്തിയാവരുടെ കണക്കുകൾ വേറെ.

ഇന്ത്യയിലേക്ക് വരുമ്പോൾ നാലിൽ ഒന്ന് എന്ന കണക്കിൽ പെൺകുട്ടികൾക്ക് വിദ്യാഭ്യാസ അവകാശങ്ങളും സാങ്കേതിക ജ്ഞാനാർജ്ജനത്തിനുമുള്ള അവകാശങ്ങൾ ലിംഗം, ജാതി, സാമ്പത്തിക സ്ഥിതി തുടങ്ങിയ പല കാരണങ്ങളാൽ നിഷേധിക്കപ്പെടുന്നു. പത്തിലൊന്ന് ആൺകുട്ടികൾക്കും. 25 % പെൺകുട്ടികൾ ബാലികാ വിവാഹത്തിന് ഇരകളാക്കപ്പെടുന്നു. 28% സ്ത്രീകൾക്ക് ഗാർഹിക പീഡനങ്ങളുണ്ടാകുന്നു.

ഒട്ടും ആശാവഹമല്ലാത്ത കണക്കുകളും ശതമാനങ്ങളും പെരുകുമ്പോൾ നാമോർക്കേണ്ട കാര്യം ഇതൊക്കെ റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളുടെ അടിസ്ഥാനത്തിലാണ്. 99% കേസുകളും റിപ്പോർട്ട് ചെയ്യപ്പെടുന്നേയില്ല. താൻ അനുഭവിക്കുന്നത് ഒരു അതിക്രമമാണെന്നല്ല, സ്വാഭാവിക ജീവിതമാണെന്ന തോന്നലിൽ കഴിയുകയാണ് ഭൂരിഭാഗം പെൺകുട്ടികളും. ആണധികാര മതബോധവും പൊതുബോധവും ചേർന്ന് മെരുക്കിയെടുക്കുകയാണ്.

അതിക്രമങ്ങളും വിവേചനങ്ങളും അദൃശ്യമാക്കുന്ന വ്യവസ്ഥയ്ക്കെതിരായ ശബ്ദമുയർത്തലാണ് പ്രധാനം. വിദ്യാഭ്യാസമാണ് അതിലേക്കുള്ള ഏറ്റവും പ്രധാന വഴിയും. വിദ്യാഭ്യാസമുള്ള പെൺകുട്ടിയോടുള്ള ഭയമാണ് മലാല യൂസഫിന് നേരെ വെടിയുതിർത്തത്. ഹഥ്‌റാസിലെ മനീഷാ വാൽമീകിയുടെ നാവറുത്തത്. വിദ്യാഭ്യാസം ലഭിച്ചതുകൊണ്ടാണ് തങ്ങൾ പിന്നിട്ട ഇരുണ്ട കാലങ്ങളെക്കുറിച്ച് ശബ്ദമുയർത്താൻ നിങ്ങളുടെ വായനാമുറിയിലെ പെൺപുസ്തകങ്ങൾക്ക് സാധിച്ചത്.

അഭിശപ്തമായ കണക്കുകൾ മേലെ ഉദ്ധരിച്ചത് അത് കാണിച്ച് നമ്മുടെ പെൺകുട്ടികളെ ഭയപ്പെടുത്താനല്ല. അവരുടെ കണ്ണുകെട്ടാനോ ചിറകരിയാനോ അല്ല. എൻ്റെ വീട്ടിലടക്കം മുതിരുന്ന നമ്മുടെ ആൺകുട്ടികൾക്ക് വേണ്ടിയാണ്.

പ്രിയപ്പെട്ടവരേ ,
നമുക്ക് നമ്മുടെ ആൺകുഞ്ഞുങ്ങളെ പഠിപ്പിക്കാം. അവരെപ്പോലെ ചിന്തയും വികാരങ്ങളും അഭിലാഷങ്ങളും അഭിമാനബോധവുമുള്ളവരാണ് പെൺകുട്ടികളുമെന്ന്. അവരുടെ ഉടുപ്പിനും നടപ്പിനുമല്ല, ആ ആഗ്രഹലോകങ്ങൾക്കാണ് കാവലും കൂട്ടുമാവേണ്ടതെന്ന്.
അധികാരവും കരുത്തുമല്ല, സ്നേഹവും സത്യവുമാണ് അവരാഗ്രഹിക്കുന്നതെന്ന്. കണ്ണുകളിലൂടെ അവരുടെ ഹൃദയത്തിലേക്കൊരു വഴിയുണ്ടെന്ന്.

നേരാം , അല്പം കൂടി വെളിച്ചമുള്ളാരു ലോക സൃഷ്ടിക്കായ്..
ലോക ബാലികാദിനാശംസകൾ

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
No items found
Next Tv

RELATED NEWS

English summary: Happy World Girls Day

NEWS ROUND UP