ദ്യാനൂർഹ് നാഗിതി! ഭാര്യയുടെ പേര് വൈറല്‍; രക്ഷയില്ലാതെ വിബീഷും വിളിക്കാന്‍ തുടങ്ങി എടി മോളേ…

Loading...

 

കോഴിക്കോട്‌: ദ്യാനൂർഹ് നാഗിതി! ഭാര്യയുടെ പേര് സോഷ്യല്‍ മീഡിയയില്‍ വൈറലായി . ഒടുവില്‍ രക്ഷയില്ലാതെ വിബീഷും വിളിക്കാന്‍ തുടങ്ങി എ ഡി …മോളേ…..

ദ്യാനൂർഹ് നാഗിതി! വിവാഹ ക്ഷണ പത്രികയിലെ വധുവിന്റെ പേര് കണ്ടവർ ഒരു നിമിഷം അമ്പരന്നു. പിന്നെ കണ്ണു തിരുമ്മി ഒരിക്കൽ കൂടി വായിച്ചെടുത്തു, ദ്യാനൂർഹ്‍നാഗിതി! പേര് അതു തന്നെ ഒരു മാറ്റവുമില്ല.

സോഷ്യൽ മീഡിയ ഇപ്പോൾ ഒരു കല്യാണക്കുറിമാനത്തിനു പിന്നാലെയാണ്. പാലാ തുമ്പേരി താഴത്ത് വേലായുധന്റെയും ബാലാമണിയുടെയും മകൻ വിബീഷിന്റെയും കോഴിക്കോട് ഇരിങ്ങല്ലൂർ മമ്മിളിതടത്തിൽ മീത്തലിൽ ഹരിദാസിന്റെയും മകൾ ദ്യാനൂർഹ്‍നാഗിതിയും തമ്മിലുള്ള വിവാഹത്തിന്റെ റിസപ്ഷനുള്ള ക്ഷണക്കത്തിലാണ് കാഴ്ച്ചക്കാർ കൗതുകം കണ്ടെത്തിയത്.

കെട്ടിട നിര്‍മ്മാണ തൊഴിലാളിയായ വിബീഷിന്റേയും ദ്യാനൂര്‍ഹ് നാഗിതിയുടെയും വിവാഹം മാര്‍ച്ച് 31നാണ് കഴിഞ്ഞത്. വിവാഹം കഴിഞ്ഞ് മാസം ഒന്നു കഴിഞ്ഞെങ്കിലും ‘പെണ്ണിന്റെ പേര് ശരിയായി വായിച്ചാൽ കല്യാണത്തിൽ പങ്കെടുക്കാം’ എന്ന പേരിൽ കത്ത് പ്രചരിക്കുകയാണ്.

ഇവിടെ ഹീറോ ചെക്കന്‍ വിബീഷല്ല, പേരിലെ വ്യത്യസ്ത കൊണ്ട് ഏവരുടെയും ശ്രദ്ധാകേന്ദ്രമായ വധു ദ്യാനൂർഹ്‍നാഗിതിയാണ് താരം. വിവാഹ ക്ഷണക്കത്ത് ഒരു കുടുംബ വാട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കു വച്ചതോടെയാണ് ആ വെറൈറ്റി പേരുകാരിയെ നാടറിഞ്ഞു തുടങ്ങിയത്.

ദ്യാനൂർഹ്‍നാഗിതിയെന്ന പേര് ഒന്നു കൊണ്ടു മാത്രം ഗ്രൂപ്പുകളിൽ നിന്നും ഗ്രൂപ്പുകളിലേക്ക് ആ കല്യാണക്കുറിമാനം പാറിപ്പറന്നു നടക്കുന്നു. കാരണം സോഷ്യൽ മീഡിയയിലെ ചെത്ത് പിള്ളേർ ഈ പേര് കേട്ടിട്ടില്ല അത്ര തന്നെ.

വിവാഹക്ഷണക്കത്ത് പാറിപ്പറന്നു തുടങ്ങിയതു മുതൽ ദ്യാനൂർഹ്‍നാഗിതിയുടെയും വിബീഷിന്റെയും ഫോൺ നിർത്താതെ ചിലക്കുകയാണ്. പലർക്കും അറിയേണ്ടത് ഒന്നു മാത്രം, എവിടുന്ന് വന്നു ഈ പേര്? എന്താണ് ഈ പേരിന്റെ അർത്ഥം? ദ്യാനൂർഹ്‍നാഗിതി മറുപടി പറയുകയാണ്, ട്രൂവിഷന്‍ ന്യൂസിനോട്.

‘ഒരു പേരിലെന്തിരിക്കുന്നു എന്ന് ചോദിച്ചത് വില്യം ഷേക്സ്പിയറാണ്, പേരിനെക്കുറിച്ച് ചോദിക്കുന്നവരോടും എനിക്ക് അത്ര തന്നെ പറയാനുള്ളൂ. ഇത് എന്റെ അച്ഛൻ എനിക്കിട്ട പേരാണ്. കവിതകളെയും കഥകളെയും സ്നേഹിക്കുന്ന എഴുത്തുകാരൻ കൂടിയായ അച്ഛൻ ഹരിദാസ് ഇങ്ങനെയൊരു പേരിട്ടതിൽ എനിക്ക് അത്ഭുതവുമില്ല. വ്യത്യസ്തമായ പേര് ഇടണമെന്ന അച്ഛന്റെ ചിന്ത തന്നെയാണ് എന്റെ പേരിനു പിന്നിൽ.

പേരിന്റെ അർത്ഥം ചികഞ്ഞോ ഇതെവിടുന്ന് കിട്ടിയെന്നോ ആരാഞ്ഞ് ഞാൻ ഇന്നു വരെ അച്ഛനെ ബുദ്ധിമുട്ടിച്ചിട്ടുമില്ല. എന്റെ അച്ഛൻ എനിക്കിട്ട പേര് എനിക്ക് ഇഷ്ടമാണ്, അത്ര തന്നെ’– പേരു വന്ന വഴി ദ്യാനൂർഹ്‍നാഗിതി വിശദീകരിക്കുന്നു. പിന്നെ ഒരു സംശയം കൂടി തീർത്തുതരും ദ്യാനൂ, എനിക്ക് സഹോദരങ്ങളില്ല. ഒറ്റ മകളാണ്.

‘പലർക്കും സംശയം എന്നെ എന്ത് വിളിക്കുമെന്നാണ്, പിന്നെ എങ്ങനെ ഈ പേര് പറഞ്ഞ് ഒപ്പിക്കുമെന്നും, രണ്ടിന്റെയും ഉത്തരം സിമ്പിളാണ് എന്നെ ഇഷ്ടമുള്ളവർക്ക് എന്റെ പേര് വിളിക്കാൻ ഒരു ബുദ്ധിമുട്ടുമില്ല. പിന്നെ വിളിക്കാൻ ബുദ്ധിമുട്ടുള്ളവർ എന്റെ പേരിന്റെ പിന്നാലെ പോയി ബുദ്ധിമുട്ടേണ്ട എന്നാണ് എനിക്ക് പറയാനുള്ളത്. പിന്നെ സുഹൃത്തുക്കളും സഹപാഠികളും എന്നെ ധ്യാനു എന്നാണ് വിളിക്കുന്നത്. അത് അവരുടെ ഇഷ്ടം.

പിന്നെ എന്റെ പേരിന്റെ പേരിൽ എന്തായാലും ഭാവി വരൻ വിബീഷിനും ഒരു പരാതിയുമില്ല, പുള്ളിക്കാരനും ഹാപ്പി. വിവാഹ ക്ഷണക്കത്ത് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നതിൽ പരിഭവവുമില്ല. കാരണം എന്റെ പേരാണിത്. അതു ഞാൻ ഇഷ്ടപ്പെടുന്നു.’– ദ്യാനൂർഹ്‍നാഗിതി പേരിൽ ദോഷം കാണുന്നില്ല.

എന്തായാലും പേരിന്റെ പേരിലുള്ള സോഷ്യൽ മീഡിയ ചർച്ചയ്ക്കു പിന്നലെ പോകാനൊന്നും വിബിഷിനും ദ്യാനൂർഹ്നാഗിതിക്കും നേരമില്ല. ഇരുവരും അവരവരുടേതായ തിരക്കുകളിലാണ്.

 

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം